പാലാ: ദേശീയതയും ദേശസ്നേഹവും ഒരു വികാരമായി വളർത്തണമെന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പ്രൊഫ. പി.ജെ. കുര്യൻ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ മഹത്വം മനസിലാക്കാൻ ഇന്നത്തെ തലമുറയ്ക്ക് കഴിയണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ദേശീയപതാക ബോധവൽക്കരണ പരിപാടിയുടെ ഭാഗമായുള്ള 'മിഷൻഫ്ളാഗ്' പദ്ധതിയുടെ ഉദ്ഘാടനം പാലായിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു പി.ജെ. കുര്യൻ.

ദേശീയപതാകയും ദേശീയഗാനവും ഭാരതത്തിന്റെ ആത്മാഭിമാനത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയതയെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കണമെന്നും പി.ജെ. കുര്യൻ നിർദ്ദേശിച്ചു.

ദേശീയോദ്‌ഗ്രഥന സന്ദേശ പ്രചരണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന 'ഫ്ളാഗ് അമ്പാസിഡർ' സർട്ടിഫിക്കറ്റിന്റെ വിതരണോത്ഘാടനവും ഫൗണ്ടേഷൻ പുറത്തിറക്കിയ 'പ്രൗഡ് ടു ബി ആൻ ഇന്ത്യൻ' മാഗസിന്റെ പ്രകാശന കർമ്മവും പ്രൊഫ. പി.ജെ. കുര്യൻ നിർവ്വഹിച്ചു.

ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. അഡ്വ. ടോമി കല്ലാനി, ഫൗണ്ടേഷൻ ഭാരവാഹികളായ ആർ. അജിരാജകുമാർ, ജോസ് പാറേക്കാട്ട്, ഉഴവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, സാംജി പഴേപറമ്പിൽ, ചാവറ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥി ദിയാ ആൻ ജോസ് എന്നിവർ പ്രസംഗിച്ചു.