രാജ്യസഭാ ഉപാദ്ധ്യക്ഷനായ കോൺഗ്രസ് നേതാവ് പി.ജെ കുര്യൻ ലക്ഷ്യമിടുന്നത് ഉപരാഷ്ട്രപതി പദവിയോ? ബിജെപിയുടെ നയങ്ങളോട് കുര്യൻ പുലർത്തുന്ന അടുപ്പമാണ് ഇത്തരമൊരു ആരോപണത്തിന്റെ കാതൽ. അത് ശരിവെച്ചുകൊണ്ട് രാജസ്ഥാനിലെ സ്‌കൂളിൽ പരിപാടിക്കെത്തിയ കുര്യൻ, യോഗ നിർബന്ധമാക്കുന്നതിനെ അനുകൂലിച്ച് പ്രസംഗിക്കുകയും ചെയ്തു.

പ്രജാപീഠ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ 80-ാം വാർഷികാഘോഷ ചടങ്ങിൽ പങ്കെടുക്കവെയാണ് രാജ്യമെമ്പാടും സ്‌കൂളുകളിൽ യോഗ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് കുര്യൻ ആവശ്യപ്പെട്ടത്. 2012-ൽ എംപി.എന്ന നിലയിൽ ഇതേ ആവശ്യം ഉന്നയിച്ച് താൻ രാജ്യസഭയിൽ നോട്ടീസ് നൽകിയ കാര്യവും അദ്ദേഹം ഓർമിച്ചു.

പിന്നീട് രാജ്യസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിനാൽ തനിക്ക് അതുമായി മുന്നോട്ടുപോകാനായില്ല. എങ്കിലും യോഗ നിർബന്ധിത പാഠ്യവിഷയമാക്കണമെന്ന മുൻനിലപാടിൽ യാതൊരു മാറ്റവുമില്ല. കുട്ടികളുടെ വ്യക്തിത്വ വികസനത്തിൽ യോഗയ്ക്ക് ഏറെ പ്രയോജനം ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു. യോഗയ്ക്ക് പ്രധാന്യം കൽപിക്കുന്ന ബ്രഹ്മകുമാരീസിനെ കുര്യൻ അഭിനന്ദിക്കുകയും ചെയ്തു.

അനുദിനം സമ്മർദമേറിവരുന്ന ജീവിതത്തിൽ യോഗയ്ക്ക് ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടൈന്ന് കുര്യൻ പറഞ്ഞു. രാജ്യത്തിന്റെ യഥാർഥ വികസനം അളക്കേണ്ടത് ജിഡിപിയുടെ അടിസ്ഥാനത്തിലല്ല. അതിന് അളവുകോലാക്കേണ്ടത് ജിഡിഎച്ച് (ഗ്രോസ് ഡൊമസ്റ്റിക് ഹാപ്പിനസ്) ആവണം. യോഗയിൽനിന്നും ധ്യാനത്തിൽനിന്നും ജിഡിഎച്ച് വർധിപ്പിക്കാനുള്ള ശേഷി ജനങ്ങൾക്ക് നേടാനാവുമെന്നു അദ്ദേഹം പറഞ്ഞു.

കുര്യന്റെ പ്രസംഗം ബ്രഹ്മകുമാരീസ് സമ്മേളനത്തിന് യോജിച്ച തരത്തിലായിരുന്നുവെങ്കിലും, അതിന് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. രാജ്യസഭാ ഉപാധ്യക്ഷനെന്ന നിലയ്ക്ക് എതിരാളികളുടെ പോലും സ്വീകാര്യത പിടിച്ചുപറ്റാൻ അദ്ദേഹത്തിനായിട്ടുണ്ട്. ഹമീദ് അൻസാരിക്ക് പകരം ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കേണ്ടിവരുമ്പോൾ, അതിലേക്ക് നിർദേശിക്കപ്പെടുന്ന പേരുകളിലൊന്ന് കുര്യന്റേതാണ്. അതിന് ബിജെപിയുടെ പിന്തുണ ഉറപ്പാക്കലാണ് ഈ ചുവടുമാറ്റത്തിന് പിന്നിലെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.