- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസിനെ തകർക്കുന്നത് പാർട്ടിയിലെ ഗ്രൂപ്പിസം; ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിൽ നിന്നും അകന്നുപോയി; സ്ഥാനാർത്ഥികൾ അതി ദാരിദ്രത്തിലായിരുന്നിട്ടും നേതൃത്വം സാമ്പത്തിക സഹായം നൽകിയില്ല; സ്ഥാനാർത്ഥികൾക്ക് പോസ്റ്ററടിക്കാൻ പോലും കാശുണ്ടായിരുന്നില്ല; കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ വെടിപൊട്ടിച്ചു പിജെ കുര്യൻ
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്നടിച്ചു മുതിർന്ന നേതാവ് പി ജെ കുര്യൻ. കോൺഗ്രസിനെ തകർക്കുന്നത് പാർട്ടിയിലെ ഗ്രൂപ്പിസമാണെന്ന് കുര്യൻ ആരോപിച്ചു. താഴെത്തട്ടിൽ കമ്മറ്റികളിൽ ഇല്ല. അതിന് കാരണം ബ്ലോക്ക് തലത്തിലടക്കമുള്ള ഗ്രൂപ്പ് വഴിയുള്ള നിയമനമാണ്. ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിൽനിന്നും അകന്നുപോയി. സ്ഥാനാർത്ഥികൾ അതി ദാരിദ്രത്തിലായിരുന്നിട്ടും നേതൃത്വം സാമ്പത്തിക സഹായം നൽകിയില്ലെന്നും പിജെ കുര്യൻ കുറ്റപ്പെടുത്തി. പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നും അദ്ദേഹം.
'യുഡിഎഫിൽനിന്നും ന്യൂനപക്ഷ വോട്ടുകൾ പല കാരണങ്ങളാൽ അകന്നുപോയി. ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന്റെ ശക്തിയായിരുന്നു. അത് കൂടുതൽ നേടാൻ ഇപ്പോൾ എൽഡിഎഫിന് കഴിയും. അത് എന്താണെന്ന് കണ്ടുപിടിക്കേണ്ടത് യുഡിഎഫ്, കോൺഗ്രസ് നേതൃത്വങ്ങളുടെ കടമയാണ്. കോൺഗ്രസ് ഒരു കേഡർ പാർട്ടിയല്ലെങ്കിലും താഴെത്തട്ടിൽ ശക്തമായ കമ്മറ്റികൾ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ താഴെത്തട്ടിൽ ശരിയായ കമ്മറ്റികൾ ഇല്ല. ഇല്ലാത്തതിന്റെ കാരണം ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള നാമനിർദ്ദേശങ്ങളാണ്. ബ്ലോക്ക് പ്രസിഡന്റും മണ്ഡലം പ്രസിഡന്റുമാണ് വാർഡ് കമ്മറ്റികളുണ്ടാക്കാൻ നേതൃത്വം നൽകേണ്ടത്. അവരെല്ലാം ഗ്രൂപ്പ് അടിസ്ഥാനത്തിൽ വന്നവരാണ്. അതുകൊണ്ട് അവർക്ക് പ്രവർത്തിച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന തോന്നലുണ്ട്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള നോമിനേഷൻ സംഘടനയെ ബാധിച്ചിട്ടുണ്ട്', പിജെ കുര്യൻ പറഞ്ഞു.
'സ്ഥാനാർത്ഥിത്വത്തിന് പ്രവർത്തനത്തേക്കാൾ കൂടുതൽ ഗ്രൂപ്പ് പരിഗണനയാണ് നൽകുന്നത്. പത്തനംതിട്ട ജില്ലയിലുൾപ്പടെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ചിരുന്നെങ്കിൽ ജില്ലാ പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും മെച്ചപ്പെട്ട സ്ഥിതി വരുമായിരുന്നു. സംഘടനയിലെ അമിതമായ ഗ്രൂപ്പിസം പാർട്ടിക്ക് ഗുണം ചെയ്യുന്നില്ല. ദോഷമാണുണ്ടാക്കുന്നത്' അദ്ദേഹം ചൂണ്ടിക്കാട്ടി.
'കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾക്ക് ഭൂരിഭാഗത്തിനും അതിഭീകരമായ സാമ്പത്തിക ദാരിദ്ര്യമുണ്ട്. ഒരു സ്ഥാനാർത്ഥിക്കും പാർട്ടി സാമ്പത്തിക സഹായം നൽകിയതായി എന്റെ അറിവിലില്ല. അതേസമയം, സ്ഥാനാർത്ഥിത്വത്തിന്റെ ഫീസായി പാർട്ടി പണം ഈടാക്കുകയും ചെയ്തു. നോട്ടീസടിക്കാനോ വീടുകളിവൽ കൊടുക്കേണ്ട അഭ്യർത്ഥനയടിക്കാനോ കാശില്ലാതെ ബുദ്ധിമുട്ടിയ സ്ഥാനാർത്ഥികളുണ്ട്. അത് പാർട്ടി നേതൃത്വത്തിന് പറ്റിയ വീഴ്ചയാണ്', പിജെ കുര്യൻ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ കോൺഗ്രസിൽ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ഫലം വന്നതിന് പിന്നാലെ ടിഎൻ പ്രതാപൻ എംപിയും കെ മുരളീധരൻ എംപിയും കോൺഗ്രസിന് വലിയ ശസ്ത്രക്രിയ വേണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. പാർട്ടിയിലെ ഗ്രൂപ്പ് പോരുകളാണ് നേതാക്കളെല്ലാ്ം ചൂണ്ടിക്കാണിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ