- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒരു സീറ്റും കൊടുക്കരുത്; സീറ്റ് കൊടുത്ത് അദ്ദേഹത്തെ ഒതുക്കരുത്; അദ്ദേഹത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി ആക്കി പാർട്ടിയെ കള്ളന്മാരിൽ നിന്നും രക്ഷിക്കു! ഞങ്ങൾ പിടിച്ചിരിക്കുന്ന ഈ ചെങ്കൊടിക്കുള്ളിൽ അങ്ങയുടെ രക്തവും അങ്ങയുടെ ഒരുകയ്യിൻ ജീവനുമുണ്ട്; ഉയരുന്നത് പത്തുകൊല്ലം മുമ്പ് വിഎസിന് സീറ്റ് നിഷേധിച്ചതിനേക്കാൾ വലിയ പ്രതിഷേധം; ജയരാജന് വേണ്ടി കണ്ണൂർ സിപിഎമ്മിൽ അങ്കക്കലി
കണ്ണൂർ; സിപിഎമ്മിൽ ചെന്താരകം ഒറ്റയ്ക്കല്ല. പി.ജയരാജന് സിപിഎം സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് എം. ധീരജ് കുമാർ രാജിവെച്ചു. കണ്ണൂരിൽ ഏറ്റവും ജനകീയനായ നേതാവിനെ ഒതുക്കുന്ന സിപിഎം. നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കാൻ കഴിയാത്തതിനാലാണ് രാജിയെന്ന് ധീരജ് കുമാർ പറഞ്ഞു. പത്തുകൊല്ലം മുമ്പ് വി എസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോൾ ഉയർന്ന സമാനമായ പ്രതിഷേധം ഇത്തവണ കണ്ണൂരിൽ പിജെ ആർമി ഉയർത്തുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് ധീരജിന്റെ രാജി എന്നാണ് വിലയിരുത്തൽ. ഇതോടെ കണ്ണൂർ സിപിഎമ്മിൽ വീണ്ടും ജയരാജരൻ ചർച്ചാവിഷയമാകുകയാണ്.
പി.ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണ്. രാജിയിൽ പി.ജയരാജന് പങ്കില്ല. സ്വന്തം തീരുമാനമാണ്. പാർട്ടി അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നില്ലെന്ന് പാർട്ടി പള്ളിക്കുന്ന് ബ്രാഞ്ച് അംഗം കൂടിയായ ധീരജ് പറഞ്ഞു. 2014 ലാണ് ബിജെപി- ആർഎസ്എസ് ബന്ധം ഉപേക്ഷിച്ച് ധീരജ് സിപിഎമ്മിൽ എത്തിയത്. കണ്ണൂർ തളാപ്പ് അമ്പാടിമുക്കിൽ ധീരജിന്റെ നേതൃത്വത്തിൽ 50 ലേറെ ബിജെപി ക്കാരാണ് അന്ന് സിപിഎമ്മിൽ ചേർന്നത്.
അമ്പാടിമുക്ക് സഖാക്കൾ എന്ന പേരിലാണ് ഇവർ സൂഹിക മാധ്യമങ്ങളിൽ അറിയപെട്ടത്. ധീരജിനെയും സംഘത്തെയും സിപിഎമ്മുമായി അടുപ്പിച്ചത് അന്ന് പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനാണ്. പി.ജയരാജനുമായി അടുത്തബന്ധം സൂക്ഷിക്കുന്ന ധീരജ് പി.ജയരാജന്റെ പിന്തുണയിലാണ് കണ്ണൂർ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റായത്. ജയരാജന് സ്ഥാനമോങ്ങളൊന്നുമില്ല. അതുകൊണ്ട് തനിക്കും വേണ്ടെന്നാണ് ധീരജിന്റെ നിലപാട്. പിജെ ആർമി പേജിൽ വിമർശനവുമായി പോസ്റ്റുകൾ വരുന്നുണ്ട്. മുഖ്യമന്ത്രിക്ക് വിമർശനവുമുണ്ട്.
ഒരു തിരുവോണനാളിൽ അകത്തളത്തിൽ ഇരച്ചുകയറിയവർ, ഒരിലച്ചീന്തിനു മുന്നിൽ ഒരുപിടി ഓണസദ്യക്ക് പോലും ഇടകൊടുക്കാതെ അരിഞ്ഞു വീഴ്‌ത്തിയപ്പോൾ അവിടെനിന്ന് ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ് ഞങ്ങളെ പൊരുതാൻ പഠിപ്പിച്ച ധീരസഖാവേ... ഞങ്ങൾ പിടിച്ചിരിക്കുന്ന ഈ ചെങ്കൊടിക്കുള്ളിൽ അങ്ങയുടെ രക്തവും അങ്ങയുടെ ഒരുകയ്യിൻ ജീവനുമുണ്ട്.. അതുകൊണ്ട് തന്നെ ഞങ്ങളുടെ കണ്ണും കരളും ജീവനും താങ്കളോട് ഐക്യപെടുന്നു..-ഇതാണ് ഇന്ന് പിജെ ആർമി ഗ്രൂപ്പിൽ എത്തിയ പോസ്റ്റ്. ജി.സുധാകരനേയും ഐസക്കിനേയും പി.ജയരാജനേയും രവീന്ദ്രനാഥിനേയും പോലുള്ള ജനകീയരെ മാറ്റി ബിന്ദുവിനും ജമീലയ്ക്കും സീറ്റ്... പറയുന്ന കാരണം LDF ന് തുടർഭരണം വേണമത്രെ.... അടിപൊളി !-ഇങ്ങനെ കളിയാക്കലും എത്തുന്നു. ഒരു സീറ്റും കൊടുക്കരുത് സീറ്റ് കൊടുത്ത് അദ്ദേഹത്തെ ഒതുക്കരുത് അദ്ദേഹത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി ആക്കി പാർട്ടിയെ കള്ളന്മാരിൽ നിന്നും രക്ഷിക്കു-ഇതാണ് മറ്റൊരു കമന്റ്.
സിപിഎം രാഷ്ട്രീയം കലങ്ങിമറിയുന്ന കാഴ്ചയാണ് ദിവസങ്ങളായി കാണുന്നത്. കണ്ണൂരിൽ സിപിഎമ്മിനുള്ളിൽ തന്നെ വിഭാഗീയത രൂക്ഷമാകുന്നതിന്റെ സൂചന നേതാക്കളുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്. പി. ജയരാജന്റെ നിലപാടുകളും സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളും വിഭിന്നമാകുന്നതും ദൃശ്യം. ഇതിന് ആക്കം കൂട്ടുന്ന തരത്തിലാണ് പിജെ ആർമിയുടെ യാത്രയും. കണ്ണൂരിൽ സംഘർഷം അവസാനിപ്പിക്കാൻ ശ്രീ എമ്മിന്റെ നേതൃത്വത്തിലെ ചർച്ച തുറന്നു പറഞ്ഞത് ജയരാജനാണ്. എം വി ഗോവിന്ദൻ ഇത്തരത്തിലൊരു ചർച്ച നടന്നില്ലെന്ന് പറഞ്ഞ ശേഷമായിരുന്നു ജയരാജന്റെ വെളിപ്പെടുത്തൽ.
'മുന്നിൽ നിന്ന് വെട്ടിയിട്ട് വീണില്ല, അപ്പോഴാണ് പിന്നിൽ നിന്നും കുത്തിയാൽ' ജയരാജന്റെ ചിത്രം പങ്കുവച്ച് നേരത്തെ പിജെ ആർമി എന്ന പേജിൽ വന്ന പോസ്റ്റാണിത്. ഇതിനൊപ്പം ഒരു യഥാർഥ കമ്യൂണിസ്റ്റ് എങ്ങനെയായിരിക്കണമെന്ന് ചൂണ്ടിക്കാട്ടി ഇഎംഎസ് നടത്തിയ പഴയ പ്രസംഗത്തിലെ ചില ഭാഗങ്ങളും പേജിൽ വന്നിരുന്നു. ഇതിന് സമാനമായ പ്രതിരോധം ഇപ്പോഴും പിജെ ആർമി ഉയർത്തും. ഇതിനുള്ള തയ്യാറെടുപ്പാണ് അമ്പാടിമുക്കിലെ സഖാക്കൾ ചെയ്യുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ ഒരിടത്തും ജയരാജന്റെ പേർ ഉയർന്നു വരാത്തതാണ് പി.ജയരാജനെ ദൈവതുല്യം ആരാധിക്കുന്ന അമ്പാടിമുക്കിലെ സഖാക്കൾക്കും പി.ജെ ആർമിക്കും തിരിച്ചടിയായിരിക്കുന്നത്. പി.ജയരാജൻ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് ആർഎസ്എസ് പ്രവർത്തകരായ അൻപതോളം യുവാക്കളെ സിപിഎമ്മിന്റെ ഭാഗമായി ജ്ഞാനസ്നാനം ചെയ്യിക്കുന്നത്. ഇതിനു ശേഷം സി.പി. എം മുൻ കൈയെടുത്ത് ഗണേശോത്സവവും ശ്രീകൃഷ്ണ ജയന്തിയും ആഘോഷിച്ചത് കേരളത്തിൽ വലിയ വാർത്തയായിരുന്നു.
പാർട്ടിയിലേക്ക് പുതുതായി കടന്നുവന്നവർ പി.ജയരാജൻ എന്ന കരുത്തനായ നേതാവിന്റെ തണലിലാണ് നിന്നത്. ജയരാജനാകട്ടെ അവരെ പല സിപിഎം നിയന്ത്രിത സ്ഥാപനങ്ങളിലും കുടിയിരുത്തുകയും ചെയ്തു. അമ്പാടിമുക്കിൽ നിന്നും സംഘ് പരിവാർ പാളയം വിട്ടു വന്ന ധീരജ് കുമാർ ഇന്ന് സ്പോർട്സ് കൗൺസിൽ ഭാരവാഹിയാണ്. അമ്പാടിമുക്കിലെ സഖാക്കളെപ്പോലെ വിളിച്ചാൽ വിളി പുറത്തുള്ള ആയിരത്തോളം പേർ പി.ജെ ആർമിയിലുമുണ്ട്.
ആന്തൂർ പ്രശ്‌നത്തിലും പി.ജയരാജനെ തിരുത്തി സിപിഎം രംഗത്തെത്തിയിരുന്നു. പി.കെ.ശ്യാമളയ്ക്ക് വീഴ്ചപറ്റിയെന്നും നടപടിയുണ്ടാകുമെന്നും രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പറയാൻ പാടില്ലായിരുന്നു എന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സമിതിയോഗത്തിൽ തുറന്നടിച്ചു. ഇതേസമയം ആന്തൂർ പ്രശ്‌നത്തിൽ എം വിഗോവിന്ദൻ ഇടപെട്ടെന്ന ഗുരുതരമായ ആരോപണം സംസ്ഥാന സമിതിയിൽ ജെയിംസ് മാത്യു ഉന്നയിച്ചു. ആന്തൂർ പ്രശ്‌നവുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂർ ഘടകത്തിലെ കടുത്ത ഭിന്നത ഇതോടെ വ്യക്തമായി.
ജയരാജന്റെ ഈ പ്രസ്താവനയോടുള്ള വിയോജിപ്പ്് സംസ്ഥാനസമിതിയിൽ കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി്. ഇങ്ങനെ പരസ്യപ്രസ്താവന നടത്തിയത് ശരിയായില്ലെന്നും പറയാനുള്ളത് പാർട്ടിഫോറത്തിലാണ് പറയേണ്ടതെന്നും കോടിയേരി പറഞ്ഞു. സംസ്ഥാനസമിതിയിൽ നടന്ന ചർച്ചയ്ക്ക് മറുപടി പറയവേയാണ് ആരുടെയും പേരുപറയാതെ കോടിയേരി വിമർശിച്ചത്. നേരത്തെ പൊലീസ് സ്റ്റേഷൻ വരാന്തയിൽ മൈക്ക് വച്ച് പ്രസംഗിച്ചതിനും വ്യക്തിപൂജയുടെ പേരിലും സംസ്ഥാനസമിതി ജയരാജനെ തിരുത്തിയിട്ടുണ്ട്.
ആന്തൂർ പ്രശ്‌നത്തിൽ ബിംബങ്ങളെ ഉപയോഗിച്ച് പ്രതിപക്ഷംനടത്തുന്ന വിമർശനം വിലപ്പോകില്ലെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി നിയമസഭയിൽ പറയുകയും ചെയ്തതോടെ ഇക്കാര്യത്തിൽ ജയരാജനോട് പാർട്ടി നേതൃത്വത്തിനുള്ള അതൃപ്തി വ്യക്തമായിരുന്നു. പാർട്ടി ആരോപണം നേരിടുന്ന സംഭവത്തിൽ മറിച്ചുനിലപാടെടുത്ത് പി.ജയരാജൻ ജനകീയനാകാൻ ശ്രമിക്കുന്നെന്ന തോന്നൽ സംസ്ഥാനനേതൃത്വത്തിനുണ്ടെന്നും ഇതോടെ വ്യക്തമായി.
പിന്നീട് വടകരയിൽ സ്ഥാനാർത്ഥിയാക്കി ജില്ലാ സെക്രട്ടറി പദത്തിൽ നിന്ന് മാറ്റി. പല ജില്ലാ സെക്രട്ടറിമാരും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. അവർക്കൊന്നും പക്ഷേ സെക്രട്ടറി സ്ഥാനം നഷ്ടമായില്ല. ജയരാജന് മാത്രം അതു പോയി. ഇതിന് പിന്നിലും പിണറായിയുടെ അതൃപ്തിയാണെന്നാണ് വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ