തലശേരി: മുഖ്യമന്ത്രിക്ക് കാണാൻ വീണ്ടും പിജെയുടെ വീരചരിതം. മുഖ്യമന്ത്രി മത്സരിക്കുന്ന ധർമ്മടം മണ്ഡലത്തിൽ ഉറപ്പാണ് പി.ജെയെന്ന മുദ്രാവാക്യവുമായി പി.ജയരാജന്റെ ബഹുവർണ ചിത്രമുള്ള കുറ്റൻ ഫ്‌ളക്‌സുയർന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ പി ജയരാജന് സീറ്റ് നിഷേധിച്ചതിലുള്ള വേദന കൂടിയാണ് ഈ ഫ്‌ളക്‌സ്.

സിപിഎം ശക്തികേന്ദ്രമായ ഇരിവേരി ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള ആർ.വി മെട്ടയിലാണ് ഫ്‌ളക്‌സുയർന്നത്. എന്നാൽ ഞങ്ങളുടെ ഉറപ്പാണ് പി.ജെയെന്നു മാത്രമേ ഫ്‌ളക്‌സിൽ എഴുതിയിട്ടുള്ളു. പി.ജെ ആർമിയുടെ പേരിലല്ല ഫ്‌ളക്‌സ് ഉയർത്തിയിട്ടുള്ളത്. പോരാളികൾ എന്ന പേരിലാണ് ജയരാജന്റെ ചിത്രം വെച്ച് വോട്ടർമാരെ അഭിസംബോധന ചെയ്യുന്നത്. വ്യക്തിപൂജ പാടില്ലെന്ന സിപിഎം നിർദ്ദേശത്തെ തള്ളിക്കളയുന്നതാണ് ഈ ഫ്‌ളക്‌സും. തെരഞ്ഞെടുപ്പ് കാലമായതിനാൽ തൽകാലം ഈ ഫ്‌ളക്‌സിൽ വിവാദങ്ങൾക്ക് സിപിഎം മുതിരില്ല.

നേരത്തെ പി.ജെ ആർമി എന്ന പേരിൽ ഫേസ്‌ബുക്ക് പേജിൽ പി.ജയരാജനെ അനുകൂലിച്ച് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും പോരാളികൾ എന്ന പേരിലാണ് ഇപ്പോൾ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. 'ഞങ്ങടെ ഉറപ്പാണ് പിജെ' എന്നാണ് ബോർഡിലെ വാചകം. എന്നാൽ എന്താണ് ഇതുകൊണ്ട് വ്യക്തമാക്കുന്നത് എന്നതിൽ വ്യക്തതയില്ല. സംഭവത്തെ കുറിച്ച് സിപിഎം നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. ആരാണ് ഇത് വച്ചതെന്ന് കണ്ടെത്താൻ സിപിഎം നീക്കം സജീവമാക്കിയിട്ടുണ്ട്. വോട്ടെടുപ്പിന് ശേഷം ഇക്കാര്യത്തിൽ നടപടികളും എടുക്കും.

ജയരാജന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. പിജെ ആർമിയെന്ന പേരിലായിരുന്നു പ്രതിഷേധം. ഇതിനെ സിപിഎം തള്ളി പറഞ്ഞു. പിന്നീട് ഇത്തരത്തിലൊരു സൈന്യമോ ആർമിയോ ഇല്ലെന്ന് ജയരാജനും പ്രതികരിച്ചു. അപ്പോഴും കണ്ണൂർ സിപിഎമ്മിലെ വികാരമാണ് പിജെ എന്ന് തെളിയിക്കുന്നതാണ് പുതിയ ഫ്‌ളക്‌സ്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടക്കാനിരിക്കുന്ന പാർട്ടി സമ്മേളനങ്ങളിൽ ജയരാജൻ വലിയ ഫാക്ടറാകാനും സാധ്യതയുണ്ട്.

ഉറപ്പാണ് എൽഡിഎഫ് എന്നതാണ് ഈ തെരഞ്ഞെടുപ്പിൽ സിപിഎം മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം. ഇതിനെ കളിയാക്കുന്നത് കൂടിയാണ് പുതിയ ഫ്‌ളക്‌സ്. 'ഞങ്ങടെ ഉറപ്പാണ് പിജെ' എന്ന് ബോർഡിലെ വാചകത്തിന് കളിയാക്കൽ ധ്വനിയും ഉണ്ട്. പി.ജയരാജന് സീറ്റ് നിഷേധിച്ചതിലുള്ള അമർഷം ആ മേഖലയിലുണ്ട്. പിജെ ആർമി എന്ന ഫേസ്‌ബുക്ക് പേജിൽ വ്യാപകമായ പ്രതിഷേധമുണ്ടായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ അടക്കുമുള്ള പ്രമുഖ നേതാക്കളെ പേരെടുത്ത് വിമർശിച്ചിരുന്നു. എന്നാൽ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പി.ജെ ആർമി എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണങ്ങളെന്ന് ജയരാജൻ വ്യക്തമാക്കിയിരുന്നു.