കണ്ണൂർ: സിപിഎം സംസ്ഥാന സമിതി അംഗവും കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജനു വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകുമ്പോൾ അതിന്റെ കാരണം തേടി പിജെ ആർമി അടക്കമുള്ളവർ. കണ്ണൂരിൽ സിപിഎമ്മിലെ വിമത ശബ്ദമാണ് ജയരാജൻ. നേതൃത്വത്തെ തിരുത്താൻ പദ്ധതികൾ തയ്യാറാക്കുന്ന നേതാവ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിയോടെ എല്ലാ അർത്ഥത്തിലും ഒതുക്കപ്പെടുന്ന വ്യക്തി. ഇതൊക്കെയാണ് പി ജയരാജനെ അണികളുടെ ചർച്ചാ വിഷയമാക്കി മാറ്റിയ വിഷയങ്ങൾ.

കണ്ണൂരിലെ പാർട്ടിയെ പിടിക്കാൻ ജയരാജൻ രഹസ്യ നീക്കങ്ങൾ നടത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ക്യാപ്ടനായി പിണറായി സ്വയം അവരോധിക്കുന്നതിലെ വ്യക്തിപൂജാ ചർച്ചകളും ജയരാജൻ ഉയർത്തി. ഈ പോസ്റ്റ് പിന്നീട് ജയരാജന് പിൻവലിക്കേണ്ടി വന്നു. ഇതിനിടെയാണ് ജയരാജന് സുരക്ഷ കൂട്ടുന്നത്. ഇതിനെ പരിഗണനയായി സിപിഎം ഔദ്യോഗിക നേതൃത്വം കാണുമ്പോൾ രഹസ്യങ്ങൾ ചോർത്താനുള്ള ഉന്നത തല ഗൂഢാലോചനയായി ഇതിനെ കാണുന്നവരുമുണ്ട്. വീട്ടിൽ ഉൾപ്പെടെ പൊലീസ് നിരീക്ഷണം ഇനിയുണ്ടാകും. ഇതിലൂടെ ജയരാജന്റെ പ്രവർത്തനങ്ങളിലെ രഹസ്യാത്മക സ്വഭാവം ഇല്ലാതാകും.

ഇന്റലിജൻസിന്റെയും സ്‌പെഷൽ ബ്രാഞ്ചിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരമേഖലാ ഐജി അശോക് യാദവാണ് ജയരാജന്റെ സുരക്ഷ കൂട്ടി ഉത്തരവിട്ടത്. ജയരാജൻ പോകുന്ന സ്ഥലത്തും പങ്കെടുക്കുന്ന പരിപാടികളിലും കൂടുതൽ പൊലീസിന്റെ സാന്നിധ്യവും ജാഗ്രതയും ഉണ്ടാകും. വീട്ടിലെ ഗാർഡുകളുടെ എണ്ണം വർധിപ്പിക്കാനും ഐജിയുടെ നിർദ്ദേശമുണ്ടായിരുന്നെങ്കിലും അതു വേണ്ടെന്നു ജയരാജൻ അറിയിച്ചതായാണു വിവരം. ഇത് രഹസ്യ ചോർച്ച പരമാവധി കുറയ്ക്കാനുള്ള നീക്കമാണെന്നും വിലയിരുത്തുന്നു.

പാനൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിനു ശേഷം ജയരാജനെതിരെ ഭീഷണിയുണ്ടായ പശ്ചാത്തലത്തിലാണ് അധിക സുരക്ഷ. കതിരൂർ മനോജ് വധക്കേസിനു പിന്നാലെ ആർഎസ്എസ് പ്രവർത്തകരിൽനിന്നു വധഭീഷണി ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടും പരിഗണിച്ചു. അങ്ങനെയാണ് സുരക്ഷ കൂട്ടുന്നത്. ജയരാജന് മുന്നിലും പിന്നിലും കൂടുതൽ പൊലീസുകാരെ നിയോഗിക്കാനാണ് തീരുമാനം. ഇതിനോട് ജയരാജൻ എങ്ങനെ പ്രതികരിക്കുമെന്നത് നിർണ്ണായകമാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ജയരാജൻ അഴിക്കോട് മത്സരിക്കണമെന്ന് ആഗഹിച്ചവർ സിപിഎമ്മിലെ കണ്ണൂർ ഘടകത്തിൽ ഏറെയാണ്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോറ്റവർക്ക് സീറ്റില്ലെന്ന ന്യായവുമായി ഇത് നിഷേധിച്ചു. ഇതിനെ തുർന്ന് ചില സഖാക്കൾ പ്രതിഷേധിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്‌ളക്‌സിലെ തല വെട്ടലിന് പോലും ജയരാജനെ അവഗണിച്ചതിന്റെ പ്രതികാരമാണമെന്ന് കരുതുന്നവരുണ്ട്. ഇതിനിടെയാണ് കൂടുതൽ സുരക്ഷാ നൽകുന്നത്. പിജെ ആർമ്മിയുടെ പ്രവർത്തനങ്ങളെ നിരീക്ഷിക്കൽ കൂടിയാണ് ഇതിന്റെ ലക്ഷ്യമെന്ന വിലയിരുത്തൽ സജീവമാണ്.

പിജെ ആർമിയുമായി യാതൊരു ബന്ധവുമില്ലെന്ന് ജയരാജന്റെ പരസ്യ പ്രസ്താവന. ഈ എഫ് ബി ഗ്രൂപ്പ് ചെയ്യുന്നത് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളാണെന്ന പരോക്ഷ വിമർശനവും നടത്തി. എന്നാൽ ഇത് പൂർണ്ണമായും പിണറായി വിജയനും കൂട്ടരും വിശ്വസിച്ചിട്ടില്ല. പിജെ ആർമിയുമായുള്ള ജയരാജന്റെ ഇടപെടലിന് തെളിവുണ്ടാക്കാൻ പല സിപിഎം നേതാക്കളും ശ്രമിക്കുന്നുമുണ്ട്. ഇതിലെ സത്യം കണ്ടെത്തുക കൂടിയാകും സുരക്ഷ കൂട്ടിയതിന് പിന്നിലെ ലക്ഷ്യമെന്ന് കരുതുന്നവരുണ്ട്.