- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശവസംസ്കാരത്തെപ്പോലും രാഷ്ട്രീയവൽക്കരിക്കുന്നു; കണ്ണൂർ കോർപറേഷൻ മേയർക്കെതിരെ ആഞ്ഞടിച്ച് പി ജയരാജൻ; ഏറ്റെടുത്ത് സൈബർ സഖാക്കളും
കണ്ണൂർ: കണ്ണൂരിൽ കോർപറേഷൻ - ഐ.ആർ.പി.സി രാഷ്ട്രീയയുദ്ധം മുറുകുന്നു. എം.വി ജയരാജന് പുറകെ കണ്ണുർ കോർപറേഷൻ മേയർ ടി.ഒ.മോഹനനെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ഐ.ആർ.പി.സി ഉപദേശക സമിതി ചെയർമാനുമായ പി.ജയരാജനും രംഗത്തുവന്നു.
പയ്യാമ്പത്തെ കോവിഡ് ശവസംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ട കണ്ണൂർ കോർപ്പറേഷൻ മേയറുടെ നിലപാടിനെതിരേ ത ന്റെ ഫെയ്‌സ് ബുക്ക് പേജിലുടെയാണ് പ്രതികരണവുമായി സിപിഎം നേതാവ് പി.ജയരാജൻ രംഗത്ത് വന്നത്. കോവിഡ് മഹാമാരി പടർന്നുപിടിച്ച അന്നുമുതൽ സന്നദ്ധ സേവന പ്രവർത്തനങ്ങളും മരണാനന്തര ചടങ്ങുകളും കോവിഡ് പ്രോട്ടോകോൾ പാലിച്ച് പരിശീലനം ലഭിച്ച ഐ.ആർ.പി.സി വളണ്ടിയർമാർ കൃത്യമായി ചെയ്തുവരികയാണ്.
എന്നാൽ കണ്ണൂർ കോർപറേഷൻ മേയർ ഈ പ്രവർത്തികൾക്ക് തടസം നിൽക്കുകയാണെന്നാണ് പി.ജയരാജന്റെ ആരോപണം. ഫേസ്‌ബുക്ക് പേജിലൂടെ പി.ജെ നടത്തിയ വിമർശനങ്ങൾ സൈബർ സഖാക്കൾ ഏറ്റെടുത്തിട്ടുണ്ട്.
ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്.
കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ഒരു വർഷത്തിലേറെയായി പയ്യാമ്പലം കടപ്പുറത്ത് പ്രോട്ടോകോൾ അനുസരിച്ചു സംസ്‌കരിക്കുന്നത് പരിശീലനം സിദ്ധിച്ച ഐ.ആർ.പി.സി വളണ്ടിയർമാരാണ്. ഇതുകൂടാതെ മുസ്ലിം ഖബർസ്ഥാനുകളിലും ക്രിസ്ത്യൻ സെമിത്തേരികളിലും മതാചാരങ്ങളനുസരിച്ചു ഐ.ആർ.പി.സി വളണ്ടിയർമാർ മൃതദേഹങ്ങൾ സംസ്‌ക്കരിച്ചുവരുന്നുണ്ട്. എന്നാൽ ഇപ്പോൾ കണ്ണൂർ കോർപറേഷൻ മേയർ ഈ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുകയാണ്.
എല്ലാം ഞങ്ങൾ ഒറ്റയ്ക്ക് നടത്തിക്കോളും, ആരുടേയും സേവനം ആവശ്യമില്ല എന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത്. ഒരു ദശകത്തോളമായി കണ്ണൂർ ജില്ലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് ഐ.ആർ.പി.സി. മതമോ രാഷ്ട്രീയമോ പരിഗണിക്കാതെ എല്ലാവർക്കും സേവനം അതാണ് ഐ.ആർ.പി.സിയുടെ മുദ്രാവാക്യം. ഇവിടെയാണ് രാഷ്ട്രീയ മത്സരത്തിന് തങ്ങൾ തയ്യാറാണെന്ന വെല്ലുവിളിയോടെ മേയർ മുന്നോട്ടുവന്നിട്ടുള്ളത്. സേവന പ്രവർത്തനത്തിൽ മറ്റ് സംഘടനകളും മുന്നോട്ടുവരുന്നത് സ്വാഗതാർഹമാണ്. എന്നാൽ കോർപ്പറേഷൻ എല്ലാ സംഘടനകളെയും ഒന്നിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.
അതിനുപകരം ശവസംസ്‌ക്കാര ചടങ്ങ് പോലും രാഷ്ട്രീയലക്ഷ്യം മുൻനിർത്തി മത്സരത്തിന് വേദിയാകുന്നത് മേയറുടെ നിലപാടിന്റെ ഫലമാണ്. മാത്രവുമല്ല നമ്മുടെ നാടിനെക്കുറിച്ച് മറ്റിടങ്ങളിൽ മോശം അഭിപ്രായം ഉണ്ടാക്കുന്നതിന് മേയർ തന്നെ മുൻകൈ എടുക്കുന്നത് ഖേദകരമാണ്. ഇത് തിരുത്തിക്കുന്നതിന് വേണ്ട ഇടപെടൽ നടത്തണമെന്ന് നേതൃത്വത്തിലുള്ളവരോട് അഭ്യർത്ഥിക്കുന്നു. അതോടൊപ്പം ഐ.ആർ.പി.സി നടത്തുന്ന സേവന പ്രവർത്തങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ ഒരു ഭരണാധികാരിക്കും കഴിയില്ലെന്ന് ഓർമ്മിപ്പിക്കുന്നു.