കണ്ണുർ:അദ്ധ്യാപകനും സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന സി.എച്ച് ബാലകൃഷ്ണൻ മാസ്റ്റരുടെ സ്മരണാർഥം ചിറക്കൽ ഗാന്ധിജി റൂറൽ ലൈബ്രറി ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരത്തിന് കണ്ണൂർ ഐ.ആർ.പി.സി ഉപദേശക ചെയർമാൻ പി.ജയരാജൻ അർഹനായി.

അതിരൂക്ഷമായ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജീവകാരുണ്യത്തിന്റെ മഹത്തായ സന്ദേശമുയർത്തി പി.ജയരാജന്റെ നേതൃത്വത്തിൽ ഐ.ആർ.പി.സി നടത്തുന്ന സമാനതകളില്ലാത്ത പ്രവർത്തനം മുൻനിർത്തിയാണ് അവാർഡിന് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. പതിനായിരം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങിയതാണ് അവാർഡ്.

ഡോ. എ.എസ് പ്രശാന്ത് കൃഷ്ണൻ ചെയർമാനും കെ.ടി ശശി, കെ.പി ജയബാലൻ, ചോറൻ കൃഷ്ണൻ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാർഡ് നിർണയിച്ചത്. സി.എച്ച് ബാലകൃഷ്ണൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനമായ ബുധനാഴ്ച ഗാന്ധിജി റൂറൽ ലൈബ്രറിയിൽ കോവിഡ് മാനദണ്ഡം പാലിച്ചു നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.