തിരുവനന്തപുരം: കർക്കടക വാവ് ബലി പോസ്റ്റിൽ പി ജയരാജന് സിപിഎമ്മിന്റെ രഹസ്യ ശാസന. പാർട്ടി തത്വങ്ങൾക്ക് എതിരാണ് പോസ്‌റ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കണ്ടെത്തി. ഇക്കാര്യത്തിൽ അതൃപ്തി ജയരാജനെ അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ താന്റെ എഴുത്തിൽ പിഴവുണ്ടെന്ന് പി ജയരാജനും സമ്മതിച്ചു. സന്നദ്ധ സംഘടനകൾ ആവശ്യമായ സേവനം നൽകണമെന്ന് പറഞ്ഞുകൊണ്ടുള്ള തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന പാർട്ടി വിമർശനം അംഗീകരിക്കുന്നുവെന്ന് സിപിഎം നേതാവ് പി.ജയരാജൻ വിശദീകരിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിൽ പിതൃ തർപ്പണം നടത്താനെത്തുന്ന വിശ്വാസികളുടെ തോന്നലുകളെ കുറിച്ചാണ് പ്രതിപാദിച്ചത്. ആ ഭാഗം അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതായി ചില സഖാക്കൾ ചൂണ്ടിക്കാണിച്ചു, പാർട്ടിയും ശ്രദ്ധയിൽ പെടുത്തി. വ്യക്തിപരമായി ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ പങ്കെടുക്കാറില്ലെന്നും ജയരാജൻ ഫേസ്‌ബുക്കിൽ കുറിച്ചു. കണ്ണൂരിൽ സിപിഎം നേതൃത്വം പി ജയരാജനെ തീർത്തും അവഗണിക്കുകയായിരുന്നു. പി ശശിയുടെ നേതൃത്വത്തിലാണ് ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത്. അതിനിടെയാണ് വാവു ബിലി പോസ്റ്റുമായി ജയരാജൻ എത്തിയത്.

കണ്ണൂരിലെ സിപിഎം അണികളെ അടുപ്പിച്ച് നിർത്താനുള്ള നീക്കമാണ് ജയരാജൻ നടത്തുന്നതെന്ന് കണ്ണൂരിലെ ചില സഖാക്കൾ വിലയിരുത്തി. ഇത് സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. ഇത് പരിഗണിച്ചാണ് ജയരാജനെ പാർട്ടി ശാസിച്ചത്. ഇതോടെ തന്റെ നിലപാട് കൂടുതൽ വ്യക്തതയോടെ സോഷ്യൽ മീഡിയയിൽ വിശദീകരിക്കുകയാണ്. ജയരാജനെ പാർട്ടി തിരുത്തിയത് മാധ്യമങ്ങളാരും വാർത്ത നൽകിയിരുന്നില്ല. ഇതിനിടെയാണ് പാർട്ടി വിമർശനം അംഗീകരിക്കുന്നുവെന്ന് വിശദീകരിച്ച് ജയരാജൻ തന്നെ പോസ്റ്റിട്ടത്.

ജയരാജന്റെ വാവു ബലി വിശദീകരണം വലിയ ചർച്ചായായിരുന്നു. കാക്കകൾക്ക് ബലി ചോറ് പോലും സിപിഎം നൽകുന്നില്ലെന്ന തരത്തിൽ മാതൃഭൂമിയിൽ ജെ ഗോപീകൃഷ്ണൻ കാർട്ടൂണും വരച്ചു. ഇത് വലിയ രാഷ്ട്രീയ ചർച്ചയുമായിരുന്നു. ഇത്തരത്തിലൊരു പോസ്റ്റിലാണ് തെറ്റു പറ്റിയെന്ന് ജയരാജൻ സമ്മതിക്കുന്നത്.

പി ജയരാജന്റെ പോസ്റ്റിന്റെ പൂർണരൂപം-

ജൂലൈ ഇരുപത്തിയേഴിന്റെ ഫേസ്‌ബുക് പേജിലെ കുറിപ്പിൽ പിതൃ തർപ്പണം നടത്താനെത്തുന്ന വിശ്വാസികളുടെ തോന്നലുകളെ കുറിച്ചാണ് പ്രതിപാദിച്ചത്. ആ ഭാഗം അന്ധവിശ്വാസത്തെ പ്രോൽസാഹിപ്പിക്കുന്നതായി ചില സഖാക്കൾ ചൂണ്ടിക്കാണിച്ചു, പാർട്ടിയും ശ്രദ്ധയിൽ പെടുത്തി. അത് ഞാൻ ഉദ്ദേശിച്ചതെ അയിരുന്നില്ല. എന്നാൽ അത് തെറ്റിദ്ധാരണ ഉണ്ടാക്കി എന്ന പാർട്ടിയുടെ വിമർശനം അംഗീകരിക്കുന്നു.

വ്യക്തിപരമായി ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ പങ്കെടുക്കാറില്ല. ഞങ്ങളുടെ വീട്ടിൽ പൂജാമുറിയോ, ആരാധനയോ ഇല്ല. ജീവിതത്തിൽ ചെറുപ്പകാലത്തിന് ശേഷം ഭൗതികവാദ നിലപാടിൽ തന്നെയാണ് ഇതേവരെ ഉറച്ച് നിന്നത്. എന്നാൽ വിശ്വാസികൾക്കിടയിൽ വർഗ്ഗീയ ശക്തികൾ നടത്തുന്ന ഇടപെടലുകളിൽ ജാഗ്രത വേണമെന്ന എന്റെ അഭിപ്രായമാണ് ആ പോസ്റ്റിൽ രേഖപ്പെടുത്തിയിരുന്നത്.

നാലു വർഷമായി കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് ഞാനടക്കം നേതൃത്വം കൊടുക്കുന്ന ഐ.ആർ.പി.സി.യുടെ ഹെൽപ് ഡെസ്‌ക് പിതൃ തർപ്പണത്തിന് എത്തുന്നവർക്ക് സേവനം നൽകി വരുന്നുണ്ട്. ഇത്തവണയും അത് ഭംഗിയായി നിർവ്വഹിച്ചു. ഇത്തരം ഇടപെടലുകൾ ആവശ്യമാണ്.