കണ്ണൂർ: സിപിഐ.(എം). ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് കെ.കെ. രാഗേഷ് എം. പി.യെ കൊണ്ടുവരാനുള്ള നീക്കത്തിന് ഏറ്റ തിരിച്ചടിയാണ് സംസ്ഥാന കമ്മിറ്റിയുടെ വിമർശനം. പി.ജയരാജനൊപ്പം വിമർശനം നേരിട്ട സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് രാഗേഷ്. മുഖ്യമന്ത്രി പിണറായി വിജയന്റേയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റേയും വിശ്വസ്തനാണ് കെ.കെ. രാഗേഷ്.

ജില്ലയിലെ മറ്റ് ചില സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾക്കും ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗത്തിനും രാഗേഷിനോട് താത്പര്യമുണ്ടായിരുന്നില്ല. തനിക്ക് പിൻഗാമിയായി രാഗേഷിനെ ഉയർത്തിക്കൊണ്ടു വരാനുള്ള പി.ജയരാജന്റെ ശ്രമം വിജയത്തിലെത്തുമോ എന്നത് ഇനി കണ്ടറിയണം. പിണറായിയും കോടിയേരിയും രാഗേഷിനെ തുണച്ചാൽ മാത്രമേ ഇനി അയാൾക്ക് ജില്ലാ സെക്രട്ടറി പദവിയിലേക്ക് എത്താൻ കഴിയൂ. എന്നാൽ കോടിയേരിയുടെ പിന്തുണ ഇനി രാഗേഷിന് കിട്ടില്ലെന്നാണ് വിലയിരുത്തൽ. വിവാദത്തോടെ ജയരാജന് കണ്ണൂർ രാഷ്ട്രീയത്തിൽ തിരിച്ചടിയുമായി. അതുകൊണ്ട് തന്നെ രാഗേഷിന്റെ പേരുയർത്തിക്കാട്ടാൻ ഇനി ജയരാജന് കഴിയില്ലെന്നാണ് ഒരു കൂട്ടത്തിന്റെ വിലയിരുത്തൽ.

പി. ജയരാജൻ വരുന്ന ജില്ലാ സമ്മേളനത്തിൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും തുടർന്ന് വരുന്ന സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറിയേറ്റ് അംഗമായി സ്ഥാനമേൽക്കുകയും ചെയ്താൽ തന്റെ പിൻഗാമിയായ രാഗേഷിനെ കൊണ്ടു വരാനായിരുന്നു ജയരാജൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ അതിന് ഒരു മുഴം മുമ്പ് കല്ലെറിഞ്ഞ് ഈ നീക്കത്തിന് വിയോജിപ്പുള്ളവർ ജയരാജനും രാഗേഷിനുമേതിരെ നീക്കം നടത്തി. അതിന്റെ ഫലമാണ് ഇരുവർക്കുമെതിരെയുള്ള സംസ്ഥാന കമ്മിറ്റിയുടെ വിമർശനത്തിലേക്ക് എത്തിച്ചേർന്നത്. പാർട്ടിക്കപ്പുറം ജയരാജനെ പുകഴ്‌ത്തുന്ന സമീപനമാണ് ഈ തരത്തിൽ കാര്യങ്ങൾ എത്തിയത്. മുദ്രാ വാക്യത്തിൽ ജയരാജനെ വാഴ്‌ത്തൽ, ഫ്ളക്സ് ബോർഡുകളിൽ നിറഞ്ഞു നിൽക്കൽ, സമൂഹമാധ്യമങ്ങളിലെ ഇടപെടലൽ, സംഗീത ആൽബത്തിലൂടെ ഉയർത്തിക്കാട്ടൽ എന്നിവയൊക്കെയാണ് ജയരാജനെതിരെ നടപടിക്ക് കാരണമായി പറയുന്നത്. എന്നാൽ ഇതെല്ലാം കഴിഞ്ഞ സമ്മേളനത്തിന് മുമ്പ് തന്നെ തുടക്കം കുറിച്ചവയായിരുന്നു.

സിപിഐ.(എം). നേതാക്കളിൽ ആർക്കാണ് സ്തുതി പാടകരില്ലാത്തത് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. എം. വി. രാഘവൻ പാർട്ടി സെക്രട്ടറിയായ കാലം മുതൽ സ്തുതിപാഠകരും ഉണ്ടായിരുന്നു. രാഘവനു നേരെ അക്കാലത്ത് വിമർശനമുന്നയിക്കാൻ ആരും തയ്യാറായിരുന്നില്ല. ഇപ്പോൾ ആരോപണ വിധേയനായ പി.ജയരാജൻ വരെയുള്ള ജില്ലാ സെക്രട്ടറിമാരിൽ അപൂർവ്വം പേരെ അതിൽ നിന്നും ഒഴിവായിട്ടുള്ളൂ. സ്തുതി പാഠകർക്ക് സ്ഥാനമാനങ്ങൾ കല്പിച്ചു നൽകിയ ജില്ലാ സംസ്ഥാന നേതാക്കൾ പാർട്ടിയിൽ ഏറെയുണ്ട്. മറ്റ് പാർട്ടിയിൽ പെട്ട പുകഴ്തൽകാർക്കും ചില സ്ഥാനങ്ങൾ കൽപ്പിച്ചു നൽകുന്നതിൽ പാർട്ടി നേതാക്കൾ ഉദാരമതികളാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വി എസ്. അച്ച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോൾ കാസർഗോഡ് ജില്ലയിലെ നീലേശ്വരം ബസ്സ് സ്റ്റാൻഡിൽ കൂറ്റൻ ബോർഡ് വെച്ചതും സ്തുതി പാഠനത്തിന്റെ ഉത്തമ തെളിവാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലും അദ്ദേഹത്തെ ഉയർത്തിക്കാട്ടി വികസനത്തിന്റെ നായകൻ എന്ന് പ്രചരിപ്പിക്കുന്ന ബാനറുകൾ ഉണ്ട്.

പി.ജയരാജന്റെ വ്യക്തി പൂജയെ വിമർശിക്കുമ്പോഴും അദ്ദേഹത്തിന്റെ ജന പിൻതുണയിൽ പാർട്ടിയിലെ ഏറിയ വിഭാഗത്തിനും ആശങ്കയുണ്ട്. അതുകൊണ്ട് തന്നെയാണ് അച്ചടക്കത്തിന്റെ പേരിൽ ജയരാജനെ ക്രൂശിക്കാൻ നേതൃത്വം ഭയപ്പെടുന്നത്. സംസ്ഥാന കമ്മിറ്റി അതിൽ ബുദ്ധി പ്രയോഗിച്ചു എന്നതും അതുകൊണ്ടാണ്. പയ്യന്നൂർ പൊലീസ് സ്റ്റേഷൻ വരാന്തയിൽ പി.ജയരാജൻ ഉപരോധ സമരം നടത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ അനിഷ്ടത്തിന് പാത്രമായത്. സംസ്ഥാന ആഭ്യന്തര വകുപ്പ് കയ്യാളുന്ന പാർട്ടി തന്നെ അതിനെതിരെ സമരം നടത്തിയതാണ് പ്രശ്നം. ഡി.വൈ. എഫ്.ഐ. നേതാവ് നന്ദകുമാറിനെതിരെ പൊലീസ് കാപ്പ ചുമത്തിയത് പ്രതിഷേധിച്ചായിരുന്നു ജയരാജന്റെ സമരം.

ഇക്കഴിഞ്ഞ ലോക്കൽ സമ്മേളന കാലത്തും സ്വന്തക്കാരെ കമ്മിറ്റികളിൽ തിരുകി കയറ്റാൻ മത്സരങ്ങൾ പ്രോത്സാഹിപ്പിച്ചു. കൂവേരി ലോക്കലിൽ ഇതാണ് നടന്നത്. എന്നാൽ തലശ്ശേരിയിൽ മത്സരമൊഴിവാക്കാൻ സമ്മേളനം തന്നെ മാറ്റി വച്ചു. ഇതെല്ലാം എതിരാളികൾക്ക് ജയരാജനെതിരെ ഉയർത്തിക്കാട്ടാനുള്ള കാരണങ്ങളായിരുന്നു. പിണറായിക്ക് ശേഷം ജയരാജൻ എന്ന നിലയിൽ സമൂഹ മാധ്യമങ്ങളിലും ജയരാജ സ്തുതികൾ നടന്നു. അതിനാൽ ഔദ്യോദിക ചേരിയിലെ പ്രബലർ പോലും അസ്വസ്ഥരായി.

കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ അക്രമങ്ങളെ പോലും ജയരാജന്റെ തലയിലിടാൻ എതിർ വിഭാഗം ശ്രമം നടത്തിയിരുന്നു. അനാവശ്യ അക്രമങ്ങൾ പാർട്ടിയുടെ പേരിൽ നടത്തുന്നത് ദോഷം ചെയ്യുമെന്ന വാദവും ഒരു വിഭാഗം ഉയർത്തിക്കാട്ടി. കണ്ണൂർ ലോബി തന്നെ ജയരാജനെതിരെ തിരിഞ്ഞു നിൽക്കുകയാണ് ചെയ്തത്.