കണ്ണൂർ: തളിപ്പറമ്പ് ബൈപാസിനെതിരെ സമരം നയിക്കുന്ന ബിജെപി നേതാക്കൾ ഇരട്ടത്താപ്പാണ് കാട്ടുന്നതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ പറഞ്ഞു.വളപട്ടണം ചാല ബൈപാസ് വയൽ വഴിയാക്കാൻ കേന്ദ്രസർക്കാരിന് പി.കെ.കൃഷ്്ണദാസ് കേന്ദ്ര സർക്കാരിന് നിവേദനം നൽകിയതാണ്. കാപട്യത്തിന്റെ രാഷ്ട്രീയം ഇനിയെങ്കിലും ബിജെപി ഉപേക്ഷിക്കണമെന്നും അദ്ദേഹം കണ്ണൂരിൽ ആവശ്യപ്പെട്ടു.ഇതുമായി ബന്ധപ്പെട്ട പത്രക്കുറിപ്പുകൾ ഹാജരാക്കിയാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'വളപട്ടണം-ചാല ബൈപ്പാസ് വയൽ വഴിയാക്കാൻ നിവേദനം നൽകിയ ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് കീഴാറ്റൂരിലേക്ക് മാർച്ച് നടത്തുന്നു.കാപട്യത്തിന്റെ രാഷ്ട്രീയം ഇനിയെങ്കിലും ബിജെപി ഉപേക്ഷിക്കണം

തളിപ്പറമ്പ് ബൈപ്പാസിനെതിരെ സമരം നയിക്കുന്ന ബിജെപി നേതാക്കൾ കണ്ണൂർ ബൈപ്പാസിന്റെ കാര്യത്തിൽ നേരത്തേ എടുത്ത നിലപാട് മാറ്റം വരുത്തിയോ എന്ന കാര്യം വ്യക്തമാക്കണം.

2015 ഏപ്രിൽ മാസം 29 ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ കണ്ട് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് നിവേദനം നൽകുകയുണ്ടായി.ഈ നിവേദനത്തിൽ വാരം-കടാങ്കോട് ഭാഗത്ത് 85 വീടുകൾ നഷ്ടപ്പെടുമെന്ന് പറഞ്ഞാണ് വലിയന്നൂർ വയൽ വഴിയുള്ള ബദൽ അലൈന്മെന്റ് വേണമെന്ന് ആവശ്യപ്പെട്ടത്.ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ വയൽ വഴിയുള്ള അലൈന്മെമെന്റാണ് ദേശീയപാതാ വികസന അഥോറിറ്റി അംഗീകരിച്ചിട്ടുള്ളത്.

ഇക്കാര്യത്തിൽ ബിജെപിയുടെ നിലപാട് തളിപ്പറമ്പ് ബൈപ്പാസ് വിരുദ്ധ സമരത്തിന്റെ അടിസ്ഥാനത്തിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്നാണ് ജനങ്ങൾക്ക് അറിയേണ്ടത്.ഓരോ പ്രദേശത്തും ബിജെപിക്ക് ഓരോ നിലപാടാണോ ഉള്ളത് ? അല്ലെങ്കിൽ കണ്ണൂർ ബൈപ്പാസിന്റെ കാര്യത്തിൽ എടുത്ത നിലപാട് എന്തുകൊണ്ട് തളിപ്പറമ്പ് ബൈപ്പാസിന്റെ കാര്യത്തിൽ എടുക്കുന്നില്ല എന്ന കാര്യവും അവർ വ്യക്തമാക്കണം.

നാടിന്റെ വികസന കാര്യത്തിൽ മുഖ്യ രാഷ്ട്രീയ പാർട്ടികൾ സമവായം ഉണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ദേശീയപാത 45 മീറ്ററാക്കി മാറ്റുന്നതിനുള്ള പ്രവർത്തനം നടന്നു വരുന്നത്.ഇതിനെ തുരങ്കം വെക്കാനാണ് കോൺഗ്രസും ബിജെപിയും ഇപ്പോൾ ശ്രമിക്കുന്നത്.എന്നാൽ നേതൃത്വത്തിന്റെ നിലപാടുകൾ ക്കെതിരെ അണികൾ പ്രതിരോധമുയർത്തിക്കൊണ്ടിരിക്കുകയാണ്.ഇതിന്റെ ഫലമായാണ് സുധീരനൊഴിച്ച് മറ്റൊരു കോാൺഗ്രസ്സ് നേതാവും ബൈപ്പാസ് വിരുദ്ധ സമരത്തിൽ അണിനിരക്കാതിരുന്നത്.ഇത് പ്രതീക്ഷ നൽകുന്ന കാര്യമാണ്.

തെറ്റായ വഴിക്ക് നയിക്കാൻ ശ്രമിക്കുന്ന നേതാക്കളെ പിടിച്ചുകെട്ടാൻ അവരുടെ അണികൾ തന്നെ മുന്നോട്ട് വരുന്നുണ്ട്.പരിസ്ഥിതി വാദികളെന്ന് സ്വയം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയവർ കീഴാറ്റൂരിലേക്ക് പോയത് മുൻപ് കുന്നിടിച്ച് ഉണ്ടാക്കിയ റോഡിലൂടെ ആണെന്ന് അവർക്കും ഓർമ്മ വേണം.'