- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുസ്ലിം ലീഗിനെ വിമർശിക്കുന്നത് വർഗീയതയുടെ അനുരണനമാണെന്ന തോന്നൽ മനസിൽ വർഗീയ ചിന്തയുള്ളതുകൊണ്ട്; പിണറായി വിജയനെതിരെ സുപ്രഭാതം മുഖപ്രസംഗമെഴുതിയതിനെ വിമർശിച്ച് സിപിഎം നേതാവ് പി. ജയരാജൻ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സുപ്രഭാതം ദിനപത്രം മുഖപ്രസംഗമെഴുതിയ സംഭവത്തിൽ വിമർശനവുമായി സിപിഎം നേതാവ് പി. ജയരാജൻ. മുസ്ലിം ലീഗിനെ വിമർശിക്കുന്നത് വർഗീയതയുടെ അനുരണനമാണെന്ന തരത്തിൽ സമസ്തയുടെ മുഖപത്രം മുഖപ്രസംഗം എഴുതിയത് മനസിൽ വർഗീയ ചിന്തയുള്ളതുകൊണ്ടാണെന്ന് ജയരാജൻ ആരോപിച്ചു. പലയിടത്തും വെൽഫെയർ പാർട്ടിയുമായും ചില സ്ഥലങ്ങളിൽ എസ്ഡിപിഐയുമായും സഹകരിക്കുന്ന നിലപാടാണ് ലീഗും കോൺഗ്രസും സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"മതനിരപേക്ഷതക്ക് വേണ്ടി ഉറച്ച നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രിയും സർക്കാരുമാണ് കേരളത്തിലുള്ളത്. അത്തരത്തിലുള്ള മുഖ്യമന്ത്രിയെയും സർക്കാറിനെയും ഇത്തരത്തിൽ ചിത്രീകരിക്കുന്നത് ശരിയായ കാര്യമല്ല. മുസ്ലിം സമുദായത്തിന് അകത്ത് സ്വത്വ ബോധം ഉൽപാദിപ്പിച്ച് അതിന്റെ അടിസ്ഥാനമാക്കി ഒരു വർഗീയ രാഷ്ട്രീയത്തിനുള്ള നീക്കമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ നടത്തിയത്. പലയിടത്തും വെൽഫെയർ പാർട്ടിയുമായും ചില സ്ഥലങ്ങളിൽ എസ്ഡിപിഐയുമായും സഹകരിക്കുന്ന നിലപാടാണ് ലീഗും കോൺഗ്രസും സ്വീകരിച്ചത്. വർഗീയ ചേരിതിരിവ് സൃഷ്ടിച്ച്, കഴിഞ്ഞ ലോക്്സഭ തെരഞ്ഞെടുപ്പിലെ പോലെ ഇടതുപക്ഷ വിരുദ്ധ ജ്വരം ഉണ്ടാക്കാൻ ശ്രമിച്ചു. അത് പരാജയപ്പെട്ട കാര്യമാണ് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചത്."-പി. ജയരാജൻ പറഞ്ഞു.
മുഖ്യമന്ത്രി വർഗീയാഗ്നിക്ക് തിരികൊളുത്തരുത് എന്ന തലക്കെട്ടിലായിരുന്നു ഇന്ന് സുപ്രഭാതം ദിനപത്രത്തിന്റെ മുഖ പ്രസംഗം. കോടിയേരിയും യു.ഡി.എഫിന്റെ നേതൃത്വത്തിൽ ആരാണ് വരേണ്ടതെന്ന് ലീഗാണ് തീരുമാനിക്കുന്നതെന്ന് പിണറായിയും പറയുമ്പോൾ അതിന്റെ കുന്തമുനകൾ എങ്ങോട്ടാണ് പായുന്നതെന്ന് തിരിച്ചറിയാനുള്ള വിവേകം കേരളീയ സമൂഹത്തിനുണ്ടെന്ന് മുഖപ്രസംഗം പറയുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയതുതന്നെ മുസ്ലിം സമുദായത്തിന്റെ നെഞ്ചിലേക്ക് വർഗീയവിഷം പുരട്ടിയ അസ്ത്രം തൊടുത്തുകൊണ്ടായിരുന്നു എന്നും സമസ്തയുടെ മുഖപത്രം കുറ്റപ്പെടുത്തുന്നു,
സുപ്രഭാതത്തിന്റെ മുഖപ്രസംഗം ഇങ്ങനെ..
മുഖ്യമന്ത്രി വർഗീയാഗ്നിക്ക് തിരികൊളുത്തരുത്
കേരളീയ സമൂഹത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കാൻ പഠിച്ചപണി പതിനെട്ടും സംഘ്പരിവാർ പയറ്റിയിട്ടും വിജയിക്കാത്തയിടത്ത് സിപിഎം ആ ചുമതല ഏറ്റെടുത്തിരിക്കുകയാണോ? തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയതുതന്നെ മുസ്ലിം സമുദായത്തിന്റെ നെഞ്ചിലേക്ക് വർഗീയവിഷം പുരട്ടിയ അസ്ത്രം തൊടുത്തുകൊണ്ടായിരുന്നു. അതിന്റെ മധുരിക്കുന്ന ഫലമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ അഭൂതപൂർവമായ വിജയമെന്ന് സിപിഎം ധരിച്ചതിനാലാണോ കോടിയേരി താഴെവച്ച വിഷബാണം വീണ്ടും തൊടുത്തുവിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറായത്.
പണ്ട് മാതൃഭൂമി പത്രാധിപരെ എടോ ഗോപാലകൃഷണായെന്നുംക്രിസ്ത്യൻ മതപുരോഹിതനെ നികൃഷ്ടജീവിയെന്നും ആർ.എസ്പി നേതാവ് എൻ.കെ പ്രേമചന്ദ്രനെ പരനാറിയെന്നും വിശേഷിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയല്ല ഇന്ന് പിണറായി വിജയൻ. ഇടയ്ക്കിടെ വർഗീയ പരാമർശങ്ങൾ നടത്തുന്ന കോടിയേരി ബാലകൃഷണന്റെയും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സിപിഎം ആക്ടിങ് സെക്രട്ടറി വിജയരാഘവന്റെയും നിലവാരമല്ല സംസ്ഥാനത്തിന്റെ ഭരണത്തലവനിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത്. വർഗീയ ധ്രുവീകരണം ഇന്ത്യയിലൊട്ടാകെ പടർത്താൻ സംഘ്പരിവാർ ആസൂത്രണം ചെയ്ത, കേന്ദ്രസർക്കാർ പാസാക്കിയ സി.എ.എ നിയമത്തിനെതിരേ ധീരമായ നിലപാടെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെയാണ് കേരള ജനതയ്ക്ക് വേണ്ടത്.
സംസ്ഥാന ജനസംഖ്യയിൽ 27 ശതമാനം വരുന്ന മുസ്ലിം സമുദായത്തെ അവഗണിച്ചുകൊണ്ട് കേരളത്തിൽ ഒരു രാഷ്ട്രീയപ്പാർട്ടിക്കും മുൻപോട്ടുപോകാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി ഓർക്കണം. യു.ഡി.എഫിന്റെ നിയന്ത്രണം മുസ്ലിം ലീഗ് ഏറ്റെടുക്കാൻ പോകുകയാണെന്നും കോൺഗ്രസിൽ ആരാണ് നേതൃസ്ഥാനത്ത് വരേണ്ടതെന്ന് ലീഗാണ് തീരുമാനിക്കുന്നതെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ താങ്ങായിനിന്ന ചിലരെ ആഹ്ലാദിപ്പിച്ചിരിക്കാം. കേരളം ഭരിക്കാൻപോകുന്നത് ഹസനും കുഞ്ഞാലിക്കുട്ടിയും അമീറുമാണെന്ന കോടിയേരിയുടെ മാരക വാക്കുകൾക്കൊപ്പം നിൽക്കുന്നതാണ് മുഖ്യമന്ത്രിയുടെയും നാവിൽനിന്ന് വീന്നത്.
മുസ്ലിം ലീഗിനെ മുന്നിൽനിർത്തി സമുദായത്തെ മൊത്തത്തിൽ വിമർശിക്കുമ്പോൾ ലീഗുകാരല്ലാത്ത മുസ്ലിംകളുടെയുംകൂടി നെഞ്ചിലാണ് അത് പതിക്കുന്നതെന്ന് സിപിഎം ഓർക്കണം. കേരളത്തിലെ മുസ്ലിംകൾ മുഴുവൻ ലീഗുകാരല്ല. അവരിൽ കോൺഗ്രസുകാരും സി പി.എമ്മുകാരും ബിജെപിക്കാരുമുണ്ട്. ഇതര രാഷ്ട്രീയപ്പാർട്ടികളെപോലെ തന്നെയാണ് ലീഗും. മതേതര, ജനാധിപത്യപാർട്ടിയായി തന്നെയാണ് ലീഗും തെരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അമീറും ഹസനും കുഞ്ഞാലിക്കുട്ടിയും ചേർന്നാണ് കേരളം ഭരിക്കാൻ പോകുന്നതെന്ന് കോടിയേരിയും യു.ഡി.എഫിന്റെ നേതൃത്വത്തിൽ ആരാണ് വരേണ്ടതെന്ന് ലീഗാണ് തീരുമാനിക്കുന്നതെന്ന് പിണറായിയും പറയുമ്പോൾ അതിന്റെ കുന്തമുനകൾ എങ്ങോട്ടാണ് പായുന്നതെന്ന് തിരിച്ചറിയാനുള്ള വിവേകം കേരളീയ സമൂഹത്തിനുണ്ട്.
സിപിഎമ്മിനെപ്പോലെ മറ്റൊരു രാഷ്ട്രീയപ്പാർട്ടിയായ മുസ്ലിം ലീഗ് യു.ഡി.എഫ് തലപ്പത്ത് വരികയാണെങ്കിൽ അതിലെന്താണിത്ര കുഴപ്പം? അതെങ്ങനെയാണ് മഹാ അപരാധമായിത്തീരുന്നത്? സിപിഎം പൊതുബോധത്തിൽ രൂപപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന മനോഘടനയുടെ ദുഃസൂചനയായി മാത്രമേ മുഖ്യമന്ത്രിയുടെ വാക്കുകളെ കാണാനാകൂ. അമീറിനെയും കുഞ്ഞാലിക്കുട്ടിയെയും ഹസനെയും വലിച്ചിഴച്ചുകൊണ്ടുവരുമ്പോൾ മുസ്ലിം സമുദായത്തെയാണ് അത് മൊത്തത്തിൽ ബാധിക്കുന്നത്. അത്തരം പ്രവർത്തനങ്ങളാണ് ഇടത് സർക്കാരിൽ നിന്ന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എത്രയൊക്കെ വിമർശനങ്ങൾ ഉയർന്നിട്ടും പാലക്കാട്ടെ കൊച്ചുബാലികയെ വെടിവച്ചുകൊന്നതിന്റെ രക്തംപുരണ്ട കരങ്ങളോടെ രമൺ ശ്രീവാസ്തവ മുഖ്യമന്ത്രിക്ക് എഴുതിക്കൊടുക്കുന്ന ഉപദേശങ്ങൾ നിരാകരിക്കാൻ ഇതുവരെ പിണറായി സന്നദ്ധനായിട്ടില്ല. അതിനാൽ തന്നെയായിരിക്കണം ഭരണഘടനാ സ്ഥാപനമായ പാലക്കാട്ടെ നഗരസഭാ കാര്യാലയത്തിന് മുകളിൽ സംഘ്പരിവാർ സ്ഥാപിച്ച ഫ്ളക്സിന് പിന്നിൽ ആരെന്നറിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കുന്നത്.
ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പാലക്കാട്ടെ സ്കൂളിൽ വന്ന് ദേശീയപതാക ഉയർത്തിയ കേസ് എങ്ങുമെത്താതെ തേഞ്ഞുമാഞ്ഞുകൊണ്ടിരിക്കുന്നതിന് പിന്നിലും ഇതായിരിക്കണം കാരണം. ഇതൊക്കെ തന്നെയായിരിക്കണം കേരളത്തിൽ വർഗീയാസ്വാസ്ഥ്യം ഉണ്ടാക്കാൻ ആർ.എസ്.എസിന് ധൈര്യം കിട്ടുന്നതും. പിണറായി വിജയനെ ലാവ്ലിൻ അഴിമതിയിൽ കുറ്റവിമുക്തനാക്കിയതിനെതിരേ സിബിഐ സുപ്രിംകോടതിയിൽ നൽകിയ അപ്പീൽ ഇരുപതിലധികം തവണയായി മാറ്റിവച്ചുകൊണ്ടിരിക്കുകയാണ്. ആ കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഇത്തരം ആനുകൂല്യങ്ങൾ ഭരണകൂടത്തിൽ നിന്ന് സംഘ്പരിവാറിന് കിട്ടിയേക്കാം. അടുത്തിടെയായി തെക്കൻ ജില്ലകളിൽ മുസ്ലിംകൾക്കെതിരേ വ്യാപകമായി ഉയർന്നുകൊണ്ടിരിക്കുന്ന ദുഷ്പ്രചാരണങ്ങളിൽ നിന്ന് കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് മുഖ്യമന്ത്രിയുടെ വർഗീയ ധ്രുവീകരണം ലക്ഷ്യംവച്ചുള്ള പ്രസ്താവന.
2018ൽ സംസ്ഥാനത്തെ ഹിന്ദു സഹോദരന്മാരെ തെറ്റിദ്ധരിപ്പിച്ച് ധ്രുവീകരണമുണ്ടാക്കാൻ അന്നത്തെ ബിജെപി പ്രസിഡന്റായിരുന്ന പി.എസ് ശ്രീധരൻ പിള്ള നടത്തിയ പരിശ്രമം പരാജയപ്പെട്ടത് സംസ്ഥാനത്തെ ഭൂരിപക്ഷംവരുന്ന ഹൈന്ദവ സഹോദരന്മാർ അത് അവജ്ഞയോടെ തള്ളിക്കളഞ്ഞതിനാലാണ്. അന്ന് ശ്രീധരൻപിള്ള പറഞ്ഞത് കേരളത്തിന്റെ അജൻഡ തീരുമാനിക്കുന്നത് ബിജെപിയാണെന്നായിരുന്നു. അതേ അജൻഡയുടെ തുടർച്ചയാണ് ക്രിസ്ത്യൻ സഹോദരന്മാരെ കരുവാക്കി മുസ്ലിംകൾക്കെതിരേ ബിജെപി ഇപ്പോൾ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ഭരണഘടനാ പദവിയിലിരിക്കുന്ന ശ്രീധരൻപിള്ള കഴിഞ്ഞദിവസം പ്രധാനമന്ത്രിയെ സന്ദർശിച്ച് മുസ്ലിംകൾ അനർഹമായി സ്കോളർഷിപ്പ് നേടിക്കൊണ്ടിരിക്കുകയാണെന്നും ക്രിസ്ത്യൻ സമുദായത്തിന് അവകാശപ്പെട്ടതും കവർന്നെടുക്കുകയാണെന്നുമുള്ള തെറ്റായ വിവരങ്ങൾ നൽകിയത്. ഭരണഘടനാനുസൃതമായ ആനുകൂല്യങ്ങൾ മാത്രമാണ് മുസ്ലിം സമുദായത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു വിഭാഗത്തിന്റെ അവകാശങ്ങൾ മറ്റൊരു വിഭാഗം കവർന്നെടുക്കാൻ കേരളം വെള്ളരിക്കാപ്പട്ടണമാണോ? ക്രിസ്ത്യൻ സഹോദരന്മാർക്ക് അർഹതപ്പെട്ട സർക്കാർ ആനുകൂല്യങ്ങൾ കിട്ടുന്നില്ലെങ്കിൽ അതുസംബന്ധിച്ച് പഠനം നടത്തി അവരുടെ പരാതികൾ പരിഹരിക്കുകയാണ് വേണ്ടത്. അതിന് ആരാണ് ഇവിടെ തടസംനിൽക്കുന്നത്. ക്രിസ്ത്യൻ വിഭാഗത്തിൽ ചിലർ ഉന്നയിക്കുന്ന ലൗ ജിഹാദും ബിജെപി അജൻഡയുടെ ഭാഗമാണ്. യു.പി സർക്കാർ ചാർജ് ചെയ്യുന്ന ഇത്തരം കേസുകളെല്ലാം കോടതികൾ തള്ളിക്കൊണ്ടിരിക്കുകയുമാണ്.
1982ൽ മുസ്ലിം ലീഗിലെ രണ്ട് വിഭാഗങ്ങളും ഒന്നിച്ചതിനുശേഷം 1987ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതേപോലെ വർഗീയ കാർഡിറക്കി കളിച്ചവരാണ് സിപിഎം എന്നോർക്കണം. അന്നത്തെ പ്രധാന ആരോപണം രണ്ട് കുവൈത്തി അറബികളെ കെ.കരുണാകരനും ലീഗ് നേതാക്കളും നിയമവിരുദ്ധമായും രഹസ്യമായും സ്വീകരിച്ച് രഹസ്യം കൈമാറിയെന്നായിരുന്നു. പ്രബുദ്ധ ജനത ആ ആരോപണം തള്ളിക്കളയുകയായിരുന്നു. ഇപ്പോഴത്തെ കലങ്ങിയ രാഷ്ട്രീയ കാലാവസ്ഥയിൽ സിപിഎം മുഖ്യമന്ത്രിയെ ഓർമിപ്പിക്കേണ്ടത് കേരളീയ രാഷ്ട്രീയാന്ധകാരത്തിൽ ദിക്കറിയാതെ നട്ടംതിരിഞ്ഞുകൊണ്ടിരിക്കുന്ന ബിജെപിക്ക് വെളിച്ചമാകരുതെന്നാണ്. കേരളം വർഗീയാഗ്നിയിൽ കത്തിച്ചാമ്പലാകുന്നതിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ സിപിഎം നേതാക്കളും മുഖ്യമന്ത്രിയും കൈയിലേന്തിയ വർഗീയ തീപ്പന്തം ദൂരെ എറിയുക തന്നെ വേണം.
അതിനിടെ , മുസ്ലിം ലീഗിനെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും രംഗത്തെത്തി. ലീഗിനെതിരേയുള്ള മുഖ്യമന്ത്രിയുടെ വിമർശനം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ലാഭത്തിനായി മതേതര ചേരിയിലുള്ള മുസ്ലീങ്ങളെ ലീഗ് മതമൗലികവാദ ചേരിയിലേക്ക് വഴിമാറ്റിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നും വിജയരാഘവൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെത് രാഷ്ട്രീയ നിലപാടാണ്. ആ രാഷ്ട്രീയ നിലപാടിന് സമൂഹ താത്പര്യമുണ്ട്. കേരളത്തിൽ മതമൗലികവാദം വളരാൻ പാടില്ല. ലീഗ് ശ്രമിച്ചത് എല്ലാ വർഗീയതയ്ക്കുമൊപ്പം സന്ധിചെയ്ത് കേരളത്തെ നിയന്ത്രിക്കാനാണ്. സ്വന്തം വർഗീയ വാദത്തിന്റെ കരുത്തിൽ കേരളത്തെതന്നെ നിയന്ത്രിക്കുക എന്ന നിഗൂഢ താത്പര്യം ലീഗിനുണ്ട്. കോൺഗ്രസ് അതിന് വിധേയമാകും. എന്നാൽ കേരളീയ സമൂഹം അതിനെ വിമർശിക്കുകയും എതിർക്കുകയും ചെയ്യുമെന്നും വിജയരാഘവൻ വ്യക്തമാക്കി.
ബിജെപിയുമായും ലീഗ് സഖ്യം ചെയ്യുകയുണ്ടായി. തികച്ചും അവസരവാദപരമായ രാഷ്ട്രീയം തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വീകരിച്ചത് ലീഗായിരുന്നു. കോൺഗ്രസ് ഇതിന്റെ ഫലം പറ്റിയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ മുന്നിൽ ഈ വസ്തുതകൾ ചൂണ്ടിക്കാണിച്ചതിലുള്ള വിഷമം കൊണ്ടുള്ള ചില പ്രതികരണങ്ങളാണ് കോൺഗ്രസ്, ലീഗ് നേതാക്കൾ നടത്തിയതെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമർശനവുമായി മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് നേരത്തെ രംഗത്തുവന്നിരുന്നു. പിണറായി വിജയനെ പോലെ വർഗീയത പറയുന്ന നേതാക്കൾ കേരളത്തിൽ വേറെയില്ലെന്ന് അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്ത് ഇന്നുവരെയില്ലാത്ത രാഷ്ട്രീയമായിട്ടുള്ള ദുഷ്പ്രചാരണങ്ങളാണ് നടക്കുന്നത്. ദുഷ്ടലാക്കോടുകൂടി ഒരു മുഖ്യമന്ത്രിക്ക് ചേരാത്ത പരാമർശമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. നിർഭാഗ്യകരമായ പ്രസ്താവനയായിപ്പോയി. ഇതുമായി മുന്നോട്ട് പോകുന്നത് സിപിഎമ്മിന് തന്നെ അപകടകരമായിരിക്കും.
സമുദായങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാനുള്ള വർഗീയ പ്രചാരണമല്ല നടത്തേണ്ടത്. മുഖ്യമന്ത്രി പറയുന്നത് വി.മുരളീധരന്റെ അതേ വാചകങ്ങളാണ്. ഉത്തരേന്ത്യയിൽ ബിജെപി കളിക്കുന്ന വർഗീയ രാഷ്ട്രീയം സിപിഎം. പയറ്റുകയാണെന്നും മജീദ് കുറ്റപ്പെടുത്തി.
മറുനാടന് ഡെസ്ക്