കണ്ണൂർ: വിമർശനങ്ങൾക്കൊടുവിൽ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി പി ജയരാജൻ തന്നെ തുടരാൻ തീരുമാനം. ജയരാജന് പകരം വെക്കാൻ തൽക്കാലം ആളില്ലാത്ത അവസ്ഥയാണുള്ളതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അദ്ദേഹത്തെ തന്നെ തുടരാൻ പാർട്ടി അനുവദിച്ചത്. 49 അംഗ ജില്ലാ കമ്മിറ്റിയിൽ ആറ് പേർ പുതുമുഖങ്ങളാണ്. തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലേക്ക് 56 പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.

ജില്ലാ കമ്മിറ്റി അംഗങ്ങൾ: പി ജയരാജൻ, എം വി ജയരാജൻ,കെ എം ജോസഫ്, കെ കെ നാരായണൻ, സി കൃഷ്ണൻ, ഒ വി നാരായണൻ, എം പ്രകാശൻ, വി നാരായണൻ, എം സുരേന്ദ്രൻ, വത്സൻ പനോളി, കാരായി രാജൻ, എൻ ചന്ദ്രൻ,ടി ഐ മധുസൂദനൻ, പി സന്തോഷ്, സി സത്യപാലൻ, കെ വി ഗോവിന്ദൻ, എം ഷാജർ, എം കരുണാകരൻ, ടി കെ ഗോവിന്ദൻ, പി വി ഗോപിനാഥ്, കെ വി സുമേഷ്, കെ സന്തോഷ്, പി പി ദാമോദരൻ, പി പി ദിവ്യ, കെ ചന്ദ്രൻ, ബിജു കണ്ടക്കൈ, വയക്കാടി ബാലകൃഷ്ണൻ, അരക്കൻ ബാലൻ,എൻ സുകന്യ, കെ ഭാസ്‌കരൻ, പി ബാലൻ, എ എൻ ഷംസീർ, എം സി പവിത്രൻ, പി ഹരീന്ദ്രൻ, കെ കെ പവിത്രൻ, കെ ലീല, കെ ധനഞ്ജയൻ, പി പുരുഷോത്തമൻ, എം വി സരള, എൻ വി ചന്ദ്രബാബു, കെ ശ്രീധരൻ, ബിനോയ് കുര്യൻ,വി ജി പത്മനാഭൻ, കെ മനോഹരൻ, എം വിജിൻ, വി കെ സനോജ്, പി കെ ശ്യാമള, പി മുകുന്ദൻ, പി കെ ശബരീഷ്‌കുമാർ.

സിപിഎം ജില്ലാ സമ്മേളനത്തിന്റെ ആദ്യദിവസം നടന്ന ചർച്ചയിൽ പങ്കെടുത്ത കൂത്തുപറമ്പ്, മട്ടന്നൂർ ഏരിയകളിൽ നിന്നുള്ള പ്രതിനിധികൾ പി.ജയരാജനെതിരെ സംസ്ഥാന സമിതി കൈകൊണ്ട നടപടി അനവസരത്തിലായെന്ന് അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് നടന്ന പൊതുചർച്ചയിൽ പി.ജയരാജനെ വിമർശിച്ചും ചില പ്രതിനിധികൾ രംഗത്തെത്തി. എന്നാൽ ഭൂരിപക്ഷം ജില്ലാ പ്രതിനിധികൾ ജയരാജനു പിന്നിൽ ശക്തമായി നിലയുറപ്പിച്ചതോടെ ജയരാജൻ സെക്രട്ടറി പദവി തുടരാൻ കളമൊരുങ്ങുകയായിരുന്നു.

2010 ഡിസംബറിൽ പി.ശശി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു പുറത്തായപ്പോഴാണു പി. ജയരാജൻ സെക്രട്ടറിയായി ചുമതലയേറ്റത്. 2012 ൽ പയ്യന്നൂരിലും 2015 ൽ കൂത്തുപറമ്പിലും നടന്ന ജില്ലാ സമ്മേളനങ്ങളിൽ ജയരാജനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കിഴക്കേ കതിരൂർ സ്വദേശിയായ പി. ജയരാജൻ കൂത്തുപറമ്പിനെ മൂന്നു തവണ നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. 2001 ൽ ആണ് ആദ്യജയം. ഈ തിരഞ്ഞെടുപ്പ് സുപ്രീം കോടതി റദ്ദാക്കിയെങ്കിലും 2005 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2006 ലും കൂത്തുപറമ്പിൽ നിന്നു നിയമസഭയിലെത്തി. പാർട്ടി കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി, എസ്എഫ്ഐ ജില്ലാ സെക്രട്ടറി, സിപിഎം ജില്ലാ കൗൺസിൽ അംഗം, ദേശാഭിമാനി ജനറൽ മാനേജർ തുടങ്ങിയ പദവികളും വഹിച്ചു.

കണ്ണൂർ ജില്ലാ സമ്മേളനം സമാപിക്കുന്നതിനോട് അനുബന്ധിച്ച് പടുകൂറ്റൻ റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. മഹാറാലിയോടും നടക്കുന്ന സമാപന സമ്മേളനം പൊളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജവഹർ സ്റ്റേഡിയത്തിലെ 'ഇ കെ നായനാർ നഗറി'ലാണ് സമാപനസമ്മേളനം. പകൽ രണ്ടിന് സെന്റ് മൈക്കിൾസ് സ്‌കൂൾ മൈതാനിയിൽ നിന്നാരംഭിക്കുന്ന ചുവപ്പുവളണ്ടിയർ മാർച്ചിൽ കാൽലക്ഷം പുരുഷ വനിതാ വളണ്ടിയർമാർ അണിനിരക്കും.

കേന്ദ്രീകരിച്ച പ്രകടനമില്ല. നാടിന്റെ നാനാഭാഗത്തുനിന്നും സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന ബഹുജനങ്ങൾ താണയിലും എകെജി ആശുപത്രിക്ക് സമീപവും വാഹനമിറങ്ങി ചെറുപ്രകടനങ്ങളായി സമ്മേളന നഗരിയിലേക്ക് നീങ്ങും. നിസ്വവർഗത്തിന്റെ ആശയുംആവേശവുമായ പ്രസ്ഥാനത്തിന്റെ കരുത്ത് വിളിച്ചോതുന്നതായിരിക്കും ബഹുജനറാലി. സ്റ്റേഡിയത്തിൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ചുവപ്പുസേനയുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും.

പൊതുസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, കെ കെ ശൈലജ, എ കെ ബാലൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദൻ എന്നിവർ സംസാരിക്കും. അഴീക്കോട് 'ചെന്താരക'ത്തിന്റെ ഗാനമേളയും ഉണ്ടാകും.