1999ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തെ, തിരുവോണനാൾ. തിരക്കിനിടയിൽ വീട്ടുകാരോടൊപ്പം ഓണസദ്യ കഴിക്കാൻ, കിഴക്കെ കതിരൂരിലെ വീട്ടിലെത്തിയതായിരുന്നു, എൽഡിഎഫ് വടകര ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി കൂടിയായ സിപിഎം നേതാവ് പി ജയരാജൻ. ഭക്ഷണം കഴിച്ച് വിശ്രമിക്കുമ്പോഴാണ് ബോംബും വാളും മഴുവുമായി, ഓം കാളി വിളികളുമായി ഒരു സംഘം ആർഎസ്എസുകാർ എത്തിയത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീട്ടിലേക്ക് ഇരച്ചുകയറിയ സംഘം ജയരാജന്റെ ശരീരം കൊത്തിനുറുക്കി.

ഇടത് കൈയിലെ പെരുവിരൽ അവർ അറുത്തെടുത്തു. വലതു കൈ വെട്ടിപ്പിളർന്നു. നട്ടെല്ല് വെട്ടി നുറുക്കി. ചോരയിൽ കുളിച്ച് കിടന്ന ശരീരം മരിച്ചെന്നുകരുതി ഉപേക്ഷിച്ച് അക്രമികൾ മടങ്ങി.

ഭാര്യ യമുനയുടെ ഓടിയെത്തുമ്പോഴേക്കും ചോരയിൽ കുളിച്ച നിലയിലായിരുന്നു സഖാവ്. ബെഡ്ഷീറ്റ് വാരിയെടുത്ത് വയറ്റിൽ കെട്ടി. എവിടെയൊക്കെയാണ് മുറിവെന്ന്വ്യക്തമല്ല. പിറ്റേദിവസം മുറിയിൽനിന്നാണ് പെരുവിരൽ കിട്ടിയത്. ശരീരം ചിന്നഭിന്നമായ ജയരാജൻ അത്ഭുതാവഹമായാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. അന്ന് 13ഓളം റെയിൽവേ ക്രോസുകൾ കടന്ന് കണ്ണൂരിൽനിന്ന് അദ്ദേഹത്തെ കോഴിക്കോടും പിന്നീട് എറണാകുളത്തും എത്തിക്കാൻ കഴിഞ്ഞത് 'കണ്ണിലെ കൃഷ്ണമണിപോലെ കാക്കുന്ന' പാർട്ടിപ്രവർത്തകരായിരുന്നു.

അതിനുശേഷം അയാൾ വലതുകൈ കൊണ്ട് എഴുതിയിട്ടില്ല. ഭക്ഷണം പോലും കഴിച്ചിട്ടില്ല. ഒറ്റക്കയ്യനെന്ന് എതിരാളികൾ പരിഹസിക്കുന്നത്, സത്യത്തിൽ ജയരാജന് രാഷ്ട്രീയ ഊർജം ആവുകയായിരുന്നു. പിന്നീടങ്ങോട്ട് സിപിഎമ്മിലെ ഏറ്റവും ജനപ്രിയ നേതാവായി ജയരാജൻ ഉയർന്നു. 2010ൽ സിപിഎം ജില്ലാ സെക്രട്ടറിയായതോടെ, ആ കീർത്തി ഉയർന്നൂ. വിഎസിനുശേഷം സിപിഎമ്മിലെ ഏറ്റവും ജനപ്രിയ മുഖം എന്ന് മാധ്യമങ്ങൾ എഴുതി. ഇനി അടുത്ത മുഖ്യമന്ത്രിയും ഇദ്ദേഹമാവുമെന്ന്വരെ കണക്കൂകൂട്ടലുകളുണ്ടായി.

എതിരാളികൾ കാലനെന്നും യമരാജനെന്നും വിളിക്കുമ്പോഴും, അയാൾ പാർട്ടി അണികളുടെ കൺകണ്ട ദൈവമാണ്. രാവിലെ അദ്ദേഹത്തിന്റെ വീട്ടിൽപോയാൽ അറിയാം, നൂറുകണക്കിന് പ്രശ്നങ്ങളുമായി വരുന്ന ആളുകളുടെ തിരക്ക്. തന്നെ വെട്ടിക്കൊലപ്പെടുത്താൻ നോക്കിയ സംഘത്തിലെ അംഗം ഉൾപ്പെടെയുള്ള നിരവധി സംഘപരിവാറുകൾ സിപിഎമ്മിലേക്ക് എത്തിക്കാൻ പിജെക്കായി. അമ്പാടിമുക്ക്പോലുള്ള ഒരു ഗ്രാമം ഒന്നടങ്കം സിപിഎമ്മിലെത്തി. അണികളുടെ പ്രശ്നങ്ങൾക്കായി മുൻപിൻ നോക്കാതെ എടുത്തുചാടുന്ന പിജെയൂടെ സ്വഭാവം വലിയ ആരാധകരെ സൃഷ്ടിച്ചു. അവർ പി ജയരാജന്റെ പേരിൽ കഥയും കവിയും എഴുതി. മഹാഭാരതത്തിലെ ശ്രീകൃഷ്ണനാക്കി ചിത്രം വരച്ചു. പാട്ടുണ്ടാക്കി. അതോടെ സിപിഎമ്മിനുതന്നെ സംശയമായി. ജയരാജൻ വിഎസിനെപോലെ പാർട്ടിക്ക് മുകളിൽ വളരുമോ?

ഈ വ്യക്തിപുജ വിവാദം പി ജയരാജൻ എന്ന 70കാരായ നേതാവിന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ കൊണ്ടുപോയത്. ഇപ്പോൾ സിപിഎം സംസ്ഥാന കമ്മറ്റിയിലെ ഒരു അംഗംമാത്രമാണ് പിജെ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കൊടുത്തില്ല. സംസ്ഥാന സെക്രട്ടറിയേറ്റിലും എടുത്തില്ല. ആകെയുള്ളത് ഖാദി ബോർഡിന്റെ വൈസ് ചെയർമാർ എന്ന 'ഒണക്ക' സ്ഥാനം മാത്രം.

ഇപ്പോഴിതാ പി ജയരാജൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. സ്വഭാവദൂഷ്യത്തിന് സിപിഎം നടപടിയെടുത്ത പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാനുള്ള നീക്കത്തിനെതിരെ സിപിഎം സംസ്ഥാന കമ്മറ്റിയിൽ അദ്ദേഹം തുറന്നടിച്ചത് വാർത്തായായിരുന്നു. വിഎസിന്റെ കാലത്തിനുശേഷം ആദ്യമായാണ് സിപിഎം സംസ്ഥാന കമ്മറ്റിയിൽ ഒരു എതിർപ്പിന്റെ ശബ്ദം ഉയരുന്നത്. തിരുവായ്ക്ക് എതിർവായില്ലാത്ത പിണറായിക്കാലത്ത്് സിപിഎമ്മിലെ അവശേഷിക്കുന്ന വിമത സ്വരമാണ് പി ജയരാജൻ.

വിദ്യാർത്ഥി രാഷ്ട്രീയത്തിലുടെ സിപിഎമ്മിൽ

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത പാട്യം കിഴക്കേ കതിരൂരിൽ കാരായി കുഞ്ഞിരാമന്റെയും പാറായിൽ ദേവിയുടേയും മകനായി 1952 നവംബർ 27ന് പി ജയരാജൻ ജനിക്കുന്നത്. മുൻ എംപിയും അന്തരിച്ച സിപിഎം നേതാവ് എം ദാസന്റെ ഭാര്യയുമായ പി.സതീദേവി സഹോദരിയാണ്. സിപിഎമ്മിന്റെ വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. ഏറെനാൾ എസ്.എഫ്.ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചു. 1972ൽ സിപിഎം അംഗമായി. 1980 മുതൽ 1990 വരെ സിപിഎം കൂത്ത്പറമ്പ് ഏരിയാ കമ്മറ്റി സെക്രട്ടറിയായിരുന്നു.1986-ൽ സിപിഎം കണ്ണൂർ ജില്ലാക്കമ്മറ്റിയിൽ അംഗമായി.

1990-ൽ സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിലേക്കും 1998 മുതൽ പാർട്ടി സംസ്ഥാന കമ്മറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1999-ലെ തിരുവോണ നാളിൽ രാഷ്ട്രീയ എതിരാളികളുടെ വധശ്രമത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. അന്ന് പോയതാണ് വലയുകൈയുടെ സ്വാധീനം. പക്ഷേ ആൾക്കൂട്ടത്തിലേക്ക് ഉയരുന്ന ആ ഇടതുകൈ കണ്ണൂർ രാഷ്ട്രീയത്തിന്റെ ഭാഗധേയം നിശ്ചയിച്ചു.

2010-ൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിക്ക് പകരക്കാരനായി ജില്ലാ ആക്ടിങ് സെക്രട്ടറിയായി. 2011 മുതൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജൻ 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് മത്സരിക്കാനായ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. പക്ഷേ കോൺഗ്രസിലെ കെ. മുരളീധരനോട് പരാജയപ്പെട്ടു.മൂന്ന് തവണ കൂത്ത്പറമ്പിൽ നിന്ന് പി ജയരാജൻ നിയമസഭാംഗമായി. 2001ലായിരുന്നു ആദ്യ ജയം. തുടർന്ന് കോടതി വിധിയെ തുടർന്ന് എംഎ‍ൽഎ സ്ഥാനം നഷ്ടമായ 2005-ൽ നടന്ന ഉപതിരഞ്ഞെടുപ്പിലും 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിലും കൂത്ത്പറമ്പിൽ നിന്ന് വിജയിച്ചുദേശാഭിമാനിയുടെ കണ്ണൂർ യൂണിറ്റ് മാനേജറായും, ഇടക്കാലത്ത് ജനറൽ മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്.

ഇത്രയും പ്രവർത്തന പാരമ്പര്യമുള്ള ഒരു നേതാവാണ് വെറും സംസ്ഥാന കമ്മറ്റി അംഗമായി കാര്യമായി ഒരു റോളുമില്ലാതെ ഒതുക്കപ്പെടുന്നത്. എന്നാൽ ഐസ്‌ക്രീം കേസിൽ പി.കെ കുഞ്ഞാലിക്കുട്ടിയെ രക്ഷപ്പെടുത്തിയെന്നും, നേതാവിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നും അടക്കമുള്ള ഗുരുതര ആരോപണങ്ങൾ നേരിട്ട് പി ശശി പാർട്ടിയിലേക്ക് തിരിച്ചുവരികയും ചെയ്യുന്നു. ഇതായിരിക്കും യഥാർഥ വൈരുധ്യാതിഷ്ഠിത വാദം.

എന്തുകൊണ്ട് പിജെ സ്നേഹിക്കപ്പെടുന്നു?

എതിരാളികൾ യമരാജൻ എന്ന് വിളിക്കുമ്പോഴും അണികൾക്ക് പി ജയരാജൻ കൺകണ്ട ദൈവമാണ്. ഈ ജനപ്രീതിക്ക് പ്രധാന കാരണമായി പറയുന്നത് അദ്ദേഹത്തിന്റെ തുറന്ന ലളിത ജീവിതമാണ്. അപ്പോയിന്മെന്റ് എടുക്കാതെ ആർക്കും കാണാൻ കഴിയുന്ന നേതാവാണ്. ദിവസവും കുറഞ്ഞത് 16 മണിക്കൂറെങ്കിലും ഈ പ്രായത്തിലും അദ്ദേഹം ദിവസവും പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നു. ഈയടുത്ത കാലംവരെ സ്വന്തമായി ഒരു എടിഎം കാർഡ് പോലുമില്ലായിരുന്നു. എംഎ‍ൽഎ പെൻഷൻ ട്രഷറി വഴി വാങ്ങുന്ന ജയരാജനെതിരെ സാമ്പത്തിക ആരോപണങ്ങളൊന്നും ഉന്നയിക്കാൻ എതിരാളികൾക്ക് സാധിച്ചിട്ടില്ല.

മക്കളെയും ബന്ധുക്കളെയും ഒരു സ്ഥാനത്തും തിരുകി കയറ്റാത്ത നേതാവാണ് പിജെ. പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നു ചടയൻ ഗോവിന്ദന്റെ മകൻ വാർക്കപ്പണി ചെയ്ത് ജീവിച്ചതും, മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ വീട് വിറ്റുപോയതും, എക്സൈസ് മന്ത്രിയായിട്ടും ഒരു നയാപ്പെസ സമ്പാദ്യമില്ലാത്ത പി കെ ഗുരുദാസനുമെല്ലാം പഴയ കഥയാണ്. അതിലെ പുതിയ പതിപ്പാണ് ജയരാജൻ. ഭാര്യ കൂത്ത്പറമ്പ് സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്നു. ജയിൻ പി.രാജ്, ആശിഷ് പി.രാജ് എന്നീ രണ്ടു മക്കളും സാധാരണക്കാർ. മക്കളുടെ വിവാഹം നടത്തിയതും അതി ലളിതമായി. മക്കളെ രാഷ്ട്രീയത്തിൽനിന്ന് അടർത്തി സുരക്ഷിതമായി വളർത്തുന്ന രീതിയും അദ്ദേഹത്തിനില്ല. രണ്ടുമക്കളും പാർട്ടിയുടെ താഴെ തട്ടിൽ പ്രവർത്തിക്കുന്നു. സോഷ്യൽ മീഡിയയിലും ഇവർ സജീവമായി സിപിഎമ്മിനൊപ്പമുണ്ട്. ആശിഷിന് മുമ്പ് ബോംബ് പൊട്ടി പരിക്കേൽക്കുകയും ചെയ്തിരുന്നു. മറ്റ് സിപിഎം നേതാക്കളുടെ മക്കളുടെ ദേഹത്ത് ഒരു തരി മണ്ണു വീണിട്ടുണ്ടോ?

കോടിയേരിയുടെ മക്കൾ ഉണ്ടാക്കിയ പൊല്ലാപ്പുകൾ പറയണ്ട്. ചിറ്റപ്പൻ വിവാദമടക്കമുള്ള ബന്ധുനിയമനവും, പിണറായിയുടെ മകൾ വീണയുടെ ഐടി കമ്പനിയുടെ വളർച്ചയും, വീണക്ക് അമൃതാനന്ദമയിയുടെ കോളജിൽ അഡ്‌മിഷൻ കിട്ടിയതിനെകുറിച്ച് ബെർലിൻ കുഞ്ഞനന്തൻ നായർ എഴുതിയതുമൊക്കെ കേരളം ഏറെ ചർച്ചചെയ്താണ്.

അതുപോലെ തന്നെ പിജെയുടെ രാഷ്ട്രീയ തന്ത്രവും ഏറെ ശ്രദ്ധേയമായിരുന്നു. ബിജെപി നേതാക്കളെപോലും സിപിഎമ്മിൽ എത്തിക്കു എന്നതായിരുന്നു അത്. തന്നെ ഇല്ലാതാക്കാൻ വരെ ശ്രമിച്ചവർതൊട്ട് ബിജെപിയിലെ ഒ.കെ വാസുമാസ്റ്റർ ഉൾപ്പടെ സുപ്രധാന നേതാക്കളെയും പ്രവർത്തകരെയും സിപിഎമ്മിൽ എത്തിക്കാൻ കഴിഞ്ഞത് ജയരാജന്റെ അസൂയാവഹമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ജില്ലാ സെക്രട്ടറിയെന്ന പദവിയിലിരുന്നപ്പോഴും കണ്ണൂരിലെ സഖാക്കൾക്ക് ഒരു കൈയലകത്തിലുള്ള നേതാവാണ് ജയരാജൻ. സിപിഎമ്മിന്റെ സംഘടനാ സ്വഭാവം അനുസരിച്ച് സംസ്ഥാന സെക്രട്ടറി കഴിഞ്ഞാൽ കണ്ണൂർ സെക്രട്ടറിയാണ് രണ്ടാമാൻ.

അതുപോലെ സേവനമേഖലയിലും അദ്ദേഹം വേറിട്ടുനിന്നു. 2008ൽ വി എസ് സർക്കാർ പ്രഖ്യാപിച്ച സ്വാന്തനപരിചരണ നയത്തിന്റെ ചുവടുപിടിച്ചാണ് പി ജയരാജൻ മുൻകൈയെടുത്ത് കണ്ണൂരിൽ ഇനിഷ്യേറ്റീവ് ഫോർ റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ (ഐആർപിസി) എന്ന സ്ഥാപനം തുടങ്ങുന്നത്. സിപിഎം നേതൃത്വത്തിൽ ഇത്തരത്തിൽ തുടങ്ങുന്ന ആദ്യ സംരഭമായിരുന്നു ഇത്. സ്വാന്തന പരിചരണ രംഗത്ത് ചുരുങ്ങിയ കാലത്തിനുള്ളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ കഞജഇ ഇന്ന് വലിയൊരു പ്രസ്ഥാനമായി മാറിക്കഴിഞ്ഞു. ജില്ലയിലാകെ വ്യാപിച്ച ഈ പദ്ധതിയിലുടെ ഇതിലൂടെ പാർട്ടിക്ക് അതീതമായ വ്യക്തിബന്ധം വളർത്തിയെടുക്കാൻ ജയരാജന് കഴിഞ്ഞു.

മതേതര ശ്രീകൃഷണ ജയന്തി തൊട്ട് യോഗവരെ

സിപിഎം ദേശീയ നേതൃത്വത്തിന്റെ നയങ്ങൾക്ക് ഒക്കെ ഭിന്നമായി സ്വന്തമായി ഒരു നയം ഉണ്ടാക്കിയെടുത്ത് വിജയിപ്പിക്കുകയായിരുന്നു പി ജയരാജൻ. മതബിംബങ്ങൾവെച്ച് ആർഎസ്എസ് വളരുന്നത് തടയാൻ അതേ ടെക്ക്നിക്ക് തന്നെ അദ്ദേഹം പുറത്തെടുത്തു.

കേരളത്തിലെ സിപിഎമ്മിനുള്ളിൽ ഒരുപാട് വിമർശനങ്ങൾക്ക് ഇടയാക്കിയ ഒന്നായിരുന്നു കണ്ണൂരിലെ മതേതര ശ്രീകൃഷ്ണജയന്തി ആഘോഷം. 2015ൽ ഇത്തരമൊരു നീക്കവുമായി പി ജയരാജൻ മുന്നോട്ടുവന്നപ്പോൾ മുതിർന്ന നേതാക്കൾ വരെ നെറ്റിചുളിച്ചു. ആർ.എസ്.എസിന് ശക്തമായ സംഘടനാ സംവിധാനമുള്ള കണ്ണൂരിൽ അവരുടെ ശോഭായാത്രയെ പ്രതിരോധിക്കാനാണ് ബാലസംഘത്തെ മുൻനിർത്തി പി ജയരാജൻ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് ഇറങ്ങിയത്. എന്നാൽ ആദ്യ വിമർശിച്ചവരൊക്കെ പിറ്റേ വർഷങ്ങളിൽ പരിപാടിക്ക് പിന്തുണയുമായി എത്തി.

ആർ.എസ്.എസിനെ അവരുടെ ശൈലിയിൽ നേരിടുകയെന്ന ലക്ഷ്യത്തോടെയാണ് യോഗാ പരിശീലനവുമായി സിപിഎം രംഗത്തെത്തിയത്. 2016ൽ തുടക്കംകുറിച്ച യോഗാ പരിശീലനത്തിനും ചുക്കാൻ പിടിച്ചത് പി ജയരാജനും കണ്ണൂരിലെ സിപിഎമ്മുമായിരുന്നു. ഇതിനായി ഇന്ത്യൻ മാർഷ്യൽ ആർട്സ് അക്കാദമി ആൻഡ് യോഗ സ്റ്റഡി സെന്റർ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ ആഭിമുഖ്യത്തിൽ കേന്ദ്രസർക്കാരും ബിജെപിയും യോഗാ ദിനം ആചരിച്ചപ്പോൾ കേരളത്തിൽ സിപിഎമ്മും അതേ പാതയിലായിരുന്നു. യോഗയ്ക്കു പുറമെ കളരി ഉൾപ്പടെയുള്ള മുറകളും പരിശീലിപ്പിക്കാൻ സിപിഎം മുൻകൈയെടുത്തു.

ശബരിമല തീർത്ഥാടനത്തിനായി വ്രതം നോറ്റിരിക്കുന്ന ഭക്തർക്ക് ഹെൽപ്പ് ഡെസ്‌ക്ക് തുടങ്ങിയതാണ് കണ്ണൂരിലെ സിപിഎം മുൻകൈയെടുത്ത മറ്റൊരു വിപ്ലവകരമായ നീക്കം. കൊട്ടിയൂരിലെത്തുന്ന ഭക്തർക്കായും സിപിഎം ഹെൽപ്പ് ഡെസ്‌ക്ക് തുടങ്ങി. ഇതിനെതിരെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പടെ രൂക്ഷവിമർശനം ജയരാജൻ ഏറ്റുവാങ്ങിയിരുന്നെങ്കിലും പിന്നീട് ഈ പ്രവർത്തനങ്ങളെല്ലാം പാർട്ടി അംഗീകരിക്കുകയായിരുന്നു.

ഇതോടെ സിപിഎമ്മിന് അകത്തും പുറത്തുമായി പി ജയരാജന്റെ ഇമേജ് വാനോളം ഉയർന്നു. പക്ഷേ അതിൽ പി ശശിയും എം വി ഗോവിന്ദനും എന്തിന് പിണറായി വിജയൻ അടക്കമുള്ളവരും, അസ്വസ്ഥരായിരുന്നു. അവർ അദ്ദേഹത്തിന് പണി കൊടുത്ത് വ്യക്തി പൂജാ വിവാദത്തിൽ ആയിരുന്നു.

വ്യക്തിപൂജ ആരോപണം വരുന്നു

'ചെഞ്ചോരപ്പൊൻ കതിരല്ലേ, ചെമ്മണ്ണിൻ മാനം കാക്കും, നന്മതൻ പൂമരമല്ലോ, കണ്ണൂരിന്റെ താരകമല്ലേ, ജയജയരാജൻ, ധീരസഖാവ്'- ആരാധകർ പാട്ടും കവിതയുമൊക്കെയായി ജയരാജനെ പുകഴ്‌ത്തിയപ്പോൾ പാർട്ടിയിൽ സംശയങ്ങൾ തുടങ്ങി. പലരുടെയും ഈഗോ പ്രവർത്തിച്ചു.

2017 നവംബർ 13ന് ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിൽ ഉന്നത നേതാക്കളുടെ ഉൾപ്പടെ വിമർശനം പി ജയരാജൻ ഏറ്റുവാങ്ങേണ്ടിവന്നു. വ്യക്തിപൂജ ഒരിക്കലും അനുവദിക്കാനാകില്ലെന്ന നിലപാടാണ് ഇക്കാര്യത്തിൽ സംസ്ഥാനനേതൃത്വം കൈക്കൊണ്ടത്. എന്നാൽ പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കാനാണ് പിജെ ഇഷ്ടപ്പെട്ടത്. എന്നെ വളർത്തിയ പാർട്ടിക്ക് ശാസിക്കാനും അധികാരമുണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എന്നാൽ ഇപ്പോൾ നോക്കുക. പിണറായി വിജയനെ 'കാരണഭൂതനാക്കി' തിരുവാതിരക്കളിവരെ അരങ്ങേറുന്നു. ഇത് വ്യക്തിപൂജയല്ലേ എന്ന് ചോദിക്കാൻ ആർക്കും ധൈര്യമില്ല.

പി ശശിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച സഖാവ് സികെപി പത്മനാഭനെ ജയരാജൻ പിന്തുണച്ചതും സംസ്ഥാന നേതൃത്വത്തിന്റെ കണ്ണിലെ കരടാൻ ഇടയാക്കി. ഇതിനിടെയാണ് ലോകസ്ഭാ തെരഞ്ഞെടുപ്പ് വരുന്നത്്. ശബരിമല വിഷയത്തിലടക്കം സംസ്ഥാന സർക്കാറിനെതിരെ വികാരം കത്തിനിൽക്കുകയും, രാഹുൽ ഗാന്ധി തരംഗം നിലനിൽക്കുയും ചെയ്യുന്ന സമയത്ത് വടകരയിൽ പി ജയരാജനെ പാർട്ടി സ്ഥാനാർത്ഥിയാക്കി. ഇതിന്റെ പേരിൽ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ എം വി ജയരാജൻ രായ്ക്കുരാമാനം സെക്രട്ടറിയായി. കുറച്ചുകാലം ആക്്റ്റിങ്ങ് സെക്രട്ടറിയായി നിൽക്കാനുള്ള മാന്യതപോലും ഉണ്ടായില്ല. പാർട്ടി നേതൃത്വത്തെ സംബന്ധിച്ച് ഒരുവെടിക്ക് രണ്ട് പക്ഷി എന്നപോലെയായിരുന്നു കാര്യങ്ങൾ. ജയരാജൻ വടകരയിൽ തോറ്റു. അദ്ദേഹത്തിന്റെ ജില്ലാ സെക്രട്ടറി സ്ഥാനവും തെറിച്ചു.

ഇതിനിടെയാണ് ആന്തൂറിലെ സാജന്റെ ആത്മഹത്യാ വിഷയുമായി ബന്ധപ്പെട്ട ജയരാജന് പാർട്ടി നേതൃത്വവുമായി ഉടക്കേണ്ടി വന്നു. ജയരാജന്റെ സുഹൃത്തുകൂടിയായിരുന്നു ഈ പ്രവാസി വ്യവസായി. ഇതിൽ പ്രതിക്കൂട്ടിൽനിന്നത് എം വി ഗോവിന്ദന്റെ ഭാര്യയും ആന്തൂർ നഗരസഭാ ചെയർ പേഴ്സണുമായ പി കെ ശ്യാമളയായിരുന്നു. ഈ ഉടക്കുകൾ എല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കുന്നതിന് ഇടയാക്കി. അപ്പോഴും പിജെ ആർമി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ആരാധകർ അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു. പക്ഷേ പിന്നീട് പിജെ തന്നെ അതിന് കടിഞ്ഞാണിട്ടു. പിജെ ആർമിയുടെ പേര് റെഡ് ആർമിയെന്നാക്കി. പിജെ ആർമിയുടെ സജീവ പോരളിയയായ ധീരജിനെ പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെത്തു. ഇത് ജയരാജനുകൂടിയുള്ള താക്കീതായിരുന്നു. താൻ പാർട്ടി നിലപാടുകൾ അനുസരിക്കുന്ന ഒരു സാധാരണ പ്രവർത്തകൻ മാത്രമാണെന്നും അതിനപ്പുറം ഒന്നുമല്ലെന്നും ജയരാജൻ വ്യക്താമക്കിയതോടെയാണ് വിവാദങ്ങൾക്ക് താൽക്കാലിക വെടി നിർത്തൽ ആയത്.

നല്ല വായനക്കാരനും എഴുത്തുകാരനും

മറ്റ് സിപിഎം നേതാക്കളിൽനിന്ന് വ്യത്യസ്തനായി നല്ലൊരു വായനക്കാരനും സിനിമാ പ്രേമിയുമാണ് ജയരാജൻ. പീഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ള അദ്ദേഹം പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. അദ്ദേഹ പുസ്തകം മൊഴിമാറ്റിയ ജോമോൻ ജോ ഇങ്ങനെ എഴുതുന്നു.-''എട്ടു വർഷമായി അദ്ദേഹത്തെ അറിയാം. മൂന്നു വർഷത്തോളം അദ്ദേഹത്തെ അടുത്ത് നിന്ന് കണ്ടിട്ടുള്ള ആളുമാണ് ഞാൻ. അദ്ദേഹത്തിന്റെ 'സംഘർഷങ്ങളുടെ രാഷ്ട്രീയം' എന്ന പുസ്തകത്തിൽ തന്നെ തുടങ്ങാം. സംഘർഷങ്ങളുടെ രാഷ്ട്രീയം ഇംഗ്‌ളീഷിലേക്ക് വിവർത്തനം ചെയ്തത് ഞാനാണ്. അദ്ദേഹത്തിന് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് പ്രതിപാദിച്ചാണ് പുസ്തകം തുടങ്ങുന്നത് പക്ഷെ ആറു പേജിനകത്തു പി ജയരാജൻ എന്ന വ്യക്തിയുടെ കഥ തീരുകയും പിന്നീട് വരുന്ന 98 ശതമാനം സംഘ പരിവാർ സംഘടനകൾ കേരളത്തിൽ ഉണ്ടാക്കിയ ആക്രമണങ്ങളുടെ വസ്തു നിഷ്ഠമായ ചരിത്ര പഠനത്തിലേക്ക് ആ പുസ്തകം പോകുന്നു. ആരോ എഴുതിക്കൊടുത്ത ആ ആറു പേജ് മതി പി ജയരാജൻ എന്ന കമ്മൂണിസ്റ്റുകാരന്.
പ്രീ ഡിഗ്രി വരെ പഠിച്ച ഒരാൾക്ക് ഒരു പുസ്തകം എഴുതാൻ പറ്റുമോ.
അതും തള്ളവിരൽ ഇല്ലാത്ത കയ്യുടെ ചൂണ്ടു വിരലിനും നടു വിരലിനു മിടയിൽ പേന തിരുകി.

അതെ സാധിക്കും പക്ഷെ എല്ലാവർക്കും സാധിക്കില്ല.അദ്ദേഹത്തിന് വേണ്ടി കുറെയേറെ ലേഖനങ്ങൾ ഞാൻ എഴുതിയിട്ടുണ്ട്. ആശയങ്ങളെല്ലാം ഫോണിൽ റെക്കോർഡ് ചെയ്തു തരും കേട്ട് എഴുതിക്കോളണം. ആ ഒരു അനുഭവം കുറെയേറെ എഴുതി തെളിയാൻ സഹായിച്ചിട്ടുണ്ട്. കുറഞ്ഞ വാക്കുകളിൽ കൂടുതൽ ആശയം ഉൾക്കൊള്ളിക്കുക അതായിരുന്നു രീതി. ആർത്തിയോട് പുസ്തകം വായിക്കുന്ന ഒരാളെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ ,അത് സഖാവാണ്.

രണ്ടാം വത്തിക്കാൻ സുന്നഹദോസിന്റെ പ്രമാണ രേഖകളും മാർപ്പാപ്പമാരുടെ ചാക്രിക ലേഖനങ്ങളും ആഴത്തിൽ വായിച്ചിട്ടുള്ള എത്ര കത്തോലിക്കാരുണ്ടെന്നറിയില്ല. പക്ഷെ മൂലധനവും മാനിഫെസ്റ്റോയും പോലെ അദ്ദേഹത്തിന് അത് സുപരിചിതമാണെന്നു ഈ പുസ്തകങ്ങളെല്ലാം. അദ്ദേഹം ജില്ലാ സെക്രട്ടറി ആയിരിക്കുമ്പോൾ ഉറച്ച ഹിന്ദു മുസ്ലിം വിശ്വാസികൾ സിപിഎമ്മിലേക്ക് വരുന്നെങ്കിൽ അഥവാ അനുഭാവികളാകുന്നെങ്കിൽ അത് പാർട്ടിയേക്കാൾ അദ്ദേഹത്തിന്റെ തന്നെ വ്യക്തിത്വം കൊണ്ടാണ്.

അതുമായി ബന്ധപ്പെട്ട ഒരു സംഭവം ഓർമ്മ വരുന്നത് എന്റെ വിവാഹം തന്നെയാണ് അദ്ദേഹം എംഎൽഎ ആയിരിക്കുമ്പോഴാണ് അത്. മൂന്നു മണിക്കൂറോളം നീളുന്ന പള്ളിയിലെ പരിപാടികളിൽ മുഴുവൻ സമയവും അദ്ദേഹവും കുടുംബങ്ങളും ഉണ്ടായിരുന്നു. എല്ലാവരും വിചാരിച്ചതു എന്നോടുള്ള സ്‌നേഹം കൊണ്ടാണെന്നു പക്ഷെ എനിക്കറിയാമായിരുന്നു അത് ഒരു മതത്തിന്റെ വിവാഹ ചടങ്ങു അതി സൂക്ഷ്മം മനസിലാക്കുവാൻ വേണ്ടിയാണെന്ന്. പിന്നീട് പലപ്പോഴും അതെ കുറിച്ച് സംസാരിച്ചപ്പോൾ അത് വ്യക്തവുമായി.പാറായി കാവിലെ തെയ്യം തുള്ളൽ മണിക്കൂറുകളോളം ആസ്വദിക്കുന്ന അതെ മനസ്സോടെ മോഹൻലാലിന്റെ സിനിമകളും സെമി ക്ലാസിക്കൽ ഗാനങ്ങളും ക്രിസ്ത്യാനിയുടെ വിവാഹവും മുസ്ലീമിന്റെ ബിരിയാണിയും ഒരു കൊച്ചുകുട്ടിയുടെ മനസ്സോടെ ആസ്വദിക്കാൻ അദ്ദേഹത്തിന് പറ്റും.

കേരളത്തിൽ പല നേതാക്കന്മാരും അഴിമതി ആരോപണങ്ങളും ആഡംബര ജീവിതം ജീവിക്കുന്നതിന്റെ പഴി കേൾക്കുകയും ചെയ്യുമ്പോൾ രാഷ്ട്രീയക്കാരന്റെ ലാളിത്യം എന്താണെന്ന് മനസ്സിലാകണമെങ്കിൽ കതിരൂർ ഉള്ള ആ വീട്ടിൽ ചെന്നാൽ മതി.
ഒരു കൊതുകു പോലും ഒന്ന് കടിക്കാൻ ഇഷ്ടപ്പെടാത്ത ചിലർ ഇസഡ് കാറ്റഗറിയും യു കാറ്റഗറിയും ഒക്കെ വേണമെന്ന് വാശിപിടിക്കുമ്പോൾ 'ചട്ടമ്പി നാടും', 'ഇവിടം സ്വർഗ്ഗമാണു' ഒക്കെ കാണാൻ എന്റെ ബൈക്കിന്റെ പിറകിൽ ഇരുന്നു സെക്കന്റ് ഷോ കാണാൻ തിരുവനന്തപുരം സിറ്റിയിൽ കൂടി യാത്ര ചെയ്ത ധൈര്യത്തിന്റെ പര്യായമായ നേതാവിനെ അങ്ങനെ വിളിക്കാൻ പാടില്ലേ.''- ജോമോൻ ജോ ചോദിക്കുന്നു.

എതിരാളികൾക്ക് യമരാജൻ

ഒരുവശത്ത് ജനപ്രിയ ഇടപെടൽ ഉള്ളപ്പോഴും അക്രമരാഷ്ട്രീയത്തിന്റെ വക്താവായാണ് എതിരാളികളും കണ്ണൂരിന് പുറത്തുള്ളവരും ജയരാജനെ കാണുന്നത്. കണ്ണൂരിൽ തുടർച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയകൊലപാതകങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന് അദ്ദേഹത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്നതാണ് വിമർശനം. കതിരൂർ മനോജ് വധക്കേസ്, അരിയിൽ ഷുക്കൂർ വധക്കേസ്, എന്നിവയിലാണ് ജയരാജൻ പ്രതിചേർക്കപ്പെട്ടിട്ടുള്ളത്. കൂടാതെ ടി പി ചന്ദ്രശേഖരന്റെത് അടക്കം മറ്റു ചില രാഷ്ട്രീയ കൊലപാതകങ്ങളിലും ജയരാജന് ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്. ആർഎസ്എസ് പ്രവർത്തകനായിരുന്ന കതിരൂർ മനോജ് വധക്കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലിലായ ജയരാജൻ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. ജയരാജൻ വധശ്രമത്തിന് പ്രതികാരമായാണ് ഈ കൊലപാതകമെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ വധിച്ചതുമായി ബന്ധപ്പെട്ട് ജയരാജനെതിരെ കൊലപാതകം-ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സിബിഐ ചുമത്തിയിട്ടുള്ളത്.

പി.ജയരാൻ വധശ്രമ കേസിലെ പ്രതികളെ ഒന്നൊന്നായി തിരഞ്ഞുപിടിച്ച് സിപിഎം വധശിക്ഷ നടപ്പാക്കിയിരുന്നു. അതിനു ചുക്കാൻ പിടിച്ചു എന്നാരോപിച്ചായിരുന്നു ജയകൃഷ്ണൻ മാസറ്ററെയും കൊലപ്പെടുത്തിയത്. കതിരൂർ മനോജ് പി.ജയരാജനെ അക്രമിച്ച കേസിൽ 5ാം പ്രതിയായിരുന്നു.

മനോജിനോടുള്ള രാഷ്ട്രീയ വിരോധവും വ്യക്തിവൈരാഗ്യവുമാണ് കൊല ആസൂത്രണം ചെയ്യാൻ ജയരാജനെ പ്രേരിപ്പിച്ചതെന്ന് സിബിഐയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കൃത്യമായ തയ്യാറെടുപ്പിലും ഗൂഢാലോചനയിലും നടന്ന രാഷ്ട്രീയ കൊലപാതകമാണിത്. 1997 മുതൽ ഇതിനു വേണ്ടിയുള്ള ആസൂത്രണം നടന്നു.സിപിഎം. അനുഭാവികളും അംഗങ്ങളുമായിരുന്നു മനോജിന്റെ കുടുംബാംഗങ്ങൾ. പിതാവിന്റെ മരണശേഷം മനോജ് ആർ.എസ്.എസുമായി അടുത്തു. 1997ൽ മനോജ് ആർ.എസ്.എസിൽ ചേർന്നു. മനോജിന്റെ കുടുംബത്തിന് ജയരാജനുമായി അടുപ്പമുണ്ടായിരുന്നു. മനോജിനോടു സിപിഎമ്മിലേക്ക് മടങ്ങിവരാൻ ജയരാജൻ പലവട്ടം ആവശ്യപ്പെട്ടിരുന്നു. ഈ ഘട്ടത്തിൽ രണ്ടു തവണ മനോജിനെതിരേ രാഷ്ട്രീയ ആക്രമണമുണ്ടായി. 1999ൽ പി. ജയരാജനെ ആക്രമിച്ച കേസിൽ മനോജ് അഞ്ചാം പ്രതിയായതോടെയാണ് ജയരാജനു പകയായത്. തുടർന്ന് കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും നടത്തിയായിരുന്നു കൊലപാതക നടന്നതെന്നാണ് സിബിഐ ആരോപിക്കുന്ന്.

എന്നാൽ ഇത് ശുദ്ധ നുണയാണെന്നാണ് ജയരാജനെ അനകൂലിക്കുന്നവർ പറയുന്നത്. തന്നെ വെട്ടിയവരോടും പോലും ക്ഷമിച്ച നേതാവാണ് അദ്ദേഹം. അങ്ങനെയാണ് നിരവധി സംഘപരിവാർ നേതാക്കളെ സിപിഎമ്മിലേക്ക് കൊണ്ടുവന്നത്. പിജെയുടെ രാഷ്ട്രീയ പ്രതികാരം അങ്ങനെയാണെന്നാണ് അവർ പറയുന്നത്. അതുപോലെ തന്നെ ടിപി ചന്ദ്രശേഖരനുമായി പാർട്ടിയിലേക്ക് മടങ്ങിവരാൻ ജയരാജൻ ചർച്ച നടത്തി വരികയായിരുന്നെന്നും അതിനിടിയിലാണ് കൊല ഉണ്ടായതെന്നുണാണ് പിജെ ആർമിക്കാർ പറയുക. ടിപി വധക്കേസിൽ ജയരാജന് മനസ്സാവാചാ ബദ്ധമില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

വടകര തെരഞ്ഞെടുപ്പിൽ ഈ അക്രമരാഷ്ട്രീയം ചർച്ചയായപ്പോൾ പി ജയരാജൻ ഫേസ്‌ബുക്കിൽ ഇങ്ങനെ കുറിച്ചു. ''എന്റെ നാല്പത്തിയേഴാം വയസ്സുവരെ ഞാൻ എഴുതിയത് വലതുകൈ കൊണ്ടാണ്. വലതുകൈക്കിപ്പോൾ ശക്തിയില്ല. ഇടതുകൈയിൽ പേന പിടിപ്പിച്ചാണ് ഇപ്പോഴത്തെ എഴുത്ത്. ഇടതുകൈയിലാവട്ടെ 47 വയസ്സുവരെ അഞ്ച് വിരലുകളുണ്ടായിരുന്നു. അതിനുശേഷം എനിക്ക് തള്ളവിരലുണ്ടായിട്ടില്ല. ഈ വയസ്സുവരെ ഏതൊരാളെയും പോലെ ആരോഗ്യവാനായിരുന്നു ഞാനും. എല്ലാവരേയും പോലെ ഭക്ഷണം കഴിക്കാനുൾപ്പടെ സാധിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ അങ്ങനെയല്ലെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇങ്ങനെ അക്രമരാഷ്ട്രീയത്തിന്റെ ഇരയായ ഞാൻ അക്രമം നടത്തുന്നുവെന്ന് പറയുന്നതിൽ എന്താണ് അർഥം''.

പിന്നിൽ പിണറായിയുടെ ഈഗോ

കോഴിക്കോട് മാനഞ്ചിറ മൈതാനിൽ നടന്ന ഒരു പൊതുയോഗത്തിൽ തന്നെ വൻ കൈയടികളോടെ ജനം സ്വീകരിച്ചപ്പോൾ, 'അത് ഇഎംഎസ് നോട്ട് ചെത്തിട്ടുണ്ടെന്നും ഇനി നിന്റെ കാര്യം പോക്കാണെന്നും,' ഒരു സീനിയർ നേതാവ് പറഞ്ഞതായി എം വി രാഘവൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. എന്നും സിപിഎം പോലുള്ള പാർട്ടികളുടെ പ്രശ്നമായിരുന്നു ഇഗോ. ഇവിടെ തുറന്ന പറയുകയാണെങ്കിൽ കണ്ണൂർ നേതാക്കളുടെയും പിണറായി വിജയന്റെയും ഇഗോയാണ് ജയരാജന് വിനയായത്.

വിജയ-ജയരാജന്മാർ എന്നായിരുന്നു കണ്ണുരിലെ സിപിഎം രാഷ്ട്രീയത്തിലെ ഫോർമുല. ഇപി-എംവി-പി ജയരാജന്മാരും പിന്നെ പിണറായിയും. പക്ഷേ അതിൽനിന്ന് പി ഇപ്പോൾ പൂർണ്ണമായും വെട്ടിമാറ്റപ്പെട്ടിരിക്കുന്നു. നേരത്തെ കണ്ണൂരിൽ പാർട്ടി ജയരാജന്റെ നിയന്ത്രണം പൂർണ നിയന്ത്രണത്തിലാണ് എന്നത് പൊളിക്കാൻ അവർ ആസൂത്രിതമായി തീരുമാനിക്കയായിരുന്നു. പിജെ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പക്ഷത്തേക്ക് മാറിയോ എന്നുള്ള സംശയവും ഇതോടൊപ്പം ഉണ്ടായിരുന്നു. മാത്രമല്ല എന്നും അണികൾക്ക് ഒപ്പം നിൽക്കുന്ന നിലപാടും പ്രശനമായി. പിണറായി ഭരിക്കുമ്പോൾ പൊലീസ് സ്റ്റേഷനിലേക്ക് പി ജയരാജന്റെ നേതൃത്വത്തിൽ കണ്ണൂരിലെ പാർട്ടി മാർച്ച് നടത്തുന്ന അവസ്ഥയുണ്ടായി! ഇതൊന്നും പിണറായിസ്റ്റുകൾക്ക് സഹിക്കാൻ കഴിഞ്ഞില്ല.

വിഎസിനും ജയരാജനും മേൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾക്കും സാമ്യം കാണാൻ കഴിയും. രണ്ടു പേരും പാർട്ടിയേക്കാൾ വലുതായ വ്യക്തിത്വങ്ങളാണ് എന്നതാണ് ആ കുറ്റം. ഒരുകാലത്ത് വിഎസിനെതിരായ കാമ്പയിനിൽ മുന്നിൽ നിന്നയാളാണ് പിജെ എന്നതും ചരിത്രത്തിന്റെ കാവ്യ നീതി. വെറും സംസ്ഥാന കമ്മറ്റി മെമ്പറായി ഒതുക്കപ്പെട്ടിട്ടും പി ജയരാജൻ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഇപ്പോൾ പാർട്ടിക്ക് അകത്ത് അദ്ദേഹം പുതിയ ഒരു പോർമുഖം തുറക്കുകയാണ്. നിരവധി ആരോപണങ്ങൾ വേട്ടയാടുന്ന പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന കമ്മറ്റിൽ തുറന്നടിച്ചിരിക്കയാണ് അദ്ദേഹം.

സംസ്ഥാന സമിതിയിലേക്ക് വന്ന പി ശശി കണ്ണൂരിൽനിന്നുള്ള സംസ്ഥാന സമ്മേളന പ്രതിനിധിപോലും ആയിരുന്നില്ല. കണ്ണൂർ ജില്ലാ കമ്മിറ്റി ഇയാളെ പരിഗണിച്ചിരുന്നില്ല.
യർന്ന ഒരു പാർട്ടി നേതാവിന്റെ ഭാര്യയെ ബലാത്സഗം ചെയ്യാൻ ശ്രമിച്ചു എന്നു വളരെ വ്യക്തമായ കേസ് ആണ് പി ശശിക്കെതിരെ ഉയർന്നത്. ഇതു സംബന്ധിച്ച് കണ്ണൂർ ജില്ലയിൽ പി ശശിക്കെതിരെ പടം നയിച്ചത് പി ജയരാജൻ, സി കെപി പത്മനാഭൻ ശൈലജ ടീർ എന്നിവർ ആയിരുന്നു.ഡിവൈഎഫ്ഐയുടെ എക്കാലത്തെയും മികച്ച സ്റ്റേറ്റ് നേതാവായിരുന്നു സി കെ പി പത്മനാഭൻ. അദ്ദേഹം ഇപ്പോഴും ഏരിയാ കമ്മിറ്റിയിൽ തുടരുകയാണ്. മുൻ സംസ്ഥാന കമ്മിറ്റി അംഗമാണ് പത്മനാഭൻ. അതുപോലെ രണ്ടാംമൂഴം നിഷേധിക്കപ്പെട്ട ശൈലജടീച്ചറും.

സിപിഎം പിണറായിയുടെ തിരുവായ്ക്ക് എതിർവായില്ലാതെ നിൽക്കുമ്പോൾ അനീതിക്കെതിരെ പാർട്ടിക്ക് അകത്ത് നിന്ന് പൊരുതുന്ന ജയരാജൻ പക്ഷേ പാർട്ടി വിടുമോ എന്നപോലും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. റെഡ് ആർമിയായി മാറിയ പിജെ ആർമിയാവട്ടെ എല്ലാം കാത്തിരുന്ന് കാണാം എന്ന നിലപാടിലാണ്.

വാൽക്കഷ്ണം: സ്വന്തമായി ഫാൻസ് അസോസിയേഷൻ ഉള്ള കേരളത്തിലെ ഏക നേതാവാണ് പി ജയരാജൻ എന്ന് പറയാം. ഏറ്റവും ഒടുവിലായി ഭീഷ്മപർവം സിനിമയിലെ മമ്മൂട്ടിയുടെ 'ചാമ്പിക്കോ' മോഡൽ ഫോട്ടോ എടുക്കലാണ്, പിജെയുടെ പേരിൽ അണികൾ വൈറലാക്കുന്നത്. ആര് ഒതുക്കാൻ ശ്രമിച്ചാലും കണ്ണൂരിലെ സാധാരണ പ്രവർത്തകർക്ക് പാർട്ടിയെന്നാൽ ഇപ്പോഴും പി ജയരാജൻ തന്നെയാണ്.