- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃക്കാക്കരയിൽ ഡോ.ജോ ജോസഫ് ഇടതുമുന്നണി സ്ഥാനാർത്ഥി, മത്സരിക്കുന്നത് സിപിഎം ചിഹ്നത്തിൽ; യുഡിഎഫ് കോട്ട പിടിക്കാൻ രംഗത്ത് ഇറക്കുന്നത് പ്രളയകാലത്തെ ജനസേവനത്തിലൂടെ ശ്രദ്ധ നേടിയ പ്രമുഖ കാർഡിയോളജിസ്റ്റിനെ; വൻ വിജയം നേടുമെന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ഇപി ജയരാജൻ
കൊച്ചി; തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഡോ. ജോ ജോസഫ് ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കും. ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ലിസി ഹോസ്പിറ്റലിലെ ഡോക്ടറാണ്. ഹൃദയാരോഗ്യ രംഗത്തെ പ്രമുഖനാണ് ജോ ജോസഫെന്നും അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിലാണ് മത്സരിക്കുകയെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമാണ് അദ്ദേഹമെന്നും കഴിഞ്ഞ പ്രളയകാലത്ത് ജനങ്ങളെ സേവിക്കാൻ ഇറങ്ങിപ്പുറപ്പെട്ട് ജനങ്ങളുടെയാകെ അംഗീകാരം നേടിയയാളാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു. തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്. കഴിഞ്ഞ തവണ പി.ടി തോമസിനെതിരെ എല്ലുരോഗ വിദഗ്ധനായ ജെ ജേക്കബിനെയാണ് സിപിഎം മത്സരിപ്പിച്ചത്. ഇക്കുറിയും മണ്ഡലം പിടിക്കാൻ പാർട്ടി കളത്തിലിറക്കുന്നതും ഒരു ഡോക്ടറെ തന്നെയാണ്.
ഇങ്ങനെയൊരു സ്ഥാനാർത്ഥി തൃക്കാക്കരയിലെ ജനങ്ങൾക്കു മഹാഭാഗ്യമാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു. സ്ഥാനാർത്ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന രീതിയില്ല. എല്ലാ പാർട്ടികളുമായി ബന്ധപ്പെട്ടുകൊണ്ടാണ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത്. മുന്നണിയിൽ ചർച്ച ചെയ്ത് നടപടിക്രമങ്ങൾ പൂർത്തീകരിച്ചാണ് യഥാവസരം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണി തൃക്കാക്കരയിൽ വിജയിക്കും. ഇടതുമുന്നണി അജയ്യ ശക്തിയാണെന്നു തെളിയിക്കുന്നതാകും ഉപതിരഞ്ഞെടുപ്പ്. വികസന വിരോധികളുടെ മുന്നണിയാണു യുഡിഎഫ്. തൃക്കാക്കരയിലെ ജനങ്ങളെ വികസന പദ്ധതികളുമായി സമീപിക്കുകയാണ്. കൊച്ചിയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കും. ഇതിനുള്ള പദ്ധതികളെല്ലാം എൽഡിഎഫ് തയാറാക്കുന്നുണ്ട്.
കേരളത്തിന്റെ സമഗ്രമായ വികസനം മുൻനിർത്തിയാണ് ഇടതുമുന്നണി ജനങ്ങളെ സമീപിക്കുന്നത്, എൽഡിഎഫ് സർക്കാർ നടപ്പിലാക്കായി ജനോപകാരനടപടികൾ തെരഞ്ഞടുപ്പിൽ എൽഡിഎഫിന് സഹായകമായും. മോദി സർക്കാരിനെതിരെ ഒരു ബദലായി പിണറായി സർക്കാർ മുന്നോട്ടുപോകുകയായാണ്. യുഡിഎഫ് ദുർബലമാകുകയായാണ്. മുന്നണിയിൽ ഓരോ പാർട്ടിയും അകന്നുപോകുകയാണെന്നും ജയരാജൻ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ എൽഡിഎഫ് 99 സീറ്റിലെത്തി. സീറ്റിലുണ്ടായ വർധന മാത്രമല്ല ബഹുജനങ്ങൾക്കിടയിൽ വലിയ പിന്തുണയും അംഗീകാരവും നേടാൻ ഇടതു മുന്നണിക്കു സാധിച്ചു. ജനങ്ങൾ പ്രളയത്തെയും മാഹാമാരിയെയും നേരിടുന്ന സാഹചര്യത്തിൽ ജനരക്ഷയ്ക്കായി മുന്നണിയും സർക്കാരും ചെയ്ത കാര്യങ്ങൾ സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്നു.
പിന്നോക്കാവസ്ഥയിൽ കിടക്കുന്ന കേരളത്തെ ഉയർത്തിക്കൊണ്ടുവരാൻ സർക്കാരിന് സാധിച്ചു. ഭവനരഹിതരില്ലാത്ത കേരളം, ആരോഗ്യ സമ്പുഷ്ടമായ നാട്, മതസൗഹാർദം മെച്ചപ്പെടുത്തി ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയാകും. ദേശീയ ബദൽ രൂപപ്പെടുത്തി ജനക്ഷേമ പ്രവർത്തനത്തിലൂടെ ഇന്ത്യയിൽ ഉയർന്നുവരികയാണെന്നും ജയരാജൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ