കണ്ണൂർ: തലശ്ശേരിയിലെ ബിജെപി പ്രവർത്തകരുടെ പ്രകോപനപരമായ മുദ്രാവാക്യത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. കണ്ടാലറിയാവുന്ന 25ൽ അധികം ബിജെപി പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. അതേസമയം, ബിജെപി പ്രകടനത്തിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിനെതിരെ ഖാദി ബോർഡ് വൈസ് ചെയർമാനും സിപിഎം നേതാവുമായ പി.ജയരാജൻ രംഗത്തെത്തി. എൽഡിഎഫ് സർക്കാരും സിപിഎമ്മും കേരളത്തിൽ ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ലെന്ന് ജയരാജൻ പറഞ്ഞു. 1971-ലെ കലാപ സമയത്ത് തന്നെ സിപിഎമ്മിന്റെ കരുത്ത് ആർഎസ്എസുകാർക്ക് ബോധ്യമായിട്ടുണ്ടെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

പി.ജയരാജന്റെ പോസ്റ്റ്:

കഴിഞ്ഞ ദിവസം ബി. ജെ. പി തലശ്ശേരിയിൽ നടത്തിയ പ്രകടനത്തിൽ അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. അഞ്ച് നേരം നിസ്‌കരിക്കാൻ പള്ളികൾ ഉണ്ടാവില്ലെന്നും അത് തങ്ങൾ തകർക്കുമെന്നാണ് അവരുടെ ഭീഷണി.തലശ്ശേരിക്ക് ഒരു പ്രത്യേക ചരിത്രമുണ്ടെന്ന് ബിജെപി ക്കാർഓർക്കണം.

അത് ബിജെപി രൂപപ്പെടുന്നതിന് മുൻപുള്ളതാണ്. അവരുടെ ആത്മീയ ആചര്യന്മാരായ ആർഎസ്സഎസ്സ് നടത്തിയ 1971 ലെ തലശ്ശേരി വർഗീയ കലാപമായിരുന്നു അത്. അതിന്റെ ഭാഗമായി അന്ന് മുസ്ലിം പള്ളികൾക്ക് നേരെയും വീടുകൾക്ക് നേരെയും ആക്രമമുണ്ടായി. ചിലയിടത്ത് മുസ്ലിം വർഗീയ വാദികളും കടകൾക്കും മറ്റും നേരെ തിരിച്ച് ആക്രമണം നടത്തി. അപ്പോഴാണ് സിപിഐ എം ന്റെ കരുത്ത് RSS കാർക്ക് ബോധ്യമായത്. മുസ്ലിം പള്ളികൾ വ്യാപകമായി തകർക്കാനുള്ള RSS പദ്ധതിക്ക് തടയിടാൻ സിപിഐ എം മുന്നോട്ടുവന്നു. ആത്മത്യാഗം ചെയ്തും മതസൗഹാർദ്ദം പുനർസ്ഥാപിക്കാൻ പ്രവർത്തകർ മുന്നോട്ട് വരണമെന്ന ആഹ്വാനം ഉൾക്കൊണ്ടായിരുന്നു ആ പ്രവർത്തനം.

എൽഡിഎഫ് സർക്കാരും സിപിഐ എമ്മും കേരളത്തിൽ ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ല.അത് ബിജെപിക്കാർ ഓർക്കുന്നത് നല്ലതാണ്. കേരളത്തിൽ RSS ഉയർത്തുന്ന വെല്ലുവിളി നേരിടാൻ സിപിഐ എമ്മിനും മത നിരപേക്ഷപ്രസ്ഥാനത്തിനും നല്ല കരുത്തുണ്ടെന്ന് അവർ ഓർക്കണം.

പള്ളികൾ രാഷ്ട്രീയ പ്രചാരവേലയ്ക്ക് ദുരുപയോഗം ചെയ്യാനുള്ള ലീഗ് ശ്രമമാണ് ഹിന്ദുത്വ തീവ്രവാദികൾക്ക് അവസരമുണ്ടാക്കി കൊടുത്തത്.ഏതായാലും കേരളത്തിലെമ്പാടുമുള്ള മതനിരപേക്ഷ വാദികൾ അങ്ങേയറ്റം ജാഗ്രത പുലർത്തേണ്ട സന്ദർഭമാണിത്.


തലശ്ശേരിയിലെ ബജെപി പ്രവർത്തകരുടെ വിദ്വേഷ മുദ്രാവാക്യത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ഐപിസി 143, 147, 153എ, 149 വകുപ്പുകൾ പ്രകാരമാണ് കേസ്. മതസ്പർധ വളർത്തൽ, കലാപത്തിന് ആഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

യുവമോർച്ച കണ്ണൂർ ജില്ലാകമ്മിറ്റി തലശ്ശേരിയിൽ സംഘടിപ്പിച്ച കെടി ജയകൃഷ്ണൻ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ റാലിക്കിടെയായിരുന്നു വിദ്വേഷമുദ്രാവാക്യങ്ങൾ മുഴക്കിയത്. 'അഞ്ച് നേരം നിസ്‌കരിക്കാൻ പള്ളികളൊന്നും കാണില്ല. ബാങ്ക് വിളികളും കേൾക്കില്ല..'' എന്നിങ്ങനെയായിരുന്നു ബിജെപി സംസ്ഥാന നേതാക്കൾ അടക്കമുള്ളവർ പങ്കെടുത്ത റാലിയിൽ ഉയർന്ന മുദ്രാവാക്യങ്ങൾ.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. രഞ്ജിത്ത്, കെപി സദാനന്ദൻ, സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി തുടങ്ങിയ നേതാക്കളായിരുന്ന വിദ്വേഷമുദ്രാവാക്യം ഉയർന്നപ്പോൾ റാലിയുടെ മുൻനിരയിൽ ഉണ്ടായിരുന്നത്.നേരത്തെ ഡിവൈഎഫ്‌ഐ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി ജിഥുൻ വിദ്വേഷ പ്രചാരണത്തിനെതിരെ പരാതി നൽകിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേതുപോലെ മതത്തിന്റെ പേരിൽ വെറുപ്പ് വളർത്താനുള്ള ശ്രമമാണ് നടന്നതെന്നും ഇത് അനുവദിക്കാൻ കഴിയില്ലെന്നും ഡിവൈഎഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.