- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി ജയരാജനു ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്നു ജില്ലാ ആശുപത്രിയുടെ റിപ്പോർട്ട്; കോടതിയിൽ കീഴടങ്ങിയ നേതാവിനെ പരിയാരം മെഡിക്കൽ കോളേജിലേക്കു മാറ്റി; യുഎപിഎ ഉള്ളതിനാൽ റിമാൻഡ് ചെയ്തത് ഒരു മാസത്തേക്ക്
കണ്ണൂർ: കതിരൂർ മനോജ് വധക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ച സിപിഐ(എം) നേതാവ് പി.ജയരാജൻ തലശ്ശേരി കോടതിയിൽ കീഴടങ്ങി. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ജയരാജൻ എ.കെ.ജി ആംബുലൻസിലാണ് കോടതിയിൽ എത്തിയത്. കോടതി നടപടി പൂർത്തിയായിക്കഴിഞ്ഞ് അദ്ദേഹത്തെ കണ്ണൂർ സെൻട്രൽ ജയിലേക്ക് കൊണ്ടുപോയിരുന്നു. തുടർന്നു ജയിൽ ഡോക്ടർമാർ അദ്ദേഹ

കണ്ണൂർ: കതിരൂർ മനോജ് വധക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ച സിപിഐ(എം) നേതാവ് പി.ജയരാജൻ തലശ്ശേരി കോടതിയിൽ കീഴടങ്ങി. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ജയരാജൻ എ.കെ.ജി ആംബുലൻസിലാണ് കോടതിയിൽ എത്തിയത്.
കോടതി നടപടി പൂർത്തിയായിക്കഴിഞ്ഞ് അദ്ദേഹത്തെ കണ്ണൂർ സെൻട്രൽ ജയിലേക്ക് കൊണ്ടുപോയിരുന്നു. തുടർന്നു ജയിൽ ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ചു. തുടർന്നാണ് പരിയാരം മെഡിക്കൽ കോളേജിലേക്കു മാറ്റിയത്. ജയരാജന് ഗൗരവതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നു കണ്ണൂർ ജില്ലാ ആശുപത്രി നേരത്തെ റിപ്പോർട്ടു നൽകിയിരുന്നു.
കതിരൂർ മനോജ് കേസിൽ യു.എ.പി.എ ചുമത്തിയതുകൊണ്ടാണ് കോടതി അദ്ദേഹത്തെ ഒരു മാസത്തേക്ക് റിമാൻഡ് ചെയ്തത്. തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ കൊണ്ടുവന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം ജയരാജന് ആരോഗ്യ പ്രശ്‌നമുണ്ടെന്ന് കണ്ടെത്തി. ഈ റിപ്പോർട്ടു പരിശോധിച്ചശേഷമാണു ജയരാജനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള തീരുമാനം.
യുഎപിയെ കേസ് ആയതിനാലാണ് ഒരു മാസത്തേക്കു കോടതി റിമാൻഡ് ചെയ്തത്. അസുഖകാരണങ്ങൾ ഉയർത്തി ജയലിൽ ജയരാജന് പ്രത്യേക പരിഗണനകൾ നൽകണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിലും ജയിൽ സൂപ്രണ്ട് തീരുമാനം എടുക്കും. ഒരു സഹായിയെ ജയരാജന് അനുവദിക്കണമെന്നാണ് ആവശ്യം. രാവിലെ തലശ്ശേരി കോടതിയിൽ പാർട്ടി പ്രവർത്തകർ ആരും എത്തിയിരുന്നില്ല. എന്നാൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ജയരാജന് അഭിവാദ്യം അർപ്പിക്കാൻ നിരവധി പ്രവർത്തകരെത്തി. എന്നാൽ സംഘർഷമുണ്ടാക്കരുതെന്ന പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശം ഉൾക്കൊണ്ടാണ് പ്രവർത്തകർ പ്രതിഷേധം ഉയർത്തിയത്.
കീഴടങ്ങിയ സാഹചര്യത്തിൽ കോടതിയിൽ പുതിയ ജാമ്യാപേക്ഷ കൊടുക്കും. എന്നാൽ യുഎപിഎ ചുമത്തിയിട്ടുള്ളതിനാൽ ഇത് അംഗീകരിക്കാൻ ഇടയില്ല. ചോദ്യം ചെയ്യലിന് സിബിഐയും ഉടൻ അപേക്ഷ നൽകുമെന്നാണ് സൂചന. തിങ്കളാഴ്ച സിബിഐ ഇതിനുള്ള നടപടികൾ കൈക്കൊള്ളും. മാദ്ധ്യമങ്ങളെ കണ്ട ശേഷമാണ് ജയരാജൻ കോടതിയിൽ ഹാജരായത്. ആർഎസ്എസിനെതിരെ രൂക്ഷ ആരോപണങ്ങളും ഉന്നയിച്ചു. കള്ളക്കേസ് ചുമത്തി കണ്ണൂരിൽ സിപിഎമ്മിനെ തകർക്കാനാണ് ശ്രമമെന്നും ജയരാജൻ ആരോപിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആർഎസ്എസ് നീക്കത്തിന് കൂട്ടുനിൽക്കുന്നതായും ആരോപിച്ചു. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത കണ്ണൂരിലെ ആർഎസ്എസ് ബൈഠക്കാണ് തന്നെ കേസിൽപ്പെടുത്താനുള്ള തീരുമാനം എടുത്തത്. ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് ആർഎസ്എസ് നേതൃത്വം അയച്ച കത്ത് ഇതിന് തെളിവാണെന്നും ജയരാജൻ വിശദീകരിച്ചു.
ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് കീഴടങ്ങൽ. പരിയാരത്തെ ഡോക്ടറോട് ആവശ്യപ്പെട്ട് ഡിസ്ചാർജ്ജ് വാങ്ങുകയായിരുന്നു. അതിന് ശേഷം സിപിഐ(എം) പാർട്ടി യോഗത്തിൽ പങ്കെടുക്കുമെന്നായിരുന്നു പ്രചരണം. എന്നാൽ എല്ലാവരേയും അത്ഭുതപ്പെടുത്തി ജയരാജൻ തലശ്ശേരി കോടതിയിലേക്ക് പോവുകയായിരുന്നു. തലശ്ശേരി സെഷൻസ് കോടതിയിലായിരുന്നു കീഴടങ്ങൽ. രാവിലെ പതിനൊന്ന് മണിക്ക് ആദ്യ കേസായി പരിഗണിക്കുന്ന തരത്തിലാണ് ജയരാജൻ കോടതിയിൽ എത്തിയത്. മുൻ എംപിയും ജയരാജന്റെ സഹോദരിയുമായിരുന്ന പി സതീദേവിയും കോടതിയിൽ എത്തിയിരുന്നു. എന്നാൽ പാർട്ടി പ്രവർത്തകർ ആരും കോടതി പരിസരത്ത് എത്തിയില്ല. പരിയാരം മെഡിക്കൽ കോളേജിൽ ആശുപത്രിയിലായിരുന്ന അദ്ദേഹം ആംബുലൻസിൽ രാവിലെ 9.30ഓടെയാണ് ജയരാജൻ കോടതിയിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞ 23 ദിവസമായി ഹൃദ്‌രോഗ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
കതിരൂർ കേസിൽ തുടക്കം മുതൽ തന്നെ യു.എ.പി.എ ചുമത്തുന്നതിന് ആർഎസ്എസ് ശ്രമിച്ചിരുന്നു. ആദ്യമായാണ് രാഷ്ട്രീയ സംഘർഷ കേസിൽ യു.എ.പി.എ ചുമത്തുന്നത്. ആർ.എസ്.എസിന്റെ ഗൂഢ നീക്കമായിരുന്നു അതിന് പിന്നിൽ. തന്നെ ഈ കേസിൽ തെറ്റായി ഉൾപ്പെടുത്തുകയായിരുന്നുവെന്നും അതിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കൂട്ടുനിൽക്കുകയായിരുന്നുവെന്നും ജയരാജൻ പറഞ്ഞു. കണ്ണൂരിൽ ആർഎസ്എസ് മോഹൻഭഗവത്തിനെ കൊണ്ടു വന്ന് നടത്തിയ ബൈഠക്കിൽ എടുത്ത തീരുമാനങ്ങൾ നടപ്പിലക്കുകയാണ് അവർ ചെയ്യുന്നത്. സിപിഎമ്മിനെ ഒരു ഭീകര പാർട്ടിയായി ചിത്രികരിക്കാനാണ് ആർ.എസ.എസിന്റെ ശ്രമം. ഇതിനെ നിയമപരമായി തന്നെ നേരിടും. ഇത്തരമൊരു കള്ളക്കേസ് ഉണ്ടാക്കി സിപിഎമ്മിനെ ഒതുക്കാൻ കഴിയില്ല. ഇതിനെതിരെ പൊതുജനങ്ങളിൽ നിന്നും തങ്ങൾക്ക് അനുകൂല പ്രതികരണം ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കതിരൂർ മനോജ് വധക്കേസിൽ ജയരാജനെതിരെ സിബിഐ യു.എ.പി.എ ചുമത്തിയതിനാലാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. തീവ്രവാദ പ്രവർത്തന നിരോധന നിയമം ചുമത്തിയതിനെ ജയരാജന്റെ അഭിഭാഷകൻ കോടതയിൽ ചോദ്യം ചെയ്‌തെങ്കിലും ഇതിൽ തെറ്റില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് പറഞ്ഞാണ് ഹൈക്കോടതി ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയത്.

