വനിതാമന്ത്രി ആ വകുപ്പു നോക്കിയാൽ മതി; മൃഗങ്ങളുടെ കാര്യം നോക്കണ്ട; മുഖ്യമന്ത്രിയെയും ഡിജിപിയെയും പഠിപ്പിക്കാൻ വരാതെ മനേക ഗാന്ധി സ്വന്തം മക്കളുടെ കാര്യം നോക്കിയാൽ മതിയെന്നും പി കെ ബഷീർ
തിരുവനന്തപുരം: തെരുവുനായ വിഷയത്തിൽ കേന്ദ്രമന്ത്രി മനേക ഗാന്ധിക്കെതിരെ സംസ്ഥാന നിയമസഭയിൽ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയെയും ഡിജിപിയെയും വിമർശിക്കാൻ മനേക ഗാന്ധി ആരാണെന്നു മുസ്ലിം ലീഗ് എംഎൽഎ പി കെ ബഷീർ ചോദിച്ചു. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി ആവശ്യപ്പെട്ട് സംസാരിക്കവെയാണു പി കെ ബഷീർ മനേകാ ഗാന്ധിക്കെതിരെ രംഗത്ത് വന്നത്. തെരുവ് നായ ശല്യത്തിന് പരിഹാരം കാണാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നും മൂന്ന് വർഷത്തിനുള്ളിൽ തെരുവ് നായകളെ പൂർണമായും ഇല്ലാതാക്കുമെന്നും തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി ജലീൽ മറുപടി നൽകി. വർക്കലയിൽ വയോധികൻ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുകയല്ല കൊന്നൊടുക്കുകയാണ് വേണ്ടതെന്ന് പി കെ ബഷീർ ആവശ്യപ്പെട്ടു. ഇതിനിടെയാണു മനേക ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. 'എന്താണ് മനേകാ ഗാന്ധിയുടെ വിചാരം. നമ്മുടെ മുഖ്യമന്ത്രിയെ വിമർശിക്കാനും ഡിജിപിയെ ശാസിക്കാനും അവർ ആരാണ്. നായ്ക്കളെ കൊന്നാൽ കാപ്പ ചുമത്തണമെന്നും
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: തെരുവുനായ വിഷയത്തിൽ കേന്ദ്രമന്ത്രി മനേക ഗാന്ധിക്കെതിരെ സംസ്ഥാന നിയമസഭയിൽ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയെയും ഡിജിപിയെയും വിമർശിക്കാൻ മനേക ഗാന്ധി ആരാണെന്നു മുസ്ലിം ലീഗ് എംഎൽഎ പി കെ ബഷീർ ചോദിച്ചു.
വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി ആവശ്യപ്പെട്ട് സംസാരിക്കവെയാണു പി കെ ബഷീർ മനേകാ ഗാന്ധിക്കെതിരെ രംഗത്ത് വന്നത്. തെരുവ് നായ ശല്യത്തിന് പരിഹാരം കാണാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നും മൂന്ന് വർഷത്തിനുള്ളിൽ തെരുവ് നായകളെ പൂർണമായും ഇല്ലാതാക്കുമെന്നും തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി ജലീൽ മറുപടി നൽകി.
വർക്കലയിൽ വയോധികൻ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുകയല്ല കൊന്നൊടുക്കുകയാണ് വേണ്ടതെന്ന് പി കെ ബഷീർ ആവശ്യപ്പെട്ടു. ഇതിനിടെയാണു മനേക ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. 'എന്താണ് മനേകാ ഗാന്ധിയുടെ വിചാരം. നമ്മുടെ മുഖ്യമന്ത്രിയെ വിമർശിക്കാനും ഡിജിപിയെ ശാസിക്കാനും അവർ ആരാണ്. നായ്ക്കളെ കൊന്നാൽ കാപ്പ ചുമത്തണമെന്നും ഡിജിപി നടപടിയെടുക്കണമെന്നും പറയാനും അവർക്ക് എങ്ങനെ കഴിയും. അവർക്ക് ആ വകുപ്പ് പോലുമില്ലല്ലോ. മൃഗങ്ങളുടെ കാര്യമല്ല, സ്ത്രീകളുടേയും കുട്ടികളുടേയും കാര്യം നോക്കേണ്ട വകുപ്പാണ് അവരുടേത്. അവർ അവരുടെ മക്കളെ മര്യാദയ്ക്ക് നോക്കിയാൽ മതി. അലഞ്ഞ് നടക്കുന്ന നായ്ക്കളെ ഉന്മൂലനം ചെയ്യാനുള്ള അനുമതി മുഖ്യമന്ത്രി കേന്ദ്രത്തിൽ പോയി ചർച്ച നടത്തി വാങ്ങണം. സ്വയം വിലകുറച്ച് നമ്മുടെ മുഖ്യമന്ത്രി മനേകാ ഗാന്ധിയെ കാണരുത്. പ്രധാനമന്ത്രിയെ തന്നെ കാണണം'- പി കെ ബഷീർ പറഞ്ഞു.
മൃഗസ്നേഹി സംഘടനകളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. അവർ ഇവിടെയുള്ള നായ്ക്കളുടെയെല്ലാം ഫോട്ടോ എടുത്ത് ഡൽഹിയിലേയും മദ്രാസിലേയും ഓഫീസുകളിലേക്ക് അയച്ച് പണം വാങ്ങുകയാണ്. ഒന്നര ലക്ഷം രൂപ ഫീസ് വാങ്ങുന്ന വക്കീലന്മാരെയാണ് അവർ വെക്കുന്നത്. ഇതിനുള്ള പണം എവിടെ നിന്നാണെന്ന് അന്വേഷിക്കണമെന്നും ബഷീർ ആവശ്യപ്പെട്ടു.
'പേവിഷബാധയ്ക്കെതിരെയുള്ള മരുന്നിന് 40,000 രൂപയാണ് വില. ഇത്ര വില കൊടുത്ത് ഈ മരുന്ന് എങ്ങനെ വാങ്ങും? ഈ സഭയിലെ അംഗങ്ങളായ ഇകെ വിജയന്റെ ഭാര്യയേയും മാത്യു ടി തോമസിന്റെ മകളേയും പട്ടി കടിച്ചിട്ടുണ്ട്. അവർക്കൊക്കെ ഇക്കാര്യം അറിയാം. വിദേശത്തു നിന്ന് അവധിക്ക് നാട്ടിലെത്തുന്നവരൊന്നും പേടിച്ച് മക്കളെ പുറത്ത് ഇറക്കുന്നില്ല. മുൻ ഡിജിപി ടി പി സെൻകുമാറും ചീഫ് സെക്രട്ടറി ജിജി തോംസണും എഡിജിപി ബി സന്ധ്യയും നായ്ക്കളെ കൊല്ലുന്നതിനെ വിമർശിച്ചിരുന്നു. അവർക്കൊക്കെ അത് പറയാം. അവരാരും പൊതു നിരത്തിലൂടെ നടക്കുന്നവരല്ല. മുമ്പിലും പിറകിലും എസ്കോർട്ടോടെ പോകുന്നവരാണ്.
നായ്ക്കൾക്ക് മാത്രം സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്ന സംസ്ഥാനമായി കേരളം മാറി. സർക്കാർ വിഷയം ഗൗരവമായി കാണണം. ഇതൊന്നും പട്ടി പിടുത്തക്കാരെ കൊണ്ടുവന്ന് പരിഹരിക്കാനാകില്ല. എല്ലാം നിയമം നോക്കി നടത്തിയാൽ ശരിയാകില്ല. ആരെങ്കിലും പത്തോ ഇരുപതോ പട്ടികളെ കൊന്നാൽ മാദ്ധ്യമങ്ങൾ പബ്ലിസിറ്റി കൊടുത്ത് മൃഗസ്നേഹികൾക്ക് വളം വച്ച് കൊടുക്കരുത്. കൊല്ലാൻ പോകുന്ന കാര്യത്തിന് ആരും പബ്ലിസിറ്റി കൊടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നെടുമ്പാശേരി വിമാനത്താവള പരിസരത്ത് മാത്രം തെരുവുനായക്കളെ കാണാൻ സാധിക്കാത്തത് എന്തു കൊണ്ടാണെന്ന് ചിന്തിക്കണം. അവർ നായ്ക്കളെ കൊല്ലുന്നതുകൊണ്ടാണ്. അതുകൊട്ടിഘോഷിക്കേണ്ട കാര്യമില്ല. എല്ലാവർക്കും അങ്ങനെ ചെയ്തു കൂടേ. നായ്ക്കളെ വന്ധ്യംകരണം നടത്തുന്നതിന് പകരം വായ്ക്ക് പൂട്ടിടുകയാണ് വേണ്ടത്. വായ കൊണ്ടാണ് അവ കടിക്കുന്നത്. അല്ലാതെ മറ്റൊന്നും കൊണ്ടല്ല'- പികെ ബഷീർ പറഞ്ഞു.
സംസ്ഥാനത്തു പട്ടി പിടുത്തക്കാരെ കിട്ടാനില്ലെന്ന് പറഞ്ഞ മന്ത്രി കെ ടി ജലീൽ ഇതിനായി ഇതര സംസ്ഥാനക്കാരെ പരിഗണിക്കുന്നുണ്ടെന്നും കുടുംബശ്രീ മുഖേന പരിശീലനം നൽകുമെന്നും അറിയിച്ചു. പ്രശ്നത്തിൽ രാഷ്ട്രീയമില്ലെന്നും ഗൗരമായി തന്നെ കാണുമെന്നും കെ.ടി ജലീൽ പറഞ്ഞു.