ഹാദിയ കേസാണല്ലോ ഇപ്പോൾ പ്രധാന ചർച്ചാ വിഷയം. ഹാദിയക്കനുകൂലമായി വികാരം കൊള്ളുന്ന പലരും തങ്ങളുടെ മതത്തിൽപെട്ട ഒരു പെൺകുട്ടി മതം മാറിയാൽ അവളെ 'ശപിക്കാനും ' ശകാരവർഷം കൊണ്ട് പൊതിയാനും ചാടിപ്പുറപ്പെടുന്നവരാണെന്നത് ഒരു യാഥാർത്ഥ്യമാണ്. ഏതാണ്ടെല്ലാ മതവിഭാഗങ്ങളിലും ഇത്തരക്കാരെ ഏറിയും കുറഞ്ഞും നമുക്ക് കാണാനാവും. അതവിടെ നിൽക്കട്ടെ.

സത്യത്തിൽ ഹാദിയ കേസ് ഒരു മതപരമായ പ്രശ്‌നമല്ല. ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനത്തിന്റെ പ്രശ്‌നമാണ്. ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാം, ഇഷ്ടമുള്ള വ്യക്തിയോടൊപ്പം ജീവിക്കാം എന്നതൊക്കെ ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകുന്ന ഉറപ്പാണ്. അതാണ് കേരള ഹൈക്കോടതി വിധിയിലൂടെ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളത്.

ഇനി എന്താണ് പോംവഴി? ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തലാണോ? വിധി പറഞ്ഞ ജഡ്ജിമാരെ അസഭ്യം പറയലാണോ? അങ്ങിനെ ചെയ്യുന്നത് മാന്യമായി പറഞ്ഞാൽ തെമ്മാടിത്തരമാണ്. ഹൈക്കോടതി മാർച്ചിൽ ഒരു വിരുതൻ പ്രസംഗിക്കുന്നത് കേട്ടു. അടുത്ത കോടതി വിധി അനുകൂലമായില്ലെങ്കിൽ നമ്മൾ ഒന്നുകൂടി ഇവിടേക്ക് വരും. അള്ളാഹു അനുഗ്രഹിക്കട്ടേന്ന്. എന്തിനാ അള്ളാഹുവിന്റെ അനുഗ്രഹം വേണ്ടത്? കോടതി വിധി എതിരായിട്ട് ഒന്നുകൂടി വരാനോ? കോടതിയിലേക്ക് മാർച്ച് നടത്തിയിട്ട്, ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയിട്ട് ഏതെങ്കിലും കോടതി വിധി മാറിയ ചരിത്രമുണ്ടോ? എന്നിട്ട് മുസ്‌ലിം ഏകോപനസമിതി എന്ന പേരും. പോരാത്തതിന് ഹർത്താലും!

നിങ്ങൾക്ക് എസ്.ഡി.പി.ഐ എന്ന് പറഞ്ഞാൽ പോരേ? എന്തിനാ ഏകോപനസമിതി? ആരൊക്കെയാ നിങ്ങളെ ഏകോപന സമിതിയിലുള്ളത്? ലീഗ് ഏതായാലും ഇല്ല. സമസ്ത ഉണ്ടോ? കെ.എൻ.എം ഉണ്ടോ? വേറെ ആരാ ഉള്ളത്? നിങ്ങളുടെ തോന്നിവാസങ്ങൾ ഉപയോഗപ്പെടുത്തുന്ന വേറെയൊരു കൂട്ടരുണ്ടിവിടെ. ഇന്നൊരു വാട്‌സ് അപ്പ് ഗ്രൂപ്പിൽ നിന്ന് കിട്ടിയതാണിത്.

'എറണാകുളത്തെ ഹർത്താൽ ഇസ്ലാമിസ്റ്റ് തീവ്രവാദം കേരളത്തിൽ എത്രമാത്രം വളർന്നു പന്തലിച്ചു എന്നതിന് ഉത്തമോദാഹരണമാണ്.... ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ മതം മാറ്റി ലൈംഗിക അടിമകളാക്കി സിറിയയിലേക്കയ്ക്കാൻ കോടതി അനുമതി നൽകാത്തതിന് ഇന്ത്യൻ നീതിപീഠങ്ങൾക്കെതിരെ ആഹ്വാനം ചെയ്തിരിക്കുന്നതാണ് ഈ ഹർത്താൽ. കേരളം മറ്റൊരു സിറിയ ആവാതിരിക്കട്ടെ....
Ban_Islamic_extremist_in_kerala '

ഇത്തരം പ്രചരണങ്ങൾ സോഷ്യൽ മീഡിയ വഴി നിറഞ്ഞാടുകയാണ്. ആർ.എസ്.എസും എസ്.ഡി.പി.ഐയും മാത്രമല്ല; ഈ ബോധം കൊണ്ടു നടക്കുന്ന പലരും ഇത്തരം ധ്രുവീകരണ മെസേജുകൾ മത്സരിച്ച് ഷെയർ ചെയ്യുകയാണ്. ഒരു കോടതി വിധി എതിരായാൽ എന്താണ് ചെയ്യേണ്ടത്? അതും ഫണ്ടമെന്റൽ റൈറ്റ്‌സിന്റെ നഗ്‌നമായ നിഷേധം കൂടിയായാൽ!? നിയമപരവും വിവേകപൂർവ്വവുമായ നടപടികളാണ് ആരായേണ്ടത്. മേൽക്കോടതിയെ സമീപിക്കുന്നതടക്കമുള്ള മാർഗ്ഗങ്ങളാണ് സ്വീകരിക്കേണ്ടത്. ഇന്ത്യൻ ഭരണഘടനയെ വിശ്വസിക്കുന്നവർ അതാണ് ചെയ്യേണ്ടത്. അല്ലാതെ തിളച്ചുമറിയുന്ന വികാരപ്രകടനവുമായി ഇവിടം മലിനമാക്കാൻ വന്നാൽ മതേതര കേരളം ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കുക തന്നെ ചെയ്യും.