മലപ്പുറം: ബന്ധു നിയമന വിവാദത്തിൽ കുരുക്കിലായ മന്ത്രി കെ ടി ജലീലിനെതിരെ കടുത്ത വിമർശനവുമായി ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി. ബന്ധു നിയമനത്തിൽ ഉത്തരം മുട്ടുമ്പോൾ ജലീൽ വില കുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് കുടുംബത്തിനെതിരായ വിമർശനങ്ങളെ സിപിഎം പോലും പിന്തുണക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോപണം ഉയർന്നാൽ രാജിവെച്ച് അന്വേഷണം നേരിടുകയാണ് മുൻകാല നേതാക്കൾ ചെയ്തിരുന്നത്. ആരോപണം ഉന്നയിച്ചവർക്കെതിരെ തിരിയുന്ന രാഷ്ട്രീയം ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്തെ നടന്ന സിപിഎം യോഗത്തിലാണ് ജലീൽ ലീഗ് നേതാക്കളെ കടന്നാക്രമിച്ച് സംസാരിച്ചത്. തന്നെ മന്ത്രിയാക്കിയത് പാണക്കാട് തറവാട്ടിൽ നിന്നല്ലെന്നും എ.കെ.ജി സെന്ററിൽ നിന്നാണെന്നും ആണ് ജലീൽ പറഞ്ഞത്.

കുഞ്ഞാലിക്കുട്ടിയുടെ കളരിയിൽ നിന്ന് ആയിരം വർഷം അഭ്യാസം പഠിച്ചാലും സിപിഎം സംരക്ഷണത്തിലുള്ള ഒരാളെ തൊടാൻ യൂത്ത ലീഗുകാർക്ക് കഴിയില്ല. കുറച്ചു കറുത്ത കൊടി കാട്ടിയാൽ പതറി പോകുമെന്ന് കരുതരുത്. ഇസ് ലാമിക വിശ്വാസമനുസരിച്ചുള്ള ഏഴു വൻപാപങ്ങൾ ചെയ്തതു താനല്ല. തന്നെ കൊണ്ട് അതൊന്നും പറയിപ്പിക്കരുതെന്നും ജലീൽ വ്യക്തമാക്കിയിരുന്നു.

അതിനിടെ മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ച തീരുമാനം സർക്കാർ റദ്ദാക്കിയിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കോഴിക്കോട് ശാഖയിൽ നിന്നു ഡപ്യൂട്ടേഷനിലെത്തിയ അദീബിനു ബാങ്കിലേക്കു തിരിച്ചു പോകാൻ കോർപറേഷൻ വിടുതൽ ഉത്തരവു നൽകി. ബന്ധു നിയമനം വിവാദമായ പശ്ചാത്തലത്തിൽ, കഴിഞ്ഞ 11നു കെ.ടി.അദീബ് രാജിസന്നദ്ധത അറിയിച്ചു കോർപറേഷനു കത്തു നൽകിയിരുന്നു. കോർപറേഷൻ ഡയറക്ടർ ബോർഡ് രാജി അംഗീകരിച്ചെങ്കിലും, നിയമനം നൽകിയതു ന്യൂനപക്ഷ ക്ഷേമ വകുപ്പായതിനാൽ കത്തു സർക്കാരിനു കൈമാറി. അതേ തുടർന്നാണു നിയമനം റദ്ദാക്കി സർക്കാർ ഉത്തരവിറക്കിയത്.

അതേസമയം, രാജി സന്നദ്ധത അറിയിച്ച ശേഷവും അദീബ് കോർപറേഷൻ ഓഫിസിൽ എത്തിയിരുന്നു. ഉദ്യോഗസ്ഥനായല്ല, സൗഹൃദത്തിന്റെ പേരിലാണ് ഓഫിസ് സന്ദർശിക്കുന്നതെന്നായിരുന്നു കോർപറേഷൻ എംഡി വി.കെ.അക്‌ബറിന്റെ വിശദീകരണം. ഒക്ടോബർ 12നാണ് അദീബ് ജനറൽ മാനേജരായി ചുമതലയേറ്റത്. ഒരുമാസത്തെ ശമ്പളം ഇതിനകം കൈപ്പറ്റിയിട്ടുണ്ട്. മറ്റ് ആനുകൂല്യങ്ങളൊന്നും അനുവദിച്ചിട്ടില്ലെന്നും എംഡി വ്യക്തമാക്കി.

അർഹരായ ഉദ്യോഗാർഥികളെ തഴഞ്ഞാണു മന്ത്രി കെ.ടി.ജലീൽ തന്റെ പിതൃസഹോദരന്റെ കൊച്ചുമകനു ജനറൽ മാനേജരായി നിയമനം നൽകിയതെന്നു മുസ്ലിം യൂത്ത് ലീഗ് ആരോപിച്ചിരുന്നു. സ്റ്റാറ്റിയൂട്ടറി സ്ഥാപനമല്ലാത്ത സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നു സർക്കാർ സ്ഥാപനത്തിലേക്കു ഡപ്യൂട്ടേഷൻ നിയമനം നടത്തിയതും വിവാദമായി. അതേ തുടർന്നാണു രാജിസന്നദ്ധത അറിയിച്ചു കെ.ടി.അദീബ് കത്തു നൽകിയത്.