മലപ്പുറം: ബിജെപി മുന്നേറ്റം ലക്ഷ്യമിട്ടാണ് അമിത് ഷാ കേരളത്തിൽ എത്തിയത്. എന്നാൽ, ഈ യാത്രയിലും വേണ്ട വിധത്തിൽ ശോഭിക്കാൻ അമിത്ഷായ്ക്കും കൂട്ടർക്കും സാധിച്ചില്ലെന്ന വിമർശനമാണ് ഉയർന്നത്. ഇതിനെയാണ് വോട്ടു കണക്കു കേള്‌ക്കേണ്ട സീറ്റ് വേണമെന്നും അമിത് ഷാ ബിജെപി നേതാക്കളോടായി പറഞ്ഞത്. എന്നാൽ, ഈ നിലപാടിനെ പരിഹസിച്ച് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി.

കേരളത്തിൽ നേട്ടമുണ്ടാക്കമെന്നത് ബിജെപിയുടെ വ്യാമോഹമാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദേഷ്യം പിടിച്ച് സീറ്റ് കിട്ടണം എന്ന് പറഞ്ഞാൽ കിട്ടുമോ?. സീറ്റ് കിട്ടണമെങ്കിൽ ജനങ്ങൾ വോട്ട് ചെയ്യണമെന്നും അതിന് ജനങ്ങളെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിൽ പാർട്ടി വിജയിച്ച് തുടങ്ങിയില്ലെങ്കിൽ സംസ്ഥാന നേതാക്കൾ ഭവിഷ്യത്ത് അനുഭവിക്കുമെന്ന കേരള സന്ദർശനത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

സോണിയ ഗാന്ധി വിളിച്ച യോഗം ബിജെപിക്ക് ബദൽ ഉയരുമെന്ന പ്രതീക്ഷയുയർത്തിയെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ എല്ലാം വർഗീയ കലാപങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് അഭിപ്രായപ്പെട്ടിരുന്നു. ന്യൂനപക്ഷങ്ങളെ കൂടെ നിർത്താമെന്ന ബിജെപി നിലപാട് കേരളം മുഖവിലയ്‌ക്കെടുക്കില്ല. മതപരമായ വിഭാഗീയത സൃഷ്ടിക്കുകയാണ് ബിജെപി ചെയ്യുന്നത്. കലാപങ്ങളിലൂടെ അധികാരം പിടിക്കുകയാണ് ബിജെപിയുടെ രീതി. അമിത് ഷാ പോയിടത്തെല്ലാം കലാപമുണ്ടാക്കുകയാണ് ചെയ്തത്. കേരളത്തിലും അടുത്തിടെ അത്തരം ശ്രമങ്ങൾ നടന്നിരുന്നു. കേരളം കരുതിയിരിക്കണമെന്നുമാണ് കെപിഎ മജീദ് അഭിപ്രായപ്പെട്ടത്.

ബിജെപിക്ക് കേരളത്തിൽ സീറ്റ് നേടാൻ കഴിയില്ലെന്നത് മിഥ്യാധാരണയാണെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കണം. ശതമാനക്കണക്ക് വച്ചിരുന്നിട്ട് കാര്യമില്ല. കേരളത്തെ അങ്ങനെ മാറ്റിനിർത്താൻ പാർട്ടി തയ്യാറല്ല. വിജയിച്ചേ തീരുവെന്നുമാണ് ഇന്നലെ സംസ്ഥാന ഭാരവാഹി യോഗത്തിൽ അമിത് ഷാ വ്യക്തമാക്കിയത്. മൂന്നുദിവസത്തെ കേരള സന്ദർശനത്തിന് എത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ ഇന്നാണ് മടങ്ങുന്നത്.