മലപ്പുറം: ലോക്‌സഭയിൽ മുത്തലാഖ് ചർച്ചയിൽ പങ്കെടുക്കാതെ മുങ്ങിയ പികെ കുഞ്ഞാലിക്കുട്ടിയെ പാണക്കാട് തങ്ങളും കൈവിട്ടു. പ്രമുഖനായ ലീഗ് നേതാവിന് സംരക്ഷണം ഒരുക്കാതെ വിശദീകരണം ചോദിച്ചിരിക്കയാണ് മുസ്ലിംലീഗ്. പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ സംഭവത്തിൽ കുഞ്ഞാലിക്കുട്ടിയോടെ വിശദീകരണം തേടി. മുത്തലാഖ് ചർച്ചയിൽ നിന്ന് വിട്ടുനിന്നതിൽ കാരണം വിശദമാക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. പാണക്കാട് തങ്ങളാണ് വിശദീകരണം തേടിയത്. ഇന്നലെ സംഭവത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയെ ഇ ടി മുഹമ്മദ് ബഷീർ പിൻതുണച്ചിരുന്നു.

ചില കക്ഷികൾ വോട്ടെടുപ്പിൽ പങ്കെടുക്കാൻ പൊടുന്നനെ തീരുമാനിച്ചപ്പോൾ, മുസ്ലിം ലീഗും പ്രതിഷേധ വോട്ട് ചെയ്യുന്നതാണ് നല്ലത് എന്ന് അപ്പോൾത്തന്നെ താനും ഇ.ടി മുഹമ്മദ് ബഷീർ എംപിയും കൂടിയാലോചിച്ചു തീരുമാനിച്ചു. അദ്ദേഹം അത് നിർവഹിക്കുകയും ചെയ്തു. അതിനാലാണ്, പാർട്ടിപരമായും വിദേശ യാത്രാപരമായും മറ്റും പല അത്യാവശ്യങ്ങളുള്ളതിനാൽ പാർലമെന്റിൽ താൻ ഹാജരാവാതിരുന്നത്. പെട്ടെന്ന് എടുത്ത തീരുമാനമായതിനാലാണ് എതിർത്ത് വോട്ട് ചെയ്യാൻ 11 പേർ മാത്രം ഉണ്ടായത്. പൂർണമായ നിലക്കുള്ള വോട്ടെടുപ്പല്ല അവിടെ നടന്നതും. വസ്തുത ഇതായിരിക്കെ, കുപ്രചാരണമാണ് ചില കേന്ദ്രങ്ങൾ നടത്തുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി നേരത്തെ പ്രതികരിച്ചു.

ഏറെ തർക്കങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ രണ്ടാം തവണയും ബിൽ ലോക്‌സഭയിൽ പാസാക്കുകയായിരുന്നു. ബില്ലിൽ നടത്തിയ വോട്ടെടുപ്പ് കോൺഗ്രസ് അടക്കമുള്ള കക്ഷികൾ ബഹിഷ്‌കരിച്ചപ്പോൾ സി പി എമ്മും ആർ എസ് പി യുടെ എൻ കെ പ്രേമചന്ദ്രനും എ ഐ എം ഐ എം നേതാവ് അസദുദ്ദീൻ ഒവൈസിയും ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. മുസ്ലിം ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടിയാകട്ടെ വോട്ടെടുപ്പും ചർച്ചയും നടന്നപ്പോൾ പാർലിമെന്റിൽ ഉണ്ടായിരുന്നതേയില്ല. കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരുന്നു.

പാർലിമെന്റ് യോഗത്തിൽ പങ്കെടുക്കാതെ കുഞ്ഞാലിക്കുട്ടി പോയത് മലപ്പുറത്തെ ബിസിനസ് പാർട്നറുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ ബിസിനസ് വലിയ തോതിൽ പടർന്നുപന്തലിച്ചിരുന്നത് വിദേശത്താണ്. ബിനാമി ഇടപാടാണെന്ന ആക്ഷേപം നേരത്തെ നിലനിൽക്കുന്നുമുണ്ട്. ഖത്തറിലുള്ള പ്രവാസി കുലത്തിലെ ബിസിനസ് അധിപന്റ കുടുബത്തിലെ കല്യാണ ചടങ്ങിൽ പങ്കെടുക്കാനായിരുന്നു കുഞ്ഞാലിക്കുട്ടി പാർലിമെന്റ് കട്ടാക്കിയത്.

ഖത്തറിലെ അയേൺ ഫാക്റ്ററി ഉടമകളായ സീഷോർ മുഹമ്മദലി, എ.പി.ആസാദ് എന്നിവരോടൊപ്പമുള്ളതാണ് കുഞ്ഞാലിക്കുട്ടിയുടെ ഇരുമ്പ് കച്ചവടം. കുഞ്ഞാലിക്കുട്ടിയുടെ മകൻ അടക്കം ഈ ബിസിനസിൽ സജീവമാണ്. അയേൺ ഫാക്ടറി ഉടമകളുമായുള്ള ബന്ധം ചെറുതല്ലാത്തതു കൊണ്ടാണ് കുഞ്ഞാലിക്കുട്ടി നിർണായകമായ സമയത്ത് പാർലമെന്റിൽ നിന്നും മുങ്ങിയത്. സീഷോർ മുഹമ്മദലി, എ.പി.ആസാദും അടങ്ങുന്ന അയേൺ ഫാക്ടറിയുടെ വിജയം ഖത്തറിൽ പ്രവാസി കൂട്ടം എന്നും എടുത്തു പറയുന്നതാണ്. ഈ ബിസനസ് പാർട്ണർമാരിൽ ഒരാളായ എ.പി.ആസാദിന്റെ ജേഷ്ഠന്റെ മകളുടെ കല്യാണത്തിൽ പങ്കെടുക്കാനായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടി മുത്തലാഖിനെ തൽക്കാലം തലാഖ് ചൊല്ലിയത്.

മലപ്പുറത്തെ കല്യാണ വീട്ടിൽ സക്രിയ സാന്നിധ്യമായി നടത്തിപ്പു കാരനായിരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞാലിക്കുട്ടി മാത്രമല്ല, ഈ ആഡംബര കല്യാണത്തിൽ പങ്കെടുത്തത്. ഇടത്തും വലത്തുമുള്ള പ്രമുഖ രാഷ്ട്രീയക്കാർ അടക്കം പങ്കെടുത്തു. കൂടാതെ എം എ യൂസഫലി, ആസാദ് മൂപ്പൻ തുടങ്ങിയ വൻ വ്യവസായികളും ചടങ്ങിന് എത്തിയിരുന്നു. ലീഗിന്റെ പല തീരുമാനങ്ങളിലും ഈ ബിസിനസ് പാർട്ണർമാരുടെ പങ്ക് ഏറെ ചർച്ചയാകാറുണ്ട്. ചില തീരുമാനങ്ങൾ പലപ്പോഴും ബിസിനസ് അധിപന്മാർ തങ്ങളുടെ സുഹൃത്തുക്കളോട് മുൻകൂട്ടി പറയാറുണ്ടെന്ന് അടുത്ത ലീഗ് നേതാക്കൾ വിശദീകരിക്കുന്നു.

എന്തായാലും കുഞ്ഞാലിക്കുട്ടിയുടെ ചങ്ക് ബ്രോസ് ആണ് വ്യവസായികൾ എന്നറിയാവുന്ന ലീഗ് നേതാക്കളാലും കുഞ്ഞാലിക്കുട്ടിയെ കുറ്റപ്പെടുത്തുന്നില്ല. എന്നാൽ, സമസ്ത നേതാക്കൾ കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തെത്തുകയും ചെയ്യുന്നുണ്ട്. സമസ്തയുടെ കോഴിക്കോട് സമ്മേളനത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രവർത്തനത്തിലെ അതൃപ്തി മൂന്ന് മാസം മുമ്പ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും സമസ്ത നേതാക്കളും പരസ്യമാക്കിയിരുന്നു. സമസ്ത നേതാക്കൾ കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തിയാണ് ശക്തമായ വിമർശനം അഴിച്ചുവിട്ടത്. പാണക്കാട് സാദിഖലി തങ്ങൾ കുഞ്ഞാലിക്കുട്ടിക്കെതിരെ നടന്ന വിമർശനത്തെ അംഗീകരിക്കുന്ന തരത്തിലാണ് സംസാരിച്ചാണ്.

ലീഗിന്റെ പഴയ കാല പാർലിമെന്റ് അംഗങ്ങൾ സമുദായ വിഷയം അവതരിപ്പിക്കുന്നതിൽ കാണിച്ച ജാഗ്രത എടുത്ത് പറഞ്ഞായിരുന്നു കുഞ്ഞാലിക്കുട്ടിയെ തോണ്ടിയത്. എന്നാൽ വിമർശനത്തിൽ യാതൊരു വിധ മറുപടിയും നൽകാതെ അവഗണിക്കുന്ന ശൈലിയാണ് കുഞ്ഞാലിക്കുട്ടി സ്വീകരിച്ചത്. മുത്തലാഖ് ബില്ലും കുഞ്ഞാലിക്കുട്ടിയുടെ ആബ്സന്റും സമസ്തയും പാണക്കാട് കുടുംബവും എങ്ങനെ പ്രതികരിക്കുമെന്നാണ് ലീഗ് നേതാക്കൾ ഉറ്റുനോക്കുന്നത്. മുത്തലാഖ് ബില്ല് പാർലിമെന്റിൽ പാസായ ഘട്ടത്തിൽ തന്നെ ലീഗ് അണികൾ പൂർണമായും പി.കെ.കുഞ്ഞാലിക്കുട്ടിയെ തലാഖ് ചെല്ലുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. മുത്തലാഖ് ബില്ല് പാസായ വേദനയിൽ എരിപൊരി കൊള്ളുന്ന ലീഗ് അണികൾ കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ പ്രതിഷേധ സ്വരമാണ് വിവിധ ഇടങ്ങളിൽ ഉയർത്തുന്നത്.

കുഞ്ഞാലിക്കുട്ടിക്ക് ആദ്യ തവണയാണ് അബദ്ധം സംഭവിച്ചതെങ്കിൽ മാപ്പ് കൊടുക്കാൻ പാകത്തിലായിരുന്നുവെന്നാണ് ലീഗ് അണികളും നേതാക്കളും പറയുന്നത്. ഭീമാബന്ധം നേരത്തെ തന്നെ ഉണ്ടായിരുന്നു. പിണറായി പേടിയിൽ നിയമസഭാ അംഗത്വം രാജിവെച്ച് മലപ്പുറത്ത് ഇ.അഹമമ്മദ് മരണപ്പെട്ടതിന്റെ ഒഴിവിൽ ലോകസഭയിലേക്ക് മൽസരക്കാൻ സ്വയം ഇറങ്ങി പുറപ്പെട്ട നേതാവായിരുന്നു കുഞ്ഞാലിക്കുട്ടി. അടുത്ത ഭരണം കോൺഗ്രസിന്റ നേതൃത്വത്തിലുള്ള യു.പി.എ.ക്കായിരിക്കുമെന്ന് മണത്തറിഞ്ഞാണ് ഒരു മുഴം മുമ്പേ ന്യൂഡൽഹിയിലേക്ക് വിമാനം കയറിയതെന്ന് ലീഗ് നേതാക്കൾ തന്നെ പറയുന്നു.

ന്യൂഡൽഹിയിലെ രാഷ്ട്രീയത്തിൽ ഒരു കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കാനുള്ള നടപടികൾക്ക് ഇപ്പോഴേ ശ്രമം നടത്താനായിരുന്നു പദ്ധതി. അതിന് തടസ്സം ഉയരാൻ സാധ്യതയുള്ള ഇ.ടി.മുഹമ്മദ് ബഷീറിനെ സീനിയോരിറ്റി പറഞ്ഞും പാണക്കാട്ടെ കുടുംബത്തിൽ തനിക്കുള്ള സ്വാധീനം പറഞ്ഞ് പ്രചരിപ്പിച്ചും കേന്ദ്രമന്ത്രി സ്ഥാനത്തിലേക്കുള്ള വഴിയിൽ പരവതാനി വിരിക്കാനായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പദ്ധതി. പാർട്ടിയിൽ തനിക്ക് വിമത സ്വരമില്ലാത്തതും പാണക്കാട് കുടുംബം താൻ പറയുന്നത് പോലെ കേൾക്കുമെന്നതും കുഞ്ഞാലിക്കുട്ടിക്ക് അനുകൂല ഘടകമാണ്.

ഇന്ത്യൻ രാഷ്ട്രീയം ഏറെ ചർച്ച ചെയ്ത ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വിമാനം വൈകിയെന്ന കാരണം പറഞ്ഞ വോട്ട് ചെയ്യാൻ സാധിക്കാതെ വന്നത് നേതാക്കൾക്ക് ഉണ്ടാക്കിയ ക്ഷീണം ചില്ലറയൊന്നുമല്ല. പി.വി.അബ്ദുൽവഹാബും ,പി.കെ.കുഞ്ഞാലിക്കുട്ടിയും കയറിയ വിമാനമാണ് വൈകിയെന്ന കാരണം പറഞ്ഞ് പ്രചരിപ്പിച്ച് വോട്ട് ചെയ്യാൻ സാധിക്കാതെ വന്നത്. മട്ടന്നൂരിലെ നഗരസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തലായിരുന്നു കുഞ്ഞാലിക്കുട്ടിയെന്ന ചില നേതാക്കളുടെ വിശദീകരണം കുഞ്ഞാലിക്കുട്ടിയെ കൂടുതൽ അപഹാസ്യനാക്കുന്ന കാഴ്ചയാണ് കണ്ടത്. കുഞ്ഞാലിക്കുട്ടിയുടെ ലോകസഭയിലെ ആദ്യ ഫെർഫോമെൻസ് തന്നെ നിരാശയാണ് അണികൾക്ക് നൽകിയത്.അതിന് പിന്നാലെയാണ് മുത്തലാഖ് ബില്ല് നിയമമാകുന്ന ഘട്ടത്തിൽ പാർലിമെന്റിൽ ഹാജരാകാതെ മലപ്പുറത്തെ പ്രവാസി പ്രമുഖന്റെ കല്ല്യാണ സൽക്കാരത്തിൽ പങ്കെടുത്തത്.