മലപ്പുറം: മുത്തലാഖ് ബിൽ സംബന്ധിച്ച ചർച്ചയിൽ പങ്കെടുക്കാതെ വിട്ടുനിന്ന പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അണകൾക്കിടയിലും നേതാക്കൾക്കിടയിലും അതൃപ്തി പുകയുന്നതിനിടെ വിശദീകരണവുമായി മലപ്പുറം എംപി രംഗത്തെത്തി. വിവാഹത്തിൽ പങ്കെടുത്തതു കൊണ്ടല്ല താൻ പാർലമെന്റ് സമ്മേളനത്തിൽ പോകാതിരുന്നതെന്നാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തിൽ വിശദീകരണം ചോദിച്ച പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളോട് പ്രതികരിച്ചത്. ബിസിനസ് പാർട്‌നറുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് കുഞ്ഞാലിക്കുട്ടി മുത്തലാഖ് ബിൽ വോട്ടിടുന്ന ദിവസം സഭയിൽ നിന്നും വിട്ടുനിന്നത്. സംഭവം മുനാടൻ മലയാളി റിപ്പോർട്ട് ചെയ്തതോടെ ലീഗ് അണികൾക്കിടയിൽ നേതാവിനെതിരായ രോഷം അണപൊട്ടുകയായിരുന്നു.

അണികളുടെ പ്രതിഷേധത്തെ തുടർന്നാണ് കുഞ്ഞാലിക്കുട്ടിയിൽ നിന്നും വിശദീകരണം തേടാൻ ലീഗ് നേതൃത്വം തീരുമാനിച്ചത്. പാണക്കാട് തങ്ങൾ തന്നെ വിശദീകരണം തേടിയതോടെ അദ്ദേഹം ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു. പാർട്ടിക്ക് വിഷയത്തിൽ വിശദീകരണം നൽകിയെന്നാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്. സുഹൃത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തതു കൊണ്ടല്ല മുത്തലാഖ് ബിൽ ചർച്ചാ വേളയിൽ പാർലമെന്റ് സമ്മേളനത്തിൽ നിന്നും വിട്ടുനിന്നത്. മറിച്ച് വിട്ടുനിന്നത് ചന്ദ്രികയുടെ ഗവേണിങ് ബോർഡിയിൽ പങ്കെടുക്കേണ്ടതു കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. മുത്തലാഖ് ബില്ലിനെ എന്നും എതിർത്തിട്ടുള്ള ആളാണ് താൻ. വോട്ടെടുപ്പ് ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ എങ്ങനെയും പാർലമെന്റിൽ വരുമായിരുന്നു. ടൈം മാനേജ്‌മെന്റിൽ പ്രശ്‌നങ്ങൾ വരുന്നതായും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന ചുമതലകൾ ഉള്ളതു കൊണ്ടാണ് പ്രശ്‌നങ്ങളെന്നും അദ്ദേഹം വിശദീകരിച്ചു.

അതിനിടെ മുത്തലാഖ് ചർച്ചയിൽ പങ്കെടുക്കാതിരുന്ന സംഭവത്തിൽ പി കെ കുഞ്ഞാലിക്കുട്ടിക്ക് വീഴ്ച പറ്റിയതായി പാർട്ടിക്ക് ബോധ്യപ്പെട്ടെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വിഷയത്തിൽ കുഞ്ഞാലിക്കുട്ടിക്ക് ജാഗ്രതക്കുറവുണ്ടായി എന്ന് ബോധ്യപ്പെട്ടതിനാലാണ് വിശദീകരണം തേടിയതെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് ചർച്ചക്കിടെ മുങ്ങിയെന്ന വിമർശനത്തിന് പിന്നാലെ പി കെ കുഞ്ഞാലിക്കുട്ടിയോട് മുസ്ലിംലീഗ് വിശദീകരണം തേടിയിരുന്നു. മുത്തലാഖ് ചർച്ചയിൽ നിന്ന് വിട്ടുനിന്നതിൽ കാരണം വിശദമാക്കണമെന്നാണ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടത്.

അതിനിടെ മുത്തലാഖ് ബിൽ വിവാദത്തിൽ പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തള്ളികൊണ്ട് ഇടി മുഹമ്മദ് ബഷീർ രംഗത്തുവന്നു. വോട്ടെടുപ്പ് ദിവസം ലോക്സഭ ആകെ ബഹിഷ്‌കരിക്കുക എന്ന തീരുമാനം ഉണ്ടായിരുന്നില്ലെന്ന് ബഷീർ മാധ്യമങ്ങളോട് പറഞ്ഞു. ബില്ലിന് എതിരെ വോട്ട് ചെയ്ത് ശകതമായ വിയോജിപ്പ് പ്രകടിപ്പിക്കാനാണ് മുസ്ലിം ലീഗ് നേരത്തെ തീരുമാനിച്ചത് എന്നും ഇ.ടി പറഞ്ഞു. കുഞ്ഞാലിക്കുട്ടി വിട്ടു നിന്നതിൽ അദ്ദേഹം തന്നെ വിശദീകരണം തന്നതാണെന്നും ഞാൻ അതിൽ വ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇ.ടി മറുപടി പറഞ്ഞു. ബിൽ രണ്ടാംവട്ടം ലോക്‌സഭയിൽ വരുമ്പോൾ ചർച്ചയ്ക്കു ശേഷം ബഹിഷ്‌കരിക്കാനാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ തീരുമാനിച്ചിരുന്നതെന്നും എന്നാൽ ചിലകക്ഷികൾ വോട്ടെടുപ്പിൽ പങ്കെടുക്കാൻ പെട്ടന്ന് തീരുമാനിച്ചപ്പോൾ ലീഗും പ്രതിഷേധവോട്ടിന് അനുകൂലമായി ചിന്തിച്ചുവെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ആദ്യം നൽകിയ വിശദീകരണം.

ഇ.ടി. മുഹമ്മദ് ബഷീർ എംപി.യും താനും കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. മുത്തലാഖ് ബിൽ വോട്ടെടുപ്പിനിട്ട ദിവസം പി.കെ കുഞ്ഞാലിക്കുട്ടി എംപി പാർലമെന്റിൽ എത്താത്തതിൽ അപാകതിയില്ലെന്നും മുത്തലാഖ് ബിൽ ബഹിഷ്‌കരിക്കാനായിരുന്നു പാർട്ടി തീരുമാനമെന്നും കഴിഞ്ഞ ദിവസം എം.കെ മുനീർ പറഞ്ഞിരുന്നു. 'ഇതിനെ ബഹിഷ്‌കരിക്കുക എന്ന തീരുമാനം ഇതിന്റെ തുടക്കത്തിൽ ഉണ്ടായിരുന്നു. ഇതിന്റെ പേരിൽ പ്രതിഷേധിച്ച് വിട്ടു നിന്നതല്ല. അതിനെക്കുറിച്ച് അദ്ദേഹം തന്നെ വ്യക്തമായി പറയും'- എന്നായിരുന്നു കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിൽ എം.കെ മുനീർ മാധ്യമങ്ങളോട് പറഞ്ഞത്.

മുസ്ലിം സമുദായത്തെ സംബന്ധിച്ച സുപ്രധാനമായ ബില്ല് പാർലമെന്റിൽ ചർച്ചയ്ക്ക് വെച്ചപ്പോൾ കുഞ്ഞാലിക്കുട്ടി എംപി യുടെ അഭാവം ഏറെ ചർച്ചയായിരുന്നു. അദ്ദേഹം തന്റെ സുഹൃത്തിന്റെ മകന്റെ കല്ല്യാണത്തിന് പങ്കെടുക്കാൻ വേണ്ടിയാണ് പാർലമെന്റിൽ എത്താതിരുന്നത് എന്ന ആക്ഷേപം ഉയർന്നിരുന്നു. വിവാദത്തിൽ മറുപടി പറയാനാകാതെ ലീഗ് നേതാക്കൾ കുഴങ്ങിയപ്പോൾ മന്ത്രി കെ.ടി. ജലീലടക്കമുള്ളവർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കുഞ്ഞാലിക്കുട്ടി തന്നെ കാര്യങ്ങൾ വിശദീകരിക്കുമെന്ന് പറഞ്ഞ് ഒഴിയുകയാണ് രാവിലെ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ചെയ്തത്. വൈകുന്നേരത്തോടെയാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം വരുന്നത്.

ചർച്ചക്കുശേഷം കോൺഗ്രസിനൊപ്പം വോട്ടെടുപ്പ് ബഹിഷ്‌കരിക്കാനാണ് ആദ്യം തീരുമാനിച്ചതെന്നും പൊടുന്നനെ ചില പാർട്ടികൾക്കൊപ്പം തീരുമാനം മാറ്റുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഇ.ടി. മുഹമ്മദ് ബഷീറുമായി ആലോചിച്ചെടുത്ത തീരുമാനമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, സുപ്രധാന ചർച്ച നടക്കുന്ന സമയത്ത് ലീഗിന്റെ രണ്ട് എംപിമാരും ലോക്‌സഭയിൽ ഉണ്ടാവേണ്ടിയിരുന്നുവെന്ന അഭിപ്രായം അണികൾക്കിടയിൽത്തന്നെയുണ്ട്. മുത്തലാഖ് വിഷയത്തിലെ വോട്ടെടുപ്പിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് പൊടുന്നനെ തീരുമാനിക്കേണ്ടതാണോയെന്നും ഇവർ ചോദിക്കുന്നു.

അടുത്ത ബന്ധുവിന്റെ കല്യാണമുള്ളതിനാലാണ് കുഞ്ഞാലിക്കുട്ടി വിട്ടു നിന്നതെന്നാണ് ഇ.ടിയുടെ വിശദീകരണം. ഡൽഹിയിലെ കാര്യങ്ങൾ തന്നോട് നോക്കാൻ പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ബന്ധുവിന്റെ കല്യാണമുള്ളതിനാലാണ് വിട്ടുനിന്നതെന്ന കാര്യം കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണകുറിപ്പിൽ ഉണ്ടായിരുന്നില്ല. മുസ്‌ലിം സമുദായത്തോട് ലീഗ് കടുത്ത അപരാധം ചെയ്തുവെന്ന് കുറ്റപ്പെടുത്തിയ മന്ത്രി കെ.ടി. ജലീൽ ചർച്ചയിൽ പങ്കെടുക്കാൻ താൽപര്യമില്ലാത്തവരെ പാർലമന്റെിലേക്ക് അയക്കരുതെന്ന് ലീഗിനെ പരിഹസിക്കുകയും ചെയ്തു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി വിട്ടുനിന്നിരുന്ന കാര്യവും ജലീൽ ചൂണ്ടിക്കാട്ടി.

സിപിഎമ്മും കോൺഗ്രസും വിഷയത്തിൽ നിലപാട് പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും ഐ.എൻ.എൽ, വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ തുടങ്ങിയ പാർട്ടികൾ കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. മുത്തലാഖ് ബില്ലിനെതിരെ നിയമപോരാട്ടം തുടരുമെന്നറിയിച്ച സമസ്തയും നിലപാട് കടുപ്പിച്ചിട്ടുണ്ട്. നിർണായക ദിവസം പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയുടെ പാർലമന്റെിലെ അസാന്നിധ്യം തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ രാഷ്ട്രീയ തിരിച്ചടികൾക്ക് വഴിവെക്കുമോയെന്ന ആശങ്ക ലീഗ് നേതാക്കൾക്കുണ്ട്.

മുത്തലാഖ് ബിൽ ലോക്‌സഭയിൽ ചർച്ചക്ക് വന്നപ്പോൾ ഹാജരാകാത്ത മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ന്യൂനപക്ഷ മതേതര സമൂഹത്തോട് കൊടുംവഞ്ചനയാണ് കാട്ടിയതെന്ന് ഐ.എൻ.എല്ലും അഭിപ്രായപ്പെടുകയുണ്ടായി. മുത്തലാഖ് നിരോധന ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് എംപി പി.കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് ഐ.എൻ.എൽ മാർച്ചും നടത്തി. ഇന്നുരാവിലെയാണ് ഐ.എൻ.എൽ പ്രവർത്തകർ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് പ്രതിഷേധമാർച്ച് നടത്തിയത്.