തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടിയും രൂപീകരിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയോടെ മറ്റ് രാഷ്ട്രീയ പാർട്ടികളെല്ലാം വെള്ളാപ്പള്ളി അനുഭാവികളെ ഒരു അകലത്തിൽ നിർത്തുകയാണ് പതിവ്. വെള്ളാപ്പള്ളി ബാന്ധവത്തിന്റെ പേരിൽ നിരവധി കോൺഗ്രസ് പ്രവർത്തകരെ പുറത്താക്കി തീരുമാനം വന്നിരുന്നു. ഇതേ പാതയിൽ തന്നെയാണ് സിപിഎമ്മും നീങ്ങിയത്. കഴിഞ്ഞ ദിവസം വെള്ളാപ്പള്ളിക്ക് വിരുന്നൊരുക്കുകയും കൈയിൽ മുത്തുകയും ചെയ്തുവെന്ന കാരണത്താൽ സിപിഐ(എം) ലോക്കൽ കമ്മിറ്റി അംഗത്തെ പാർട്ടി പുറത്താക്കിയത്. ഇത് വാർത്തയായതോടെ വിവാദമാകുകയും ചെയ്തിരുന്നു. ബിഷപ്പുമാരുടെ കൈയിൽ മുത്തുന്നവരെ സിപിഐ(എം) പുറത്താക്കുമോ എന്ന ചോദ്യമാണ് ഉയർന്നത്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ മറുനാടൻ മലയാളിയോട് പ്രതികരിച്ച പി കെ രാജൻകുട്ടി താൻ ചെയ്തതിൽ യാതൊരു ഖേദവും ഇല്ലെന്നാണ് പറഞ്ഞത്.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്ഷണിച്ചതും വിരുന്നു നൽകിയതും എസ് എൻ ട്രസ്റ്റ് ഭാരവാഹി എന്ന നിലയ്‌ക്കെന്ന് സംഭവവുമായി ബന്ധപ്പെട്ടു സിപിഎമ്മിൽ നിന്നു പുറത്താക്കപ്പെട്ട പി കെ രാജൻകുട്ടി പറഞ്ഞു. പാർട്ടിയുടെ അനുവാദം വാങ്ങിയ ശേഷമാണ് താൻ എസ് എൻ ട്രസ്റ്റിലെ ഭാരവാഹിത്വത്തിലേക്ക് മത്സരിച്ചതെന്നും രാജൻകുട്ടി മറുനാടൻ മലയാളിയോട് പറഞ്ഞു. പാർട്ടി തന്നെ പുറത്താക്കിയ വിവരം നേരിട്ടറിയിച്ചിട്ടില്ലെന്നും രാജൻകുട്ടി പറഞ്ഞു. വെള്ളാപ്പള്ളിയെ വീട്ടിൽ ക്ഷണിച്ചു വരുത്തി കാൽ തൊട്ട് വന്ദിച്ചതിനും സൽക്കരിച്ചതിനും ഇന്നലെയാണ് പാർട്ടിയിൽനിന്നും രാജൻകുട്ടിയെപുറത്താക്കിയത്.

എന്നാൽ താൻ തെറ്റായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും പ്രായത്തിൽ മുതിർന്ന ഒരാളെ ആദരിച്ചതിൽ എന്താണപാകതയെന്നും രാജൻകുട്ടി ചോദിക്കുന്നു. പാർട്ടിയിൽ നിന്നു രാജൻകുട്ടിയെ പുറത്താക്കേണ്ട ആവശ്യമില്ലെന്നും സസ്‌പെൻഷൻ മതിയെന്നും ജില്ലാ സെക്രട്ടറിയേറ്റംഗം പ്രൊഫ. ടി കെ ജി നായരടക്കമുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഇവരുടെ അഭിപ്രായങ്ങൾക്കു വിലനൽകാതെയായിരുന്നു പുറത്താക്കാനുള്ള തീരുമാനം.

കഴിഞ്ഞ ദിവസം നടന്ന ഇ എം എസ് അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ ഒരു വിഭാഗം പ്രവർത്തകർ തന്നെ പങ്കെടുപ്പിക്കുന്നതിനെ എതിർത്തുവെന്നും എന്നാൽ ആരോപണങ്ങൾ പാർട്ടി കമ്മറ്റിയിൽ പറയണമെന്നും ഇ എം എസ് അനുസ്മരമണയോഗത്തിൽ ആർക്കും പങ്കെടുക്കാമെന്നുമുള്ള ഒരു ജില്ലാ കമ്മറ്റി അംഗത്തിന്റെ അഭിപ്രായപ്രകടനം കാരണമാണ് അന്ന് തനിക്ക് പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതെന്ന് രാജൻകുട്ടി പറഞ്ഞു. താൻ ഒരിക്കലും ബിഡിജെഎസിലേക്ക് പോകില്ലെന്നും സിപിഐ(എം) പ്രവർത്തകനായിതന്നെ മരിക്കണം എന്നാണ് ആഗ്രഹമെന്നും രാജൻകുട്ടി പറയുന്നു.

സിപിഎമ്മിന്റെ പത്തനംതിട്ട പ്രക്കാനം ലോക്കൽ കമ്മിറ്റിയംഗമായിരുന്നു പി കെ രാജൻകുട്ടി. അടിയന്തിര ലോക്കൽ കമ്മിറ്റി യോഗം ചേർന്നാണു രാജൻകുട്ടിയെ പുറത്താക്കിയത്. പുറത്താക്കേണ്ട കാര്യമില്ലെന്നും സസ്‌പെൻഷൻ മതിയെന്നും നിർദ്ദേശിച്ച ജില്ലാ സെക്രട്ടറിയേറ്റംഗം പ്രൊഫ. ടി കെ ജി നായരെ യോഗസ്ഥലത്ത് പ്രവർത്തകർ പൂട്ടിയിട്ടുവെന്ന വാർത്തകളും ഇതിനിടെ പുറത്തുവന്നിരുന്നു. ഒരാഴ്ച മുമ്പാണ് പാർട്ടിയിൽ നിന്നു പുറത്താക്കപ്പെടാൻ കാരണമായ സംഭവം നടന്നത്. പ്രക്കാനം കൈതവന ദുർഗാദേവി ക്ഷേത്രപുനരുദ്ധാരണ സമർപ്പണത്തിന് വെള്ളാപ്പള്ളി എത്തിയിരുന്നു. ബിജെപി നേതാവ് അഡ്വ. ജയൻ ചെറുവള്ളിയുടെ വീട്ടിലാണ് വെള്ളാപ്പള്ളി വിശ്രമിച്ചത്.

ഇവിടെയെത്തിയ എസ്.എൻ. ട്രസ്റ്റ് അംഗം കൂടിയായ രാജൻകുട്ടി വെള്ളാപ്പള്ളിയുടെ കാലിൽ തൊട്ടു വന്ദിച്ചിരുന്നു. സമർപ്പണ ചടങ്ങിന് ശേഷം വെള്ളാപ്പള്ളിക്കും മറ്റ് അതിഥികൾക്കും ഭക്ഷണം ക്രമീകരിച്ചിരുന്നത് രാജൻകുട്ടിയുടെ വീട്ടിലായിരുന്നു. രണ്ടു സംഭവങ്ങളുടെയും ചിത്രങ്ങൾ പകർത്തിയ പാർട്ടി പ്രവർത്തകർ അത് നവമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. സംസ്ഥാനജില്ലാ കമ്മിറ്റികൾക്ക് പരാതിയും നൽകി. ഇതിനു പിന്നാലെയാണു പുറത്താക്കൽ.