പാലക്കാട്: ലൈംഗിക പീഡന വിവാദത്തിൽ കുരുങ്ങിയ പി കെ ശശി എംഎൽഎക്കെതിരെ പാർട്ടി നടപടിയെടുക്കും. പി.കെ. ശശി എംഎൽഎയ്‌ക്കെതിരായ അച്ചടക്ക നടപടിക്കൊപ്പം 2 ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 6 പേർക്കെതിരെ കൂടി സിപിഎം അന്വേഷണ കമ്മിഷൻ നടപടിക്കു ശുപാർശ ചെയ്തു. ഡിവൈഎഫ്‌ഐ വനിതാ നേതാവിനോടു വാക്കുകളാൽ അപമര്യാദ കാട്ടി എന്നാണു ശശിക്കെതിരെ പാർട്ടി കമ്മിഷന്റെ കണ്ടെത്തൽ. ഇതു 'തീവ്രത കുറഞ്ഞ ലൈംഗിക പീഡനമെന്ന്' വിലയിരുത്തലിലാണ് പാർട്ടി. അതുകൊണ്ട് തന്നെ കടുത്ത നടപടിക്ക് മുതിരില്ലെന്നുമാണ് ലഭിക്കുന്ന സൂചന.േ

അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് തിങ്കളാഴ്ച സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയ്ക്കു വരും. സിപിഎമ്മിന് അവമതിപ്പുണ്ടാക്കും വിധം ശശിക്കെതിരായ പരാതി വളച്ചൊടിച്ചു എന്ന കുറ്റമാണു ജില്ലാ നേതാക്കൾക്കെതിരെ പാർട്ടി കമ്മിഷൻ കണ്ടെത്തിയിരിക്കുന്നത്. ശശി വ്യക്തി ജീവിതത്തിലെ നല്ല പെരുമാറ്റമര്യാദയാണു ലംഘിച്ചതെങ്കിൽ മറ്റുള്ളവർ പാർട്ടി പ്രവർത്തകർ എന്ന നിലയിൽ പാലിക്കേണ്ട സാമാന്യ അച്ചടക്കം ലംഘിച്ചു. ബോധപൂർവം പാർട്ടിയെ പൊതുജനമധ്യത്തിൽ മോശമാക്കി ചിത്രീകരിക്കുന്ന പ്രവൃത്തിയാണ് ഇവരുടേത്.

വനിതകൾക്കെതിരായ അതിക്രമങ്ങൾ അന്വേഷിക്കുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ നിർദേശപ്രകാരമാണു സിപിഎം അന്വേഷണ കമ്മിഷനെ നിയോഗിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ടു തന്നെ നിയമ വ്യവസ്ഥയെ ചോദ്യം ചെയ്താണ് അന്വേഷണം എന്ന പ്രചാരണത്തിൽ കഴമ്പില്ല.

അതിനിടെ പി.കെ.ശശി എംഎൽഎക്കെതിരായ പരാതിയിൽ പരാതിക്കാരിയായ പെൺകുട്ടിക്കു നീതി ലഭിക്കുമെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് വ്യക്തമാക്കി. അന്വേഷണ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ന്യൂനപക്ഷ സാംസ്‌കാരിക സമിതിയുടെ വനിതാ കൺവൻഷൻ ഉദ്ഘാടനത്തിനെത്തിയ വൃന്ദ പറഞ്ഞു.

സിപിഎം സംസ്ഥാന സമിതി യോഗം നാളെ ചേരാനിരിക്കെ പി.കെ. ശശി എംഎ‍ൽഎ നയിക്കുന്ന സിപിഎമ്മിന്റെ പ്രചാരണ ജാഥ ഇന്ന് സമാപിക്കും. പ്രചാരണ ജാഥ നടക്കുന്നതിനാൽ വെള്ളിയാഴ്ചത്തെ സംസ്ഥാന സമിതി യോഗം പി.കെ ശശിക്കെതിരായ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചിരുന്നില്ല. പാർട്ടിക്കുള്ളിൽ ഉയർന്ന എതിർപ്പുകൾ പോലും അവഗണിച്ചാണ് സിപിഎം നേതൃത്വം ഷൊർണൂർ മണ്ഡലത്തിലെ ജനമുന്നേറ്റ യാത്രയുടെ നായകനായി പി.കെ ശശി എംഎ‍ൽഎ യെ നിയോഗിച്ചത്. പക്ഷേ സ്ത്രീ സമത്വം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനിടെ സംസ്ഥാന തലത്തിൽ തന്നെ സിപിഎമ്മിന് ഇത് തിരിച്ചടിയുണ്ടാക്കിയെന്ന് സിപിഎം സഹയാത്രികരിൽ ചിലർ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

മാത്രമല്ല, പാർട്ടിക്കുള്ളിൽ ഉയർന്ന എതിർപ്പ് ജാഥയിൽ പ്രതിഫലിച്ചുവെന്ന് കരുതുന്നവരുമുണ്ട്. ചെർപ്പുളശ്ശേരിയിലെ യോഗത്തിൽ ഉദ്ഘാടകനായി എത്തേണ്ടിയിരുന്ന സംസ്ഥാന സമിതി അംഗവും മുൻ എംഎ‍ൽഎയുമായ എം ചന്ദ്രൻ, പാലക്കാട് ജില്ലയിലുണ്ടായിരുന്നിട്ടും യോഗത്തിനെത്താതെ വിട്ടു നിന്നതും വലിയ ചർച്ചയായി. ജാഥ അവസാനിക്കുന്നതോടെ ശശിക്കെതിരായ അച്ചടക്ക നടപടികളിലേക്ക് സിപിഎം കടക്കുമെന്നാണ് ലഭ്യമായിട്ടുള്ള വിവരം. വാണിയംകുളം, കൂനത്തറ, കാരക്കാട്, ഷൊർണൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കുളപ്പുള്ളിയിലാണ് ജാഥ സമാപിക്കുക.