പാലക്കാട്: പി.കെ.ശശിക്കെതിരായ പീഡന ആരോപണം പൊലീസിന് സിപിഎം കൈമാറില്ല. യുവതി പൊലീസിൽ പരാതിയും കൊടുക്കില്ലെന്നാണ് സൂചന. ഈ ഉറപ്പ് സിപിഎമ്മിന് കിട്ടിക്കഴിഞ്ഞു. അതിനിടെ വനിതാ നേതാവിന് നേരെ ലൈംഗിക പീഡനമുണ്ടായെന്ന പരാതിയിൽ ഷൊർണൂർ എംഎൽഎ പി.കെ. ശശി കുറ്റക്കാരനാണെന്നു കണ്ടാൽ നടപടിയെടുക്കുമെന്ന് മന്ത്രി എ.കെ.ബാലനും വിശദീകരിച്ചു. സംഘടനാപരമായി അന്വേഷിക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യമെന്നും അന്വേഷണത്തിൽ എന്തെങ്കിലും അസംതൃപ്തിയുണ്ടെങ്കിൽ മറ്റ് മാർഗങ്ങൾ അവർക്ക് തേടാമെന്നും ബാലൻ വിശദീകരിച്ചു. ശശിക്കെതിരെ നടപടിയെടുക്കാമെന്നും പൊലീസിൽ പരാതി കൊടുക്കരുതെന്നുമുള്ള പാർട്ടിയുടെ നിർദ്ദേശം പരാതിക്കാരി സ്വീകരിച്ചതിന്റെ സൂചനയാണ് ബാലന്റെ വാക്കുകളിൽ ഉള്ളത്.

ഇതിന് മുൻപും ഇത്തരം സമാനമായ സന്ദർഭങ്ങളിൽ ഒരാളെപോലും രക്ഷിച്ചിട്ടില്ലെന്നും മാതൃകാപരമായ നടപടി സംഘടനാപരമായും നിയമപരമായും എടുത്ത ചരിത്രമുണ്ടെന്നും മന്ത്രി ബാലൻ വിശദീകരിച്ചിട്ടുണ്ട്. പരാതിക്കാരുയുടെ മാനസികാവസ്ഥ കണക്കിലെടുത്തായിരിക്കും നടപടികൾ പൂർത്തിയാക്കുക. അവരുടെ വിശ്വാസത്തിന് നിരക്കുന്ന രൂപത്തിൽ തന്നെയായിരിക്കും അന്വേഷണ കമീഷനും പാർട്ടിയും മുന്നോട്ട് പോവുക. അതിൽ എന്തെങ്കിലും അവിശ്വാസമോ അസംതൃപ്തിയോ അവർക്കുണ്ടെങ്കിൽ അവർ സ്വീകരിക്കുന്ന എല്ലാ വഴികളോടും പരിപൂർണമായ പിന്തുണ പാർട്ടിയുടേതും സർക്കാറിൻേറതുമുണ്ടാകുമെന്നും ബാലൻ പറഞ്ഞു. പ്രളയം കാരണമാണ് നടപടി വൈകിയതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന നേതൃത്വം കൈവിട്ടതോടെ പി.കെ.ശശിക്കെതിരെ അച്ചടക്ക നടപടിയിലേക്ക് നീങ്ങുകയാണ് സിപിഎം. പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന വിലയിരുത്തലിലാണ് പാർട്ടി. അപകടം മണത്തതോടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിനു തയ്യാറെടുക്കുകയാണ് പി.കെ.ശശിയും കൂട്ടരും. ഇന്ന് ശശി വിളിച്ച ഏര്യാകമ്മിറ്റി യോഗവും നടന്നില്ല. സംസ്ഥാന നേതൃത്വം എതിരായതോടെ ആരും യോഗത്തിനെത്തില്ലെന്ന് ഉറപ്പായി. ഇതോടെ യോഗം മാറ്റി വയ്ക്കുകയായിരുന്നു. ഡിവൈഎഫ് ഐ ജില്ലാക്കമ്മറ്റിയംഗമാണ് ശശിക്കെതിരെ പാർട്ടിക്ക് ലൈംഗിക പീഡന പരാതി നൽകിയത്. ശശിക്കെതിരായ പരാതിയെ കുറിച്ച് അന്വേഷിക്കാൻ പി.കെ ശ്രീമതിയെയും എകെ ബാലനെയുമാണ് പാർട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ മാസം 30ന് മുമ്പ് അന്വേഷണം പൂർത്തിയാക്കുമെന്നാണ് സൂചന.

അതിനിടെ പി.കെ ശശി എംഎ‍ൽഎയ്‌ക്കെതിരായ ആരോപണം സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്നമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. സ്ത്രീ പീഡിപ്പിക്കപ്പെട്ടാൽ പൊലീസിൽ പരാതിപ്പെടാനുള്ള നിയമം ഇവിടെയുണ്ട്. നിയമം അനുസരിക്കാതെ സ്വന്തം പാർട്ടിയിൽ പരാതി നൽകുകയാണ് സ്ത്രീ ചെയ്തത്. പാർട്ടി ഇതേപ്പറ്റി അന്വേഷണം നടത്തുന്നുണ്ട്. അവർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കാനം മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ സിപിഐയുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ പരസ്യ നിലപാട് ഉണ്ടാകില്ലെന്ന് ഉറപ്പായി. ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന ഉറപ്പ് സിപിഐയ്ക്കും കിട്ടിയതായാണ് സൂചന.

പി.കെ ശശി പൊതുപരിപാടി റദ്ദാക്കിയതും പാർട്ടിയുടെ മനസ്സ് അറിഞ്ഞാണ്. ചെർപ്പുളശ്ശേരിയിൽ നടക്കേണ്ട സ്‌കൂൾ ബസ് ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം എത്തില്ലെന്ന് അറിയിപ്പ് നൽകിയത്. വൈകിട്ട് മൂന്നു മണിക്കാണ് പരിപാടി നടക്കേണ്ടിയിരുന്നത്. അനാരോഗ്യത്തെ തുടർന്നാണ് പരിപാടിയിൽ പങ്കെടുക്കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. ആരോപണത്തെ നേരിടാനുള്ള കമ്മ്യൂണിസ്റ്റ് ആരോഗ്യം തനിക്ക് ഉണ്ടെന്നതടക്കമുള്ള പി.കെ ശശിയുടെ പ്രസ്താവനകൾ വിവാദമായിരുന്നു. പിന്നീട് മാധ്യമങ്ങളോട് പ്രകോപിതനായി സംസാരിക്കരുതെന്ന് പാർട്ടി നേതൃത്വം അദ്ദേഹത്തിന് നിർദ്ദേശം നൽകിയിരുന്നു. എംഎ‍ൽഎ മുൻകൈയെടുത്ത് വിളിച്ചു ചേർത്ത ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റി യോഗം ക്വാറം തികയാതെ പിരിഞ്ഞതും ശശിക്ക് തിരിച്ചടിയായിരുന്നു. 19 അംഗ കമ്മിറ്റിയിൽ മൂന്നു പേർ മാത്രമാണ് എത്തിച്ചേർന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് എംഎ‍ൽഎ പൊതു പരിപാടി റദ്ദാക്കിയതായി ഔദ്യോഗിക അറിയിപ്പ് വന്നത്.

നേരത്തെ സംസ്ഥാന സർക്കാരിന്റെ ഭാഗമായ ഒരു മന്ത്രി എങ്ങനെ പി.കെ.ശശിക്കെതിരെയുള്ള യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചിരുന്നു. പി.കെ.ശശിക്കെതിരായ പരാതി അന്വേഷിക്കാൻ നിയമമന്ത്രി എ.കെ. ബാലനെയും പി.കെ. ശ്രീമതി എംപിയേയും ചുമതലപ്പെടുത്തിയ സിപിഎം നടപടി നീത്യന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം കേസിൽ അന്വേഷണം നടത്തേണ്ടത് പാർട്ടി അല്ല പൊലീസാണ്. ഇവിടെ പരാതി പൊലീസിന് കൈമാറാതെ മന്ത്രി തന്നെ അന്വേഷണം നടത്തുകയാണ്. ഇത് കേട്ടു കേൾവി ഇല്ലാത്ത കാര്യമാണ്. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ പിരിച്ചു വിട്ടശേഷം മന്ത്രി ബാലൻ ഈ കേസ് അന്വേഷിക്കുന്നതാവും ഉചിതമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

എന്നാൽ ഏത് സാഹചര്യത്തിലും പൊലീസിൽ പരാതി എത്തിക്കാതിരിക്കാനാണ് സിപിഎം നീക്കം. ശശിക്കെതിരെ പാർട്ടി നടപടിയെടുത്ത് പ്രശ്നം അവസാനിപ്പിക്കും. ഓഗസ്റ്റ് 14 ന് തന്നെ പരാതി സിപിഎം സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെ കിട്ടിയെന്നാണ് പാർട്ടി വാർത്താക്കുറിപ്പിൽ പറയുന്നത്. ഇത് യുവതിയെ പാർട്ടിക്കൊപ്പം ഉറപ്പിച്ച് നിർത്താനുള്ള തന്ത്രമായിരുന്നു. 2018 ഓഗസ്റ്റ് 14നാണ് പരാതി ലഭിച്ചതെന്നും, ഇതേ തുടർന്ന് എംഎ‍ൽഎയെ എ.കെ.ജി സെന്ററിൽ വിളിച്ചുവരുത്തി പി.കെ ശശിയുടെ വിശദീകരണം കേട്ടു എന്നാണ് പ്രസ്താവനയിലുള്ളത്. എന്നാൽ മാധ്യമങ്ങളിൽ വാർത്ത വന്നതിന് ശേഷമാണ് താൻ ഇതിനെക്കുറിച്ച് അറിഞ്ഞത് എന്നായിരുന്നു പി.കെ ശശി കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ എക്കാലത്തും മാതൃകാപരമായ നിലപാടെടുത്ത പാർട്ടിയാണ് സിപിഎം. ഇക്കാര്യത്തിൽ തങ്ങൾ സ്വീകരിച്ചതുപോലുള്ള കർശനമായ നിലപാട് സംസ്ഥാനത്ത് മറ്റൊരു പാർട്ടിയും സ്വീകരിച്ചിട്ടില്ലെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പി.കെ ശശിക്കെതിരായ കേസിൽ അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടനെ പാർട്ടി ഉചിതമായ നടപടി സ്വീകരിക്കുമെന്നും സിപിഎം ഇന്നലെ പ്രസ്താവനയിൽ പറഞ്ഞു. ശശിക്കെതിരായ പീഡനാരോപണത്തിൽ നേരത്തെ ഇടപെട്ടെന്ന അവകാശവാദമാണ് പാർട്ടി ഉന്നയിക്കുന്നത്. ഓഗസ്റ്റ് 14 നാണ് പെൺകുട്ടിയുടെ പരാതി കിട്ടിയത്. പരാതിക്കാരിയെ നേരിട്ട് വിളിച്ചുവരുത്തി നേരത്തെ വിശദീകരണം തേടുകയും ചെയ്തു. പി.കെ.ശശിയെയും എകെജി സെന്ററിലേക്ക് വളിച്ചുവരുത്തി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശദീകരണം തേടി. തുടർന്നാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

അമേരിക്കയിൽ ചികിൽസയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയാണ് ശശിക്കെതിരെ നടപടിയെടുക്കാനുള്ള തീരുമാനം. സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിൽ ശശിയെ പിണറായി പിന്തുണയ്ക്കില്ല. അതിനിടെ യെച്ചൂരിയും കോടിയേരിയും പരാതിയുണ്ടെന്ന് പറഞ്ഞാൽ അത് ശരിയാണെന്നും ശശി പ്രതികരിച്ചു. പാർട്ടി പറയുന്നതാണ് ശരിയെന്നും വ്യക്തമാക്കി. ഈ മാസം 30നും നവംബർ 1 നുമാണ് സിപിഎം സംസ്ഥാന സമിതി ചേരുക. അന്ന് ശശിക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും. ശശിയെ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്യാനാണ് സാധ്യത. പെൺകുട്ടിയുടെ പരാതി പൊലീസിലെത്തില്ലെന്ന് ഉറപ്പിക്കാൻ ഇപ്പോഴും അണിയറയിൽ നടക്കുകയാണ്. പാർട്ടി തലത്തിൽ നടപടിയെടുത്ത് ശശിയെ കേസിൽ നിന്ന് രക്ഷിക്കാനാണ് നീക്കം.