തിരുവനന്തപുരം: പി.കെ.ശശിക്കെതിരായ പീഡന പരാതി പൂഴ്‌ത്തിയതിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന ഹർജിയിൽ 31ന് സാക്ഷിയെ ഹാജരാക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. സാക്ഷിപ്പട്ടികയിലെ ഒന്നാം സാക്ഷിയായ വീക്ഷണം പത്രത്തിലെ റിപ്പോർട്ടർ നിസ്സാറിനെ ഹാജരാക്കാനാണ് കോടതി ഉത്തരവിട്ടത്.

പീഡന പരാതി സിപിഎം സെക്രട്ടറിയേറ്റിൽ ലഭിച്ചതായും പരാതി പൊലീസിന് കൈമാറാതെ മന്ത്രി എ.കെ.ബാലൻ, എംപി പി.കെ.ശ്രീമതി എന്നിവരെ അന്വേഷണ കമ്മീഷനായി നിയമിച്ചതായും ചൂണ്ടിക്കാട്ടി കോടിയേരി എല്ലാ പത്ര -മാധ്യമങ്ങൾക്കും സെപ്റ്റംബർ 7 ന് പത്രക്കുറിപ്പ് നൽകിയ ഭാഗം തെളിയിക്കുന്നതിലേക്ക് ആണ് റിപ്പോർട്ടറെ വിസ്തരിക്കുന്നത്.

സമാന ആവശ്യത്തിന് മനോരമ, മാതൃഭൂമി എന്നീ പത്രമാധ്യമങ്ങളുടെ എഡിറ്റർമാരെ സമൻസയച്ചു വിളിച്ചു വരുത്തി വിസ്തരിക്കണമെന്ന ആവശ്യം മജിസ്‌ട്രേട്ട് റ്റി.മഞ്ജിത്ത് തള്ളി. സാക്ഷിപ്പട്ടികയിൽ വിലാസത്തോടൊപ്പം എഡിറ്റർമാരുടെ പേര് വയ്ക്കാത്തതാണ് സമൻസയക്കണമെന്ന ഹർജി നിരസിക്കാൻ കാരണം. വ്യക്തിയുടെ പേര് വയ്ക്കാതെ സമൻസയ്ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്നാണ് നിസാറിനെ ഹാജരാക്കാമെന്ന് ഹർജിക്കാരൻ കോടതിയിൽ ബോധിപ്പിച്ചത്.