തിരുവനന്തപുരം: പി കെ ശശി എംഎൽഎക്കെതിരായ ലൈംഗിക പീഡന കേസിൽ സിപിഎമ്മിന് മേൽ കുരുക്കു മുറുകുന്നു. വിവാദം കോടതിയിലേക്കും എത്തിയതോടെയാണ് വിവാദം മുറുകുന്നത്. ഇതുമായി ബന്ധപ്പെട്ട് കോടിയേരിക്കെതിരായി നൽകിയ ഹർജിയിൽ കോടതിയിൽ നിന്നും ഉയർന്ന ചോദ്യമാണ് വിവാദത്തിന് ഇടയാക്കിയത്. കുറ്റാരോപിതനോട് തന്നെ പൂഴ്‌ത്തിയെന്നാരോപിക്കുന്ന പരാതി ഹാജരാക്കാൻ ആവശ്യപ്പെടുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന മൗലിക അവകാശങ്ങളുടെ ലംഘനമാകില്ലേയെന്ന് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ചോദിച്ചു. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 14 പ്രകാരം അത് സാദ്ധ്യമാണോയെന്നും പരാതിക്കാരനോട് കോടതി ചോദിച്ചു. തുടർന്ന് വാദം പറയാൻ സമയം തേടിയ പരാതിക്കാരനോട് ചൊവ്വാഴ്ച വാദം പറയാനും കോടതി ആവശ്യപ്പെട്ടു.

പീഡന പരാതി പൂഴ്‌ത്തി വെച്ച് എംഎ‍ൽഎയെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താനായി വ്യാജ വിവരം നൽകിയെന്നാരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി 3 മുമ്പാകെയാണ് ഹർജി ഫയൽ ചെയ്തത്. ഹർജിയുടെ നിയമ സാധുത പരിശോധിക്കാനായി മജിസ്‌ട്രേട്ട് റ്റി.മഞ്ജിത്ത് ഹർജിയിൽ ചൊവ്വാഴ്ച വാദം കേൾക്കും. പീഡന പരാതിയുടെ അസ്സൽ കോടതിയിൽ ഹാജരാക്കാൻ കോടിയേരിക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഉപഹർജിയും ചൊവ്വാഴ്ച പരിഗണിക്കും. കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് ഹർജിക്കാരൻ.

ഷൊർണ്ണൂർ സിറ്റിങ് എംഎ‍ൽഎ പി.കെ.ശശി തന്നെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ബലപ്രയോഗം നടത്തിയെന്നായിരുന്നു ആരോപണം. പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ് പരാതിക്കാരി. ഓഗസ്റ്റ് 14 ന് ലഭിച്ച പരാതി സിപിഎം സെക്രട്ടേറിയറ്റായ എകെജി സെന്ററിൽ സെക്രട്ടറി പൂഴ്‌ത്തി വെച്ചെന്നാണ് ആരോപണം ഉയർന്നത്. 31ന് എംഎൽഎയെ കോടിയേരി വിളിച്ചു വരുത്തി വിശദീകരണം തേടിയതല്ലാതെ പരാതി പൊലീസിന് അയച്ചു കൊടുത്തില്ല.

എന്നാൽ പരാതിക്കാരിയായ ജില്ലാ കമ്മറ്റിയംഗം നാളിതു വരെ പൊലീസിൽ ഉൾപ്പെടെ ഒരു നിയമ അധികാര സ്ഥാപനങ്ങളിലും പരാതിപ്പെട്ടിട്ടില്ല. സംഭവം വിവാദമായപ്പോൾ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രി ബാലൻ, പി.കെ.ശ്രീമതി എംപി എന്നിവരെ അന്വേഷണ കമ്മീഷൻ ആയി സംസ്ഥാന സെക്രട്ടറിയേറ്റ് ചുമതലപ്പെടുത്തി. സെപ്റ്റംബർ 30 ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് മുമ്പ് റിപ്പോർട്ട് നൽകണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.

ഇതിനിടെ ഇന്ന് പാലക്കാട് ചേർന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പി കെ ശശിക്കെതിരായ പരാതി മറച്ചുവെച്ച ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനെതിരെ വിമർശനമുണ്ടായി. പരാതി ലഭിച്ച ശേഷം യോഗം ചേർന്നപ്പോഴും അത് മറച്ചുവെച്ചത് എന്തിനാണെന്നാണ് വിമർശനം ഉന്നയിച്ചത്. ഇത് കൂടാതെ പരാതി ഒതുക്കാൻ ശ്രമിച്ച വനിതാ നേതാവ് ആരെന്ന് വെളിപ്പെടുത്തണമെന്ന ചോദ്യവും ഉയർന്നു.

മുമ്പ് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ശശിക്കെതിരെ പീഡന പരാതി ഉന്നയിച്ച വനിതാ നേതാവിന് തന്റെ ജോലി നഷ്ടമായതല്ലാതെ ഒരു നീതിയും ലഭിച്ചില്ല. വനിതാ നേതാവിന്റെ അടുത്ത ബന്ധുവായ സി.കെ.പി. പത്മനാഭന് അസംബ്ലി ഇലക്ഷന് സീറ്റും നിഷേധിച്ചു. വനിതാ നേതാവിന് ദേശാഭിമാനി പത്രമാഫീസിലെ ജോലിയും നഷ്ടമായി. പി.ശശി അഗ്‌നിശുദ്ധി വരുത്തി പുണ്യാളനായി ഒരു പരിക്കുകളും ഏൽക്കാതെ ശക്തനായി തിരികെ വരികയും ചെയ്തു. ഇപ്പോൾ കണ്ണൂർ ജില്ലാ കോടതിയിൽ അഭിഭാഷകനായി പ്രാക്റ്റീസ് ചെയ്ത് നിയമത്തിലെ വരികൾ തലനാരിഴ കീറി വാദിച്ച് കക്ഷികൾക്ക് വേണ്ടി കേസ് നടത്തി വരുന്നു.