തിരുവനന്തപുരം - പി.കെ പരമേശ്വരൻനായർ ട്രസ്റ്റിന്റെ 28 -ാം വാർഷികത്തോടനുബന്ധിച്ച് മലയാളഭാഷാപഠനത്തെക്കുറിച്ച് അന്തർദേശീയചർച്ചാസമ്മേളനം, പുരസ്‌കാരദാനം എന്നിവ നടന്നു.

മികച്ച ജീവചരിത്രഗ്രന്ഥത്തിനുള്ള 2018 ലെ പി.കെ പരമേശ്വരൻനായർ പുരസ്‌കാരം (ഇരുപതിനായിരം രൂപയും ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ രൂപകല്പനചെയ്ത പ്രശസ്തിഫലകവും) പി. വിശ്വംഭരൻ ഗാന്ധിയൻ സോഷ്യലിസ്റ്റ് എന്ന പുസ്തകത്തിന്റെ രചയിതാവ് അജിത് വെണ്ണിയൂരിനും നിരൂപണഗ്രന്ഥത്തിനുള്ള എസ്. ഗുപ്തൻനായർപുരസ്‌കാരം (പതിനായിരം രൂപയും പ്രശസ്തിഫലകവും) നോവലും കാല്പനികതയും എന്ന ഗ്രന്ഥം രചിച്ച ഡോ. നന്ത്യത്ത് ഗോപാലകൃഷ്‌നും ഡോ. സുലോചന നാലപ്പാട്ട് നല്കി. ട്രസ്റ്റ് സെക്രട്ടറി ഡോ. എ.എം. ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാലാമണിയമ്മപഠനങ്ങൾ എന്ന ഗ്രന്ഥം ഡോ. സുലോചന നാലപ്പാട്ട് പ്രകാശനം ചെയ്തു.

പി.കെ പരമേശ്വരൻനായർ അനുസ്മരണം പ്രൊഫ. സി.ജി. രാജഗോപാലും എസ്. ഗുപ്തൻനായർ അനുസ്മരണം പ്രൊഫ. ബി. ലക്ഷ്മികുമാരിയും പ്രൊഫ. പന്മന രാമചന്ദ്രൻനായർ അനുസ്മരണം ആർ ശങ്കരൻകുട്ടിയും നിർവഹിച്ചു. പുരസ്‌കാരം നേടിയ പുസ്തകങ്ങൾ പ്രൊഫ. ജി.എൻ പണിക്കർ പരിചയപ്പെടുത്തി. ട്രസ്റ്റിന്റെ മലയാളം വെബ്‌സൈറ്റ് പ്രൊഫ. സി.ജി. രാജഗോപാൽ പ്രകാശനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ എ.ബി. രഘുനാഥൻനായർ, തുളസി കെ. നായർ, ജി.ശ്രീകുമാർ, പുരസ്‌കാരജേതാക്കളായ അജിത് വെണ്ണിയൂർ, ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.