മനാമ:  കേരളത്തിലെ കമ്മ്യൂണിസ്റ്റ്  പാർട്ടിയുടെ സ്ഥാപക നേതാവും സഖാവ് എന്ന പേരിൽ അറിയപ്പെടുന്നതും ആയ പി . കൃഷ്ണപിള്ളയുടെ 67 മത് ചരമ വാർഷികം ദിനം ബഹ്‌റൈൻ പ്രതിഭ ആചരിച്ചു. കൃഷ്ണപിള്ളയുടെ ഇടപെടലുകളും സംഘടനാരീതിയും നേതൃഗുണവും പുതിയ തലമുറയ്ക്ക് ഒരു പാഠപുസ്തകംതന്നെ. 1937ലാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യത്തെ ഗ്രൂപ്പ് കോഴിക്കോട്ട് രൂപീകരിക്കുന്നത്. അതിന്റെ സെക്രട്ടറിയായി തെരഞ്ഞെടുത്തത് കൃഷ്ണപിള്ളയെയായിരുന്നു. പിണറായി പാറപ്രം സമ്മേളനത്തിൽ കമ്യൂണിസ്റ്റ് പാർട്ടി കേരളഘടകത്തിന്റെ പ്രഥമ സെക്രട്ടറിയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1906ൽ വൈക്കത്താണ് കൃഷ്ണപിള്ള ജനിച്ചത്. ദാരിദ്ര്യംമൂലം പഠനം നേരത്തേതന്നെ അവസാനിപ്പിക്കേണ്ടിവന്നു. 16ാം വയസ്സിൽ ആലപ്പുഴയിൽ കയർത്തൊഴിലാളിയായി പ്രവർത്തിച്ചു. പിന്നീട് പല സ്ഥലത്തും വിവിധ ജോലികൾ ചെയ്താണ് ജീവിച്ചത്.

1927ൽ ബനാറസിൽ എത്തി. അവിടെ രണ്ടുവർഷം ഹിന്ദി പഠിച്ച് സാഹിത്യ വിശാരദ് പരീക്ഷ എഴുതി. പിന്നീട് തൃപ്പൂണിത്തുറയിൽ ഹിന്ദിപ്രചാരകനായി ജോലിയിൽ പ്രവേശിച്ചു. ഉപ്പുസത്യഗ്രഹസമരത്തിൽ കൃഷ്ണപിള്ള സജീവമായിത്തന്നെ ഉണ്ടായിരുന്നു. ഉപ്പുസത്യഗ്രഹത്തിനിടെ അദ്ദേഹം കോഴിക്കോട് കടപ്പുറത്ത് ത്രിവർണപതാക വിട്ടുകൊടുക്കാതെ നടത്തിയ ചെറുത്തുനിൽപ്പ് ആ സമരത്തിലെ ഉജ്വല അധ്യായങ്ങളിലൊന്നാണ്. ഈ സമരത്തിൽ ക്രൂരമർദനമേറ്റ് അദ്ദേഹം  ബോധംകെട്ടുവീണു. മർദനവും ജയിൽവാസവും കൃഷ്ണപിള്ളയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു.

തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിക്കുന്നതിൽ അസാധാരണ പാടവമാണ് സഖാവ് കാണിച്ചത്. ആലപ്പുഴയിലെ കയർത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടൺമിൽ തൊഴിലാളികളെയും കണ്ണൂരിലെ ബീഡിനെയ്ത്ത് തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്നതിലും പി കൃഷ്ണപിള്ള  നടത്തിയ ഇടപെടലാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് അടിത്തറ ഒരുക്കുന്നതിന് സഹായകമായത്. കേരളത്തിന്റെ സാമൂഹ്യവികാസ ചരിത്രത്തിലെ ചാലകശക്തിയായിരുന്നു പി കൃഷ്ണപിള്ള. നവോത്ഥാനമുന്നേറ്റങ്ങളിൽ ഇടപെടുന്നതിലും അതിന്റെ തുടർച്ചയിൽ വർഗപരമായ വീക്ഷണത്തോടെ സമൂഹത്തെ നയിക്കുന്നതിലും അദ്ദേഹം  കാണിച്ച ദീർഘവീക്ഷണം കേരളത്തിന്റെ ഇന്നത്തെ വികാസത്തിന് ഏറെ സഹായകമായി.  കേരളത്തിലെ പ്രസിദ്ധമായ അയിത്തവിരുദ്ധ പോരാട്ടങ്ങളിൽ വൈക്കത്തും ഗുരുവായൂരിലും കൃഷ്ണപിള്ളയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവിതകാലത്തുതന്നെയാണ് പാലിയം സത്യഗ്രഹം ആരംഭിച്ചത്.

ബഹ്‌റൈൻ കലവറ ഹാളിൽ നടന്ന അനുസ്മരണ സമ്മേളത്തിൽ പ്രതിഭ പ്രസിഡന്റ് എൻ കെ വീരമണി അധ്യക്ഷൻ ആയിരുന്നു . ബിനു സ്വാഗതം ആശംസിച്ചു , ഷെരീഫ് കോഴിക്കോട് കൃഷ്ണപിള്ള അനുസ്മരണ പ്രഭാഷണവും , ശ്രീജിത്ത് , സി വി നാരായണൻ എന്നിവർ സമകാലീക സംഭവങ്ങളെ കുറിച്ചുള്ള വിശദീകരണവും നടത്തി .