കൊച്ചി: ബിജെപിയിൽ അഭിപ്രായഭിന്നത തുറന്നുകാട്ടി പ്രതികരണവുമായി മുൻ ഉപാധ്യക്ഷൻ പി.എം വേലായുധൻ. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുമായുള്ള ഭിന്നത തുറന്ന് പറഞ്ഞ് മുൻ ഉപാധ്യക്ഷൻ പി.എം വേലായുധൻ.സുരേന്ദ്രനിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാൽ ആ പ്രതീക്ഷയെല്ലാം തച്ചുതകർത്തുകൊണ്ട് തന്ന വാക്ക് പാലിക്കാതെ വഞ്ചിക്കുകയാണ് ചെയ്തതെന്നും വേലായുധൻ പറഞ്ഞു. റിപ്പോർട്ടർ ടിവി ക്ലോസ് എൻകൗണ്ടറിലായിരുന്നു വേലായുധന്റെ പ്രതികരണം.

പല പ്രസ്ഥാനങ്ങളിലും പോയി എല്ലാ ആനുകൂല്യങ്ങളും കൈപറ്റി അതെല്ലാം വലിച്ചെറിഞ്ഞ് ബിജെപിയിലേക്ക് വരുന്നവരെ സ്വീകരിക്കുമ്പോൾ പ്രസ്ഥാനത്തിന് വേണ്ടി ചോരയും നീരും ഒഴുക്കിയവരെ ചവിട്ടിപുറത്താക്കുന്ന നടപടിയാണുള്ളതെന്നും ഇത് കേരളത്തിൽ മാത്രമെ കാണുള്ളുവെന്നും വേലായുധൻ പറഞ്ഞു.

'എന്നെ പോലുള്ള നിരവധി പേർ ഇന്ന് പാർട്ടിയിൽ ദുഃഖിതരാണ്. ഇതെല്ലാം പറയേണ്ട ഒരു ആസ്ഥാനം സംസ്ഥാന അധ്യക്ഷനാണ്. ആ അധ്യക്ഷൻ അതിന് തയ്യാറാകാതെ വന്നാൽ എന്ത് ചെയ്യും. വേറെ വഴികളൊന്നുമില്ല,'' വേലായുധൻ പറഞ്ഞു.നേതൃത്വം ഇടപെട്ട് തെറ്റ് തിരുത്തണമെന്നും പരാതികൾ കേട്ട് തെറ്റ് തിരുത്താൻ അവർ തയ്യാറാവണമെന്നും വേലായുധൻ പറഞ്ഞു.

പാർട്ടിക്കകത്തെ വ്യക്തികളിലാണ് പോരായ്മയെന്നും പാർട്ടിയുടെ ആശയത്തേയും ആദർശത്തേയും കാറ്റിൽ പറത്തിക്കൊണ്ട് ആ വ്യക്തികൾക്ക് തോന്നുന്ന മാതിരി മുന്നോട്ട് പോകുന്നത് അപകടമാണെന്നും വേലായുധൻ പറഞ്ഞു.സംസ്ഥാന അധ്യക്ഷൻ തെറ്റ് തിരുത്തി മുന്നോട്ട് പോകാൻ തയ്യാറാവണമെന്നും വേലായുധൻ കൂട്ടിച്ചേർത്തു.എന്തുകൊണ്ടാണ് സുരേന്ദ്രന് ഇപ്പോൾ ഇങ്ങനെ സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും സുരേന്ദ്രൻ പ്രസിഡന്റായപ്പോൾ തന്നെയൊക്കെ ചവിട്ടുന്നതിന്റെ മറുപടി സുരേന്ദ്രനാണ് പറയേണ്ടതെന്നും വേലായുധൻ പറഞ്ഞു.

അഹങ്കാരവും അഹന്തയും താഴെവെക്കണമെന്നും ബിജെപി ആരുടേയും തറവാട് സ്വത്തല്ലെന്നും പറഞ്ഞ വേലായുധൻ പാർട്ടിവിടാൻ ആഗ്രഹിക്കുന്നില്ലേ എന്ന ചോദ്യത്തിന് ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ലെന്നാണ് മറുപടി പറഞ്ഞത്. മറ്റ് പാർട്ടികളിൽ നിന്ന് ഓഫറുകളുണ്ടോ എന്ന് പറയാൻ പറ്റില്ലെന്നും വേലായുധൻ പറഞ്ഞു.അതേസമയം, ബിജെപിയിലെ ഭിന്നതകളിൽ പരസ്യ പ്രസ്താവനയുമായി നേരത്തെ ശോഭാ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. പാർട്ടി പുനഃസംഘടനയിലെ അതൃപ്തിയാണ് ശോഭ സുരേന്ദ്രൻ പരസ്യമായി പ്രകടിപ്പിച്ചത്.