കണ്ണൂർ: കണ്ണൂരിലെ സിപിഎമ്മിന്റെ പ്രമുഖ വനിതാ നേതാക്കളിൽ ഒരാളായി വളരുന്ന നേതാവാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ പി പി ദിവ്യ. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ വനിതാ നേതാവ് ഇടയ്ക്കിടെ വിവാദങ്ങളിലും ചാടാറുണ്ട്. ഇപ്പോൾ ഇവരെ ചുറ്റിപ്പറ്റിയുള്ള വിവാദം ഫേസ്‌ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടാണ്.

'മണികണ്ഠൻ'(ശബരിമല ബാലതീർത്ഥാടകർ)മാരെ കാനനപാതയിലൂടെ നടത്തിക്കുന്നതു ബാലപീഡനമാണെന്ന അഭിപ്രായം രേഖപ്പെടുത്തി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന് ദിവ്യക്ക് കടുത്ത വിമർശനം കേൾക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ വിവാദമായതിനു പിന്നാലെ പർദയുടെ അസ്വാതന്ത്ര്യവും ചൂണ്ടിക്കാട്ടി സിപിഎം. വനിതാനേതാവ് രംഗത്തെത്തി.

കുട്ടികളുടെ ശബരിമല ദർശനവുമായി ബന്ധപ്പെട്ടിട്ട ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ ശബരിമല ഭക്തരും ഹൈന്ദവസംഘടനാ പ്രവർത്തകരും സിപിഎം. അണികളും ഇതിന്റെ പേരിൽ കൊമ്പുകോർത്തു. ശബരിമല തീർത്ഥാടകരായ രണ്ടുപേർക്കൊപ്പം രണ്ട് കുട്ടികൾ കൂടി കാൽനടയായി പോകുന്ന ചിത്രം നൽകിയാണ് ദിവ്യ പോസ്റ്റിട്ടത്. കാസർകോട്ടുകാരായ രക്ഷിതാക്കൾക്കൊപ്പം ശബരിമല ദർശനത്തിന് പോകുന്ന കുട്ടികളുടെ ചിത്രമാണ് നൽകിയത്. സിപിഐഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പിപി ദിവ്യയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇതോടെ വിവാദമായി.

മതവികാരം വ്രണപ്പെട്ടെന്ന് ആരോപണമുയർന്നതിനാൽ 'പർദ' എന്ന കവിത പിൻവലിക്കേണ്ടിവന്ന സാഹചര്യം ചൂണ്ടിക്കാട്ടി കവി പവിത്രൻ തീക്കുനിയും ഫേസ്‌ബുക്കിൽ പ്രതികരിച്ചു. തുടർന്ന് അതേ കവിത ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്താണു ദിവ്യ വിവാദം 'ബാലൻസ്' ചെയ്തത്. ദിവ്യയുടെ ഈ പോസ്റ്റിനെ വിമർശിച്ചും അനുകൂലിച്ചും ഫേസ്‌ബുക്കിൽ കമന്റുകൾ നിറയുകയാണ്. ശബരിമല വിഷയത്തിൽ ദിവ്യയുടെ പോസ്റ്റിനോടുള്ള രൂക്ഷമായ പ്രതികരണങ്ങൾ തുടരുന്നതിനിടെയാണിത്. അതേസമയം ദിവ്യ ഫേസ്‌ബുക്കിലൂടെ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന വികാരം പാർട്ടിക്കാർക്കിടയിലുമുണ്ട്.