- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിൽ ബിജെപി പ്രതിസന്ധിയിൽ; പ്രശ്നം തീർക്കാൻ കേന്ദ്ര നേതൃത്വം ഇടപെടണം; ആവശ്യം ഉന്നയിച്ച് പി പി മുകുന്ദന്റെ കത്ത്; നേതൃത്വത്തിലേക്ക് തിരിച്ചെത്താൻ ആഗ്രഹമുണ്ടെന്നും ബിഎൽ സന്തോഷിന് അയച്ച കത്തിൽ വെളിപ്പെടുത്തൽ
തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ദേശീയ നേതൃത്വം ഇടപെടണമെന്ന ആവശ്യവുമായി മുതിർന്ന നേതാവ് പി പി മുകുന്ദൻ വീണ്ടും രംഗത്ത്. ഇടപെടൽ ആഴവശ്യപ്പെട്ട് പി പി മുകുന്ദൻ കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകി. എറെ കാലമായി പാർട്ടി നേതൃത്വത്തിൽ നിന്നും വിട്ടു നിൽക്കുന്ന പിപി മുകുന്ദൻ സംഘടനാ നേതൃത്വത്തിലേക്ക് തിരിച്ചു വരാൻ ആഗ്രഹമുണ്ടെന്ന കാര്യവും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തേഷിന് അയച്ച കത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
കേരളത്തിൽ പാർട്ടി കടുത്ത പ്രതിസന്ധിയിലെന്നും കേന്ദ്ര നേതൃത്വത്തിന്റെ അടിയന്തിര ഇടപെടൽ ആവശ്യമാണെന്നും കത്തിൽ പറയുന്നു. ബിജെപി സംഘടനകൾ ഓരോ ദിവസവും താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. പാർട്ടി അനുഭാവികളിൽ ഇനി ചെറിയ പ്രതീക്ഷ മാത്രമാണുള്ളതെന്നും ബിജെപി കേന്ദ്ര നേതൃത്വത്തിന് അയച്ച കത്തിൽ പി പി മുകുന്ദൻ പറയുന്നു.
പാർട്ടിയെ പിന്നോട്ട് അടിപ്പിച്ചതിന്റെ ധാർമിക ഉത്തരവാദിത്വം നേതൃത്വത്തിനാണ്. കേരളത്തിൽ ബിജെപി 15 വർഷം പിറകോട്ട് പോയി. സംഘടന ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനാണ് കത്തയച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ ദയനീയ പരാജയം നേതൃത്വത്തിന്റെ മോശം സമീപനംകൊണ്ട് ഉണ്ടായതാണ്. ഈ യാഥാർത്ഥ്യത്തിനുനേരെ കണ്ണടച്ചുകൊണ്ട് കാര്യമില്ലെന്നും കത്തിൽ പറയുന്നു.
ബിജെപിയിൽ ചേരുന്ന മറ്റു പാർട്ടിയിലെ നേതാക്കൾക്ക് സ്ഥാനമാനങ്ങൾ നൽകുന്ന രീതിയെ രൂക്ഷമായി വിമർശിച്ചും പി.പി മുകുന്ദൻ നേരത്തെ രംഗത്ത് വന്നിരുന്നു. അൽഫോൻസ് കണ്ണന്താനം, ടോം വടക്കൻ, അബ്ദുല്ലക്കുട്ടി എന്നിവർക്ക് ബിജെപിയിൽ വലിയ പദവികൾ നൽകുമ്പോൾ സാധാരണ പ്രവർത്തകർക്ക് അത് ദഹിക്കുമോയെന്നാണ് പി.പി മുകുന്ദൻ ചോദിച്ചത്.
ബംഗാളിൽ ബിജെപിയിലേക്കു വന്നവരെല്ലാം തിരികെ പോകുകയല്ലേയെന്നും അബ്ദുല്ലക്കുട്ടി നേതാവാകുമായിരിക്കും പക്ഷേ ബിജെപിയുടെ ആശയത്തെക്കുറിച്ച് അദ്ദേഹത്തിന് എന്തറിയാമെന്നും മുകുന്ദൻ പരിഹസിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം കിട്ടിയപ്പോൾ അബ്ദുല്ലക്കുട്ടി തന്നെ കാണാൻ വന്നെങ്കിലും 'സമയമായിട്ടില്ലല്ലോ' എന്ന് പറയുകയാണുണ്ടായതെന്നും പി.പി മുകുന്ദൻ പറഞ്ഞു.
ബിജെപിയിലെ ഗ്രൂപ്പിസത്തെയും മുകുന്ദൻ വിമർശിച്ചു. അഭിപ്രായ ഐക്യം ഇല്ലായ്മയുണ്ട്. അതിനെ എന്തു വിളിച്ചാലും തരക്കേടില്ലെന്നും പല കാര്യങ്ങളിലും ഏകാഭിപ്രായമില്ലെന്നും മുകുന്ദൻ പറഞ്ഞു.
'അടുത്തകാലത്ത് ശോഭാ സുരേന്ദ്രൻ എന്നെ വിളിച്ചു, 'മുകുന്ദേട്ടൻ എന്നെ ശപിച്ചിട്ടുണ്ടോ'എന്ന് ചോദിച്ചു. 'അതെന്തിനാണ്' എന്നു ഞാൻ ചോദിച്ചു. ജ്യോത്സ്യനെ കണ്ടപ്പോൾ ഗുരുശാപമുണ്ടെന്ന് അവരോടു പറഞ്ഞുപോലും. 'ഞാനതു ചെയ്യില്ല. അഞ്ചാറു മാസത്തേക്ക് നീ മിണ്ടാതിരിക്ക്' എന്നു പറഞ്ഞു. എന്നോട് അങ്ങനെ ചോദിക്കാനുള്ള സ്വാതന്ത്ര്യം അവർക്കും പറയാനുള്ള സ്വാതന്ത്ര്യം എനിക്കുമുണ്ട്. ഏതു കാര്യവും ചെയ്യുന്നത് ബന്ധപ്പെട്ടയാളെ കൂടി വിശ്വാസത്തിലെടുത്തായിരിക്കണം. പല കാര്യങ്ങളും തന്നോട് പറയാതെ ചെയ്തു എന്ന വിഷമം ശോഭയ്ക്കുണ്ട്'; മുകുന്ദൻ പറഞ്ഞു.
ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെയും മുകുന്ദൻ വിമർശമുയർത്തി. കുഴൽപ്പണക്കേസിൽ ആരോപണങ്ങൾ ഉയർന്നപ്പോൾ സുരേന്ദ്രൻ മാറി നിന്നിരുന്നുവെങ്കിൽ ആളുകൾക്ക് വിശ്വാസവും മതിപ്പും കൂടുമായിരുന്നു. പിന്നീട് സുരേന്ദ്രനു തിരിച്ചു വരാമായിരുന്നു. പക്ഷേ അങ്ങനെ ചെയ്തില്ല'- മുകുന്ദൻ പറഞ്ഞു.
പാർട്ടി പുനഃ സംഘടനയിൽ അതൃപ്തി പുകയുകയാണ്. ബിജെപി കോർകമ്മറ്റി യോഗത്തിൽ നിന്ന് വിട്ടുനിന്നാണ് ഒരു വിഭാഗം നേതാക്കൾ പ്രതിഷേധിക്കുന്നത്. എ എൻ രാധാകൃഷ്ണൻ, എംടി രമേശ്, എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നില്ല.
ബിജെപി സംസ്ഥാന നേതൃത്വം പുനഃസംഘടിപ്പിച്ചതിന് പിന്നാലെ പാർട്ടി നേതാക്കൾക്കിടയിൽ തന്നെ അതൃപ്തി പരസ്യമാവുകയാണ്. അതിനിടെയാണ് കോർകമ്മിറ്റി യോഗത്തിൽ നിന്നും വിട്ടു നിൽക്കുന്നത്.
സംഘടനാ സെക്രട്ടറി ബിഎൽ സന്തോഷിന്റെ സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിൽ കേരള പ്രഭാരി സിപി രാധാകൃഷ്ണനും പങ്കെടുക്കുന്നുണ്ട്. അതേസമയം, പി കെ കൃഷ്ണദാസ് യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
നേരത്തെ ബിജെപിയുടെ ചാനൽ ചർച്ചാ പാനലിസ്റ്റുകളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നും സംസ്ഥാന നേതാക്കൾ പുറത്തുപോയിരുന്നു. പി കെ കൃഷ്ണദാസ്, എം ടി രമേശ്, എ എൻ രാധാകൃഷ്ണൻ, എം എസ് കുമാർ എന്നിവരാണ് ഗ്രൂപ്പിൽ നിന്ന് സ്വയം പുറത്തുപോയത്. തുടർന്ന് അച്ചടക്ക ലംഘനത്തിന് കടുത്ത നടപടി ഉണ്ടാകുമെന്ന് കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടിയും വന്നു.പിന്നാലെയാണ് കോർകമ്മിറ്റി യോഗത്തിൽ നിന്നും വിട്ടുനിൽക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ അടിസ്ഥാനത്തിൽ ശുദ്ധീകരണ പ്രക്രിയയിലാണ് ബിജെപി. ഈ സാഹചര്യം മുൻനിർത്തി പാർട്ടിയെ ശക്തിപ്പെടുത്താനും പ്രവർത്തനം മെച്ചപ്പെടുത്താനും താഴെ തട്ടിൽ സമഗ്രമായ അഴിച്ചു പണി വേണമെന്നും നിയോജക മണ്ഡലം കമ്മറ്റികൾ വിഭജിക്കണം എന്നുമാണ് സംസ്ഥാന ഘടകത്തിന്റെ ആവശ്യം. ഇതിന് കേന്ദ്രനേതൃത്വം അംഗീകാരം നൽകിയിട്ടുണ്ട്. പ്രഭാരി മാർ, ബൂത്ത് തല ഇൻ ചാർജുമാർ എന്നിവർക്കും മാറ്റം വരുത്തിയേക്കുമെന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ