- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ.സുരേന്ദ്രൻ ബിജെപി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണം; ആർഎസ്എസിൽ നിന്ന് ആരെയും കൊണ്ടുവരരുത്; പഴയ ഒരാളാവണം അദ്ധ്യക്ഷൻ; ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനത്ത് ഉയർത്തി കാട്ടിയത് ബുദ്ധിശൂന്യത എന്നും പി.പി.മുകുന്ദൻ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുരേന്ദ്രൻ മാറണമെന്ന് മുതിർന്ന നേതാവ് പി.പി. മുകുന്ദൻ. കുഴൽപ്പണം, കോഴ കേസ് അടക്കം ഉയർന്ന സാഹചര്യത്തിൽ ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് സുരേന്ദ്രൻ മാറണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര തീരുമാനം ഉടനുണ്ടാകണമെന്നും മുകുന്ദൻ ആവശ്യപ്പെട്ടു. ടെലിവിഷൻ ചാനലിനോടാണ് മുകുന്ദന്റെ പ്രതികരണം.ഒരു പ്രസ്താവന നൽകാൻ പോലും കരുത്തില്ലാതെ ബിജെപി ദുർബലമായി മാറിയെന്നും മുകുന്ദൻ പറഞ്ഞു.
'നിരാശരും നിഷ്ക്രിയരും നിലംഗരുമായി പ്രവർത്തകർ മാറിയ സാഹചര്യമാണ് ഇപ്പോഴുള്ളത്. ആർ. എസ്.എസിൽ നിന്ന് പുതിയൊരാളെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരരുത്. പഴയ, കഴിവ് തെളിയിച്ച ഒരാളെ നേതൃത്വത്തിലേക്ക് കൊണ്ടുവരണം,' അദ്ദേഹം പറഞ്ഞു.ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനത്ത് ഉയർത്തിക്കാട്ടിയത് ബുദ്ധിശൂന്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയുടേയും കുഴൽ-കള്ളപ്പണ ഇടപാടുകളുടേയും പശ്ചാത്തലത്തിൽ പ്രതിക്കൂട്ടിലായ സുരേന്ദ്രനെ മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ സുരേന്ദ്രന്റെ രണ്ട് മണ്ഡലങ്ങളിലെ മത്സരവും ഹെലികോപ്ടറും 35 സീറ്റ് കിട്ടിയാൽ ഭരിക്കുമെന്ന പ്രസ്താവനയുമെല്ലാം തിരിച്ചടിയായെന്ന് പാർട്ടിക്കുള്ളിൽ വിലയിരുത്തലുമുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് സുരേന്ദ്രനെ മാറ്റിയേക്കുമെന്ന വാർത്തകൾ വന്നത്. രണ്ട് വർഷം മുൻപാണ് സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. മൂന്ന് വർഷമാണ് അധ്യക്ഷന്മാരുടെ കാലാവധി. ഇതിന് മുൻപ് കുമ്മനം രാജശേഖരനും പി.എസ്. ശ്രീധരൻപിള്ളയും അധ്യക്ഷന്മാരായപ്പോഴും കാലാവധി പൂർത്തിയാക്കാനായിരുന്നില്ല.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയും കൊടകരകുഴപ്പണ കേസ്, സികെ ജാനുവുമായി ബന്ധപ്പെട്ട് കോഴ ആരോപണം അടക്കം ഉയർന്നത് സുരേന്ദ്രന് തിരിച്ചടിയായിട്ടുണ്ട്. മാറ്റാനും മാറ്റാതിരിക്കാനും സാധ്യതയുണ്ടെന്ന രീതിയിലായിരുന്നു ഇക്കാര്യത്തിൽ സുരേന്ദ്രന്റെ പ്രതികരണം. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ കാലാവധി മൂന്ന് വർഷമാണ്. കെ സുരേന്ദ്രനെ സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ച് രണ്ട് വർഷം ആകുന്നതേയുള്ളൂ.
പക്ഷേ സുരേന്ദ്രനോട് നേരത്തെയുണ്ടായ താൽപര്യം കേന്ദ്ര നേതൃത്വത്തിന് ഇപ്പോഴില്ലെന്നാണ് വിലയിരുത്തൽ. നിലവിലുണ്ടായ ഒരു സീറ്റ് നഷ്ടപ്പെടുത്തിയുള്ള നിയമസഭാ തെരെഞ്ഞെടുപ്പിലെ കനത്ത തോൽവിയാണ് താൽപര്യമില്ലായ്മയ്ക്ക് പ്രധാനകാരണം. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള ബിജെപി അഞ്ചംഗ സമിതിയുടെ റിപ്പോർട്ട് കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.കെസുരേന്ദ്രൻ മാറിയാൽ പകരം ആരെന്ന ചോദ്യവും ഉയരുന്നു. സുരേഷ്ഗോപിയുടെ പേര് ഉയർന്ന് കേട്ടെങ്കിലും അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. വത്സൻ തില്ലങ്കേരിയുടെ പേരും കേൽക്കുന്നു.