- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാബിനറ്റിൽ മന്ത്രി പ്രസാദിരിക്കുമ്പോൾ കെ റെയിൽ വരുത്തുന്ന പ്രകൃതി നാശത്തിൽ മിണ്ടാതിരിക്കുന്നോ എന്ന് അദ്ഭുതം കൂറിയത് മേധാ പട്കർ; ഏക്കറ് കണക്കിന് പാടശേഖരങ്ങൾ നികത്തേണ്ടി വരുന്നതിൽ കൃഷിമന്ത്രിക്ക് മിണ്ടാട്ടമില്ല; ആറന്മുള സമരനായകന്റെ ആവേശം ആവിയായോ?
തിരുവനന്തപുരം : പദവിയും അധികാരവും പാർട്ടി അടിമത്തവും ഒരു മനുഷ്യന്റെ നിലപാടുകളെ ദുർബലപ്പെടുത്തുമോ എന്ന് പലരും ചോദിക്കാറുണ്ട്. രാഷ്ട്രീയക്കാരെ സംബന്ധിച്ചടത്തോളം പ്രതിപക്ഷത്തിരിക്കുമ്പോൾ സർവ്വതിനേയും എതിർക്കുകയും, വിമർശിക്കുകയും പിന്നീട് അധികാരം കിട്ടുമ്പോൾ പണ്ട് പറഞ്ഞതെല്ലാം വിഴുങ്ങി ഒന്നുകിൽ മിണ്ടാതിരിക്കുകയും അല്ലെങ്കിൽ നിർലജ്ജം പഴയ നിലപാടുകളെ തള്ളിപ്പറയുകയും ചെയ്യുന്നത് തിരഞ്ഞെടുപ്പ് ജനാധിപത്യത്തിൽ പതിവ് കാഴ്ചയാണ്.
അത്തരമൊരു പരിണാമം സംഭവിച്ച രാഷ്ട്രീയ നേതാവാണ് ഇപ്പോഴത്തെ കൃഷി മന്ത്രി പി. പ്രസാദ്. സംസ്ഥാനത്ത് ഏത് പ്രദേശത്തുമുള്ള പ്രകൃതി ചൂഷണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന പ്രസാദിപ്പോൾ സംസ്ഥാനത്തെ ദുരന്ത പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന കെ റെയിലിന്റെ നിശബ്ദ വക്താവായി മാറിയിരിക്കയാണ്. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കെ റെയിൽ വിരുദ്ധ സമരം ഉദ്ഘാടനം ചെയ്ത മേധാ പട്ക്കർ തന്റെ പ്രസംഗത്തിൽ എടുത്ത് പറഞ്ഞ ഒരു കാര്യമുണ്ട് - മന്ത്രി പ്രസാദിനെ പ്പോലുള്ളവർ ക്യാബിനറ്റിലിരിക്കുമ്പോൾ ഇത്ര വലിയ പദ്ധതി മൂലമുണ്ടാകുന്ന പ്രകൃതി ചൂഷണത്തെക്കുറിച്ച് അദ്ദേഹം മിണ്ടാതിരിക്കുന്നതിൽ അത്ഭുതം തോന്നുന്നു എന്നായിരുന്നു മേധാ പട്കർ പറഞ്ഞത്.
പാർട്ടി അടിമത്തവും അധികാരത്തിന്റെ മായാവലയവും സൃഷ്ടിക്കുന്ന രൂപാന്തരങ്ങളാണ് പ്രസാദിനെപ്പോലുള്ളവരെ മൗനികളാക്കുന്നത്.നിലപാടിനേക്കാൾ വലുത് പാർട്ടി അടിമത്തവും, അധികാരക്കൊതിയുമാണെന്ന് രാഷ്ടീയ നേതാക്കൾ നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുന്നു. മന്ത്രി പ്രസാദും അതിൽ നിന്ന് ഒട്ടും വ്യത്യസ്തനല്ലെന്നാണ് മനസിലാക്കേണ്ടത്.
പ്ലാച്ചിമട മുതൽ ആറന്മുള വിമാനത്താവള വിരുദ്ധ സമരം വരെയുള്ള പരിസ്ഥിതി സമരങ്ങളിലെ മുന്നണി പോരാളി യായിരുന്നു പ്രസാദ്. കെ- റെയിൽ സൃഷ്ടിക്കാനിടയുള്ള പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് ചർച്ചകൾ നടക്കുമ്പോൾ മറുവശത്ത് അദ്ദേഹത്തിന്റെ പാർട്ടിയും നേതൃത്വവും , പ്രകടന പത്രികയിൽ അംഗീകരിച്ച പദ്ധതിയെ തള്ളിപ്പറയാനാവില്ലാ എന്ന നിലപാടിലാണ്.
ആറന്മുള വിമാനത്താവള വിരുദ്ധ സമരസമിതി യുടെ കൺവീനറായിരുന്ന പ്രസാദ് അക്കാലത്ത് സിപിഐ യുടെ പത്തനം തിട്ട ജില്ലാ സെക്രട്ടറിയുമായിരുന്നു. അന്നത്തെ പ്രതിപക്ഷമായിരുന്ന ഇടത് മുന്നണിക്കൊപ്പം, ബിജെപി, ആർ എസ്. എസ്, കോൺഗ്രസിലെ വി എം സുധീരൻ, പീലിപ്പോസ് തോമസ് തുടങ്ങിയവരായിരുന്നു സമരസമിതിക്ക് നേതൃത്വം കൊടുത്തത്. പി. പ്രസാദ് ഗ്രീൻ ട്രിബ്യൂണലിൽ കൊടുത്ത ഹർജി പരിഗണിച്ചാണ് വിമാനത്താവളത്തിന് ട്രിബ്യൂണൽ നിർമ്മാണനുമതി നിഷേധിച്ചത്.
4000 ഏക്കർ നെൽപ്പാടം നികത്തി വിമാനത്താവളം പണിയുന്നത് ആറന്മുളയുടെ പാരിസ്ഥിതിക സന്തുലനാവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നായിരുന്നു സമര സമിതിയുടെ പ്രധാന വാദം. ഈ പ്രദേശത്തെ സ്വാഭാവിക നീരൊഴുക്ക് ഇല്ലാതാവുകയും ജീവജാലങ്ങൾക്ക് ദോഷമുണ്ടാവുന്ന പദ്ധതിയെന്നുമായിരുന്നു പ്രസാദും കൂട്ടരും വാദിച്ചതും, പ്രചരി പ്പിച്ചതും. ആറന്മുളയിലും ചുറ്റുവട്ടത്തും സംഭവിച്ചതിനേക്കാൾ വൻ പ്രകൃതി ചൂഷണമാണ് കെ റെയിലിന്റെ പേരിൽ കേരളമാകെ സംഭവിക്കാൻ പോവുന്നത് എന്നറിഞ്ഞിട്ടും അദ്ദേഹം മിണ്ടാതിരിക്കയാണ്. പ്രകൃതി സ്നേഹത്തേക്കാൾ അധികാര സ്നേഹമാണ് അദ്ദേഹത്തെ നയിക്കുന്നതെന്ന് വ്യക്തം.
സിൽവർ ലൈൻ പദ്ധതിയിലെ അശാസ്ത്രീയതയെക്കുറിച്ചും നെൽവയലുകൾ വ്യാപകമായി നികത്തേണ്ടി വരുമെന്നറിഞ്ഞിട്ടും കൃഷിമന്ത്രി പാർട്ടി അച്ചടക്കത്തിന്റെ പേര് പറഞ്ഞ് ഒളിച്ചു കളിക്കയാണ്. കഴിഞ്ഞ രണ്ടു മഹാപ്രളയങ്ങൾ എൽപ്പിച്ച പാരിസ്ഥിതിക ആഘാതത്തിൽ നിന്നു രക്ഷപ്പെടാനുള്ള കേരളത്തിന്റെ പ്രവർത്തനങ്ങൾ ഇപ്പോഴും ഒച്ചിഴയുന്ന വേഗത്തിലാണ് പുരോഗമിക്കുന്നത് എന്നു മാത്രമല്ല ഇപ്പോഴത്തെ സ്ഥിതിഗതികളെപ്പറ്റി പഠിക്കുന്ന റിപ്പോർട്ടുകൾ ഒന്നും തന്നെ സർക്കാർ പുറത്തു വിടുന്നുമില്ല.
292 കിലോമീറ്റർ നീളത്തിൽ മതില് കെട്ടി ( എംബാംഗ് മെന്റ് ) അതിന് മുകളിലൂടെയാണ് ട്രെയിൻ ഓടിക്കുന്നത്. ഇത്തരമൊരു സാഹര്യത്തിൽ സംസ്ഥാനത്തെ കാർഷിക മേഖലയ്ക്ക് സംഭവിക്കാനിടയുള്ള ദൂരവ്യാപക പ്രത്യാഘാതങ്ങളെക്കുറിച്ച് കൃഷിവകുപ്പ് ഒരു പഠനം പോലും നടത്താൻ തയ്യാറായിട്ടില്ല. പ്രകൃതി സ്നേഹം ടി വി മൈക്കിന് മുന്നിൽ മാത്രം പറയാനുള്ളതല്ലെന്ന് പ്രസാദ് തെളിയിക്കണം. വികസനത്തിന്റെ പേര് പറഞ്ഞ് നെൽപ്പാടങ്ങൾ നികത്തുന്നതിനോട് മന്ത്രിക്ക് വിയോജിപ്പുണ്ടോ എന്നറിയാൻ ജനങ്ങൾക്കവകാശമുണ്ട്.
പ്രതിപക്ഷത്തിരിക്കുമ്പോൾ മാത്രം പറയാനുള്ള താണോ പ്രകൃതി സ്നേഹം എന്ന ചോദ്യം ജനങ്ങൾ ചോദിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല. കെ റെയിൽ പദ്ധതി മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ, പാരിസ്ഥിതിക നാശത്തിന്റെ, പ്രതികൂല പ്രത്യാഘാതങ്ങൾ പരിഗണിച്ച് അത്നേരിടേണ്ടിവരുന്ന ജനങ്ങളുടെ ആകാംക്ഷ അകറ്റാൻ പ്രകൃതി സ്നേഹി എന്നവകാശപ്പെടുന്ന പ്രസാദ് എന്ത് ചെയ്തു, ചെയ്യുന്നു എന്ന ചോദ്യത്തിന് മറുപടി പറയേണ്ടതുണ്ട്.
കെ - റെയിൽ കാർഷിക മേഖലയിൽ സൃഷ്ടിക്കാനിടയുള്ള ഭവിഷ്യത്തുകളെക്കുറിച്ച് മന്ത്രി പ്രസാദിന്റെ കൃഷി വകുപ്പിൽ എന്തെങ്കിലും പഠനം നടക്കുന്നുണ്ടോ? പദ്ധതി മൂലം സംഭവിക്കാനിടയുള്ള പാരിസ്ഥിതിക കാർഷിക ആഘാതങ്ങളെക്കുറിച്ചറിയാൻ വിദഗ്ധരുടെ അഭിപ്രായം തേടാൻ മന്ത്രി എന്തെങ്കിലും ശ്രമം നടത്തിയിട്ടുണ്ടോ?
പ്രകൃതി സ്നേഹി എന്ന മുഖം മൂടി മാറ്റി താൻ വികസനത്തിന്റെ വക്താവാണെന്ന് ആർജ്ജവത്തോടെ പറയാൻ കൃഷിമന്ത്രി പ്രസാദ് തയ്യാറാകുമോ എന്നാണ് പരിസ്ഥിതി വാദികൾ ഉറ്റുനോക്കുന്നത്. ഭരണത്തിന്റെ സൗഭാഗ്യങ്ങൾ കൈവിടാതെ ആദർശ ഡയലോഗുകൾ തട്ടി വിടുന്നവരാണ് സിപിഐ ക്കാർ എന്ന ആക്ഷേപം ശരിവെക്കുന്നതാണ് പ്രസാദിന്റെ മൗനം. ഭരണത്തിന്റെ ശീതളഛായയിൽ നിന്ന് മാറിയാലേ പ്രകൃതി സ്നേഹം തിരിച്ചു വരികയുള്ളു എന്നാരോപിക്കുന്നവരെ കുറ്റം പറയാനുമാവില്ല.