ന്യൂഡൽഹി: റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ മലയാളി താരം പി ആർ ശ്രീജേഷ് നയിക്കും. ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യൻ ടീം നടത്തിയ മികച്ച പ്രകടനത്തെ തുടർന്നാണ് ശ്രീജേഷിനെ ക്യാപ്റ്റനായി തുടരാൻ ഹോക്കി ഇന്ത്യ അനുവദിച്ചത്.

ക്യാപ്റ്റനായിരുന്ന സർദാർ സിങ്ങിനു വിശ്രമം അനുവദിച്ചതിലാണ് വൈസ് ക്യാപ്റ്റനായിരുന്ന ശ്രീജേഷ് ചാമ്പ്യൻസ് ട്രോഫിയിൽ ക്യാപ്റ്റനായത്. ടീം നടത്തിയ മികച്ച പ്രകടനം ശ്രീജേഷിന്റെ ക്യാപ്റ്റൻ സ്ഥാനം ഉറപ്പിച്ചു. സർദാർ സിങ്ങും ടീമിൽ ഇടം നേടിയിട്ടുണ്ട്.

ചാമ്പ്യൻസ് ട്രോഫിക്കു പിന്നാലെ ശ്രീജേഷിനെ ക്യാപ്റ്റനായി തുടരാൻ അനുവദിക്കുമെന്നു സൂചനയുണ്ടായിരുന്നു. ശ്രീജേഷിന്റെ പ്രകടനം ടീമിനാകെ പുത്തൻ ഉണർവുണ്ടാക്കിയിരുന്നു.

ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യയെ നയിക്കുന്ന ആദ്യ മലയാളിയായി മാറിയിരിക്കുകയാണ് ശ്രീജേഷ്. മാനുവൽ ഫെഡറിക്‌സിനു ശേഷം ഒളിമ്പിക് യോഗ്യത നേടുന്ന ഇന്ത്യൻ ടീമിൽ എത്തുന്ന മലയാളി ഹോക്കിതാരമെന്ന പ്രത്യേകതയും ശ്രീജേഷിനു സ്വന്തമായി.

എസ് വി സുനിലാണു പുതിയ വൈസ് ക്യാപ്റ്റൻ. ഹർമൻപ്രീത് സിങ്, രുപീന്ദർ പാൽ സിങ്, കോത്താജിത് സിങ്, സുരേന്ദർ കുമാർ, മൻപ്രീത് സിങ്, സർദാർ സിങ്, വി ആർ രഘുനാഥ്, എസ് കെ ഉത്തപ്പ, ഡാനിഷ് മുജ്താബ, ദേവേന്ദർ വാൽമീകി, ആകാശ് ദീപ് സിങ്, ചിങ്‌ലെൻസന സിങ്, രമൺദീപ് സിങ്, നിക്കിൻ തിമ്മയ്യ എന്നിവരാണു മറ്റു ടീമംഗങ്ങൾ. അർജന്റീന, കനഡ, ജർമനി, അയർലൻഡ്, നെതർലൻഡ്‌സ് എന്നീ ടീമുകൾ ഉൾപ്പെട്ട ബി ഗ്രൂപ്പിലാണ് ഇന്ത്യ കളിക്കുന്നത്.

സുശീല ചാനുവാണ് ഇന്ത്യൻ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ. ദീപിക വൈസ് ക്യാപ്റ്റനാകും. ഗ്രൂപ്പ് ബിയിൽ അർജന്റീന, ഓസ്‌ട്രേലിയ, ബ്രിട്ടൻ, ജപ്പാൻ, യുഎസ് എന്നീ ടീമുകൾക്കെതിരായാണ് ഇന്ത്യയുടെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ.