50 കോടിക്ക് മുകളിൽ മുതൽമുടക്കുള്ള വ്യവസായങ്ങൾക്ക് 7 ദിവസത്തിനുള്ളിൽ അനുമതി; ഏതു വകുപ്പിന്റെ അനുമതി ആവശ്യമാണെങ്കിലും പൊതു അപേക്ഷാ ഫോറം വഴി അപേക്ഷ; ചുവപ്പുനാടകൾ ഒഴിവാക്കാനുള്ള ഭേദഗതി ബിൽ സുപ്രധാന ചുവടുവെയ്പ് എന്ന് മന്ത്രി പി.രാജീവ്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: അമ്പത് കോടി രൂപക്ക് മുകളിൽ മുതൽ മുടക്കുള്ള വ്യവസായങ്ങൾക്ക് ആവശ്യമായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഏഴ് ദിവസത്തിനകം കോമ്പോസിറ്റ് ലൈസൻസ് നൽകാൻ വ്യവസ്ഥ ചെയ്യുന്ന കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ (ഭേദഗതി) ബിൽ, നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന നിലയിൽ സുപ്രധാന ചുവടു വെയ്പാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. നിയമസഭാ മീഡിയാ റൂമിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭേദഗതി ബിൽ നിയമസഭ തിങ്കളാഴ്ച ഏകകണ്ഠമായി പാസാക്കിയിരുന്നു.
അമ്പത് കോടി രൂപയിൽ കൂടുതൽ മുതൽ മുടക്കുള്ളതും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സൂചന അനുസരിച്ച് ചുകപ്പ് വിഭാഗത്തിൽ പെടാത്തതുമായ വ്യവസായ സംരംഭങ്ങൾക്കാണ് ഇപ്രകാരം അതിവേഗ അനുമതി നൽകുന്നത്. എല്ലാ പ്രധാന വകുപ്പുകളുടെയും ഉയർന്ന ഉദ്യോഗസ്ഥരുൾപ്പെടുന്ന ഇൻവെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷൻ ബ്യൂറോക്ക് ആണ് കോമ്പോസിറ്റ് ലൈസൻസ് നൽകുന്നതിനുള്ള അധികാരം.
വ്യവസായ സംരംഭത്തിന് ഏതു വകുപ്പിന്റെ അനുമതി ആവശ്യമാണെങ്കിലും ഒരു പൊതു അപേക്ഷാ ഫോറം വഴി അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾക്ക് ഒപ്പം സമർപ്പിക്കേണ്ട രേഖകളുടെ ചെക്ക് ലിസ്റ്റും ബ്യൂറോ പ്രസിദ്ധീകരിക്കും. അപേക്ഷകളുടെയും രേഖകളുടെയും പരിശോധനകൾക്ക് ശേഷമാണ് ഫെസിലിറ്റേഷൻ ബ്യൂറോ അനുമതി നൽകുക. അപേക്ഷ ലഭിച്ച് ഏഴ് ദിവസത്തിനകം അതിൽ തീരുമാനമെടുക്കണമെന്ന് ഭേദഗതി ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
ലൈസൻസ് നൽകുന്നതിനുള്ള രേഖകൾ പൂർണ്ണമായി സമർപ്പിച്ചിട്ടില്ലെങ്കിൽ അത് വീണ്ടും സമർപ്പിക്കാൻ അവസരം നൽകിയായിരിക്കും അപേക്ഷ തീർപ്പാക്കുക. ഇപ്രകാരം നൽകുന്ന ലൈസൻസിന്റെ കാലാവധി അഞ്ച് വർഷമായിരിക്കും. ലൈസൻസ് ലഭിച്ച് ഒരു വർഷത്തിനുള്ളിൽ നിബന്ധനകളെല്ലാം പാലിച്ചതായി വ്യക്തമാക്കി വ്യവസായ സ്ഥാപനം സത്യവാങ്മൂലം സമർപ്പിക്കണം. അഞ്ച് വർഷം കഴിഞ്ഞാൽ ലൈസൻസ് പുതുക്കുന്നതിനും ഇതേ പ്രക്രിയയിലൂടെ അപേക്ഷ നൽകാം. ലൈസൻസ് കാലാവധി പൂർത്തിയാകുന്നതിന് മൂന്നുമാസം മുൻപ് നിശ്ചിത രേഖകൾ സഹിതം അപേക്ഷിച്ചാൽ ഏഴ് ദിവസത്തിനകം ലൈസൻസ് പുതുക്കി നൽകുകയും ചെയ്യും. വ്യവസായ അനുമതിക്ക് വേണ്ടിയുള്ള നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിൽ നിർണ്ണായക ചുവട്്വെയ്‌പ്പാണ് ഭേദഗതി ബിൽ പാസാക്കിയതിലൂടെ നടത്തിയിരിക്കുന്നതെന്നും പി.രാജീവ് പറഞ്ഞു.
വ്യവസായ തർക്ക പരിഹാരത്തിനുള്ള സംസ്ഥാന ജില്ലാ പരാതി പരിഹാര സമിതികൾ ഉടൻ രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അഞ്ച് കോടിരൂപ വരെ മുതൽമുടക്കുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാതല സമിതിയും അതിനു മുകളിൽ മുതൽമുടക്കുള്ള വ്യവസായ സ്ഥാപനങ്ങളിലെ പരാതികൾ സംസ്ഥാനതല സമിതിയുമാണ് പരിഗണിക്കുക. വ്യവസായങ്ങളുമായി ബന്ധപ്പെട്ട പരാതി ലഭിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട് ആവശ്യപ്പെടണം. ഇതിനുള്ള നോട്ടീസ് ലഭിച്ച ഏഴ് ദിവസത്തിനുള്ളിൽ ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിക്കണം .എല്ലാ പരാതികളിലും 30 ദിവസത്തിനുള്ളിൽ തീർപ്പ് കല്പിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. തീരുമാനം നടപ്പിലാക്കാൻ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കു പതിനായിരം രൂപ വരെ പിഴ ചുമത്താനും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട ചുവപ്പ് നാടകൾ ഒഴിവാക്കുന്നതിന് സുപ്രധാനമായ നടപടികളാണ് ഈ സർക്കാർ അധികാരത്തിലേറ്റ ശേഷം സ്വീകരിച്ചിട്ടുള്ളതെന്നും വ്യവസായ മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ