- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിറ്റക്സിൽ പരിശോധന നടത്തിയത് കോൺഗ്രസ് നേതാക്കളുടെ പരാതിയിൽ; സർക്കാരോ ഏതെങ്കിലും വകുപ്പോ മുൻകൈ എടുത്തിട്ടില്ല; പരാതി നൽകാതെ സാബു എം ജേക്കബ് സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് ഗൗരവതരം; വിവാദങ്ങൾക്ക് മറുപടിയുമായി മന്ത്രി പി രാജീവ്
തിരുവനന്തപുരം: കിറ്റക്സിൽ പരിശോധന നടത്തിയത് കോൺഗ്രസ് നേതാക്കളുടെ പരാതിയിലെന്നും പരിശോധനകളെ സംബന്ധിച്ച് ഔദ്യോഗിക പരാതി നൽകാതെ കിറ്റക്സ് മേധാവി സാബു എം ജേക്കബ് സംസ്ഥാന സർക്കാരിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത് ഗൗരവകരമാണെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്.
സംസ്ഥാന സർക്കാരോ ഏതെങ്കിലും വകുപ്പോ മുൻകൈയെടുത്ത് ഒരു പരിശോധനയും കിറ്റക്സിൽ നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ബെന്നി ബെഹനാന്റെ പരാതിയിലാണ് ആദ്യം പരിശോധന നടത്തിയത്. പിന്നീട് പി,ടി. തോമസ് എംഎൽഎ വിഷയം നിയമസഭയിൽ ഉന്നയിച്ചു. സീറോ ലിക്വിഡ് സിസ്റ്റം സ്ഥാപിച്ചിട്ടില്ലെന്ന് പി.ടി. തോമസ് സഭയിൽ അറിയിച്ചുവെന്നും രാജീവ് പറഞ്ഞു. വനിത ജീവനക്കാരിയുടെ ശബ്ദ സന്ദേശത്തെ തുടർന്നും പരിശോധന ഉണ്ടായെന്നും മന്ത്രി അറിയിച്ചു.
കിറ്റക്സിൽ നടന്ന പരിശോധനകൾ സംബന്ധിച്ച് വിവിധ വകുപ്പുകൾ നൽകിയ റിപ്പോർട്ട് പരിശോധിച്ചു. പരിശോധന നടക്കുന്ന സമയം ഒരു പരാതിയും കമ്പനി മാനേജ്മെന്റ് പ്രകടിപ്പിച്ചിട്ടില്ല. പരിശോധന കഴിഞ്ഞിട്ടും ഏതെങ്കിലും തരത്തിലുള്ള പരാതികൾ ഉള്ളതായി ഏതെങ്കിലും വകുപ്പുകളെ കമ്പനി മാനേജ്മെന്റ് അറിയിച്ചിട്ടില്ല.
പരാതികൾ ഉണ്ടെങ്കിൽ വ്യവസായ വകുപ്പിനെ അറിയിക്കാൻ ടോൾ ഫ്രീ സംവിധാനമുണ്ട്. വേണമെങ്കിൽ മന്ത്രിയെ നേരിട്ടോ മുഖ്യമന്ത്രിയെ തന്നെയോ വിളിക്കാം. എന്നാൽ കിറ്റക്സ് മുതലാളി ചെയ്തത് ഇതൊന്നും പ്രയോജനപ്പെടുത്താതെ സമൂഹമാധ്യമങ്ങളെ ആരോപണങ്ങൾ ഉന്നയിക്കാനായി തിരഞ്ഞെടുത്തു.
കിറ്റക്സിൽ പരിശോധന നടന്നതുസംബന്ധിച്ച ആരോപണങ്ങൾ ഉയർന്ന ഉടനെ അദ്ദേഹത്തെ വിളിച്ചു. അദ്ദേഹത്തെ ഫോണിൽ കിട്ടാത്തതിനാൽ അദ്ദേഹത്തെ സഹോദരനെ വിളിച്ചു. വളരെ സൗഹാർദപരമായാണ് സംസാരിച്ചത്. പരിശോധിക്കാമെന്ന് ഉറപ്പ് നൽകി. ജില്ലാ വ്യവസായ കേന്ദ്രം മാനേജരും അവരുമായി ബന്ധപ്പെട്ടു.
ജൂൺ 29നാണ് വ്യവസായപദ്ധതിയിൽ നിന്ന് പിന്മാറുന്നതായി അവർ പ്രഖ്യാപിച്ചത്. അന്നും അവരുമായി താൻ നേരിട്ട് ബന്ധപ്പെടാൻ രണ്ട് തവണ ശ്രമിച്ചിരുന്നു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ അദ്ദേഹത്തെ നേരിട്ട് പോയി ബന്ധപ്പെട്ടു. സർക്കാരിനെതിരെ വലിയ ആരോപണങ്ങളും വിമർശനങ്ങളും ഉയരുമ്പോഴും ഞങ്ങൾ സ്വയം പരിശോധന നടത്തുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്. സർക്കാർ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് സാബു എം ജേക്കബ് പറഞ്ഞത് വാസ്തവവിരുദ്ധമാണ്.
ദേശീയ തലത്തിൽ തന്നെ മികച്ച നിക്ഷേപസൗഹാർദ അന്തരീക്ഷുള്ള സംസ്ഥാനമാണ് കേരളം. നീതി ആയോഗിന്റെ റിപ്പോർട്ടുകളിലടക്കം കേരളത്തിന്റെ റാങ്കിങ് വളരെ ഉയർന്ന നിലയിലാണ്. യുപി മുഖ്യമന്ത്രിയെ കേരളം മാതൃകയാക്കണമെന്ന് പറയുന്നതൊക്കെ അപമാനകരമാണെന്നും വ്യവസായ മന്ത്രി ചൂണ്ടിക്കാട്ടി. കിറ്റക്സിലെ പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ അയൽ സംസ്ഥാനങ്ങളിലേക്ക് അനുബന്ധ വ്യവസായ സംരംഭങ്ങൾ മാറ്റാനൊരുങ്ങുന്നതായുള്ള വർത്തകൾക്കിടയിലാണ് വിശദീകരണവുമായി വ്യവസായ വകുപ്പ് നേരിട്ട് രംഗത്ത് എത്തിയത്.
ന്യൂസ് ഡെസ്ക്