കൊച്ചി: കേരളത്തെ രാജ്യത്തെ തന്നെ പാരസ്ഥിതിക സഹൃദ നിക്ഷേപ സംസ്ഥാനമാക്കി മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കൊച്ചി ആസ്ഥാനമായി ആരംഭിച്ച മലയാളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ഫിനാൻസ് മീഡിയ പ്ലാറ്റ്‌ഫോമായ മൈഫിൻ പോയിന്റിന്റെ ഓഫീസും സ്റ്റുഡിയോ കോപ്ലക്‌സും പാലാരിവട്ടത്ത് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തെ ആഗോളത്തലത്തിൽ പോസിറ്റിവ് ആയി ചിത്രീകരിക്കുന്നതിൽ മാധ്യമങ്ങൾക്ക് താത്പര്യമില്ല. വിവാദ നിർമ്മാണ ഫാക്ടറികളാണ് മിക്കവാറും മാധ്യമങ്ങളും. പോസിറ്റീവ് വാർത്തകൾ പാർശ്വവത്കരിക്കപ്പെടുകയും ഒറ്റപ്പെട്ട സംഭവങ്ങൾ പൊതുവത്കരിക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. കേരളത്തിന് എതിരായ വാർത്തകൾ ഏത് ഭാഷയിലും ഉടൻ വിവർത്തനം ചെയ്തുകൊടുക്കുന്ന രീതിയിലാണ് കാര്യങ്ങൾ. ഇത്തരം രീതികളിൽ നിന്ന് വിട്ട് നിൽക്കണമെന്ന് മൈഫിൻ പോയിന്റിനെ പരാമർശിക്കവെ മന്ത്രി പറഞ്ഞു.

സാങ്കേതിക വിദ്യ അതിവേഗം മാറുകയാണ്. ഈ രംഗത്ത് ഒരോ പുതിയ സാധ്യത വരുകയും അത് അതിവേഗം കാലഹരണപ്പെടുകയും ചെയ്യുകയാണ്. ഇത് ഉൾക്കൊള്ളാൻ മാത്രമുള്ള വഴക്കം സംവിധാനങ്ങൾക്കുണ്ടോ എന്നതാണ് വിജയത്തിന് ആധാരമെന്നും അദ്ദേഹം പറഞ്ഞു.

കാലഘട്ടം ആവശ്യപ്പെടുന്ന നിർണായക വിഷയങ്ങളാണ് മൈഫിൻ കൈകാര്യം ചെയ്യുന്നതെന്ന് മൈഫിൻ ലോഗോ റിലീസ് ചെയ്തുകൊണ്ട് എറണാകുളം എം പി ഹൈബി ഈഡൻ പറഞ്ഞു. വിവിധ കാർഷിക മേഖലകളെ ഏകീകരിക്കാൻ പറ്റുന്ന വിധത്തിൽ കർഷകർക്ക് വേണ്ടത്ര സാങ്കേതിക പിന്തുണ വേണമെന്ന് പൊക്കാളി കൃഷിയെ പരാമർശിച്ചുകൊണ്ട് ഹൈബി ഈഡൻ വ്യക്തമാക്കി.

കോവിഡിന് ശേഷം ഓഹരി നിക്ഷേപകരുടെ കാര്യത്തിൽ കുതിച്ച് ചാട്ടമുണ്ടായിട്ടുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എൽ ഐ സി മുൻ എം ഡിയും മുംബൈ സ്റ്റോക് എക്‌സേഞ്ച് ഡയറക്ടറും മൈഫിൻ ഉപദേശക സമിതി ചെയർമാനുമായ ടി സി സുശീൽ കുമാർ വ്യക്തമാക്കി. വിപണിയിലെ നിക്ഷേപകരുടെ എണ്ണത്തിലെ വർധന സാധാരണക്കാരന്റെ ജീവിതത്തിലെ ഇതിന്റെ സ്വാധീനമാണ് കാണിക്കുന്നതെന്നും അദേഹം പറഞ്ഞു.

കേരളത്തിൽ നിക്ഷേധാത്മകത മനോഭാവം കൂടുതലാണെന്നും വ്യവസായികളോടുള്ള ഉദ്യോഗസ്ഥരുടെ സമീപനത്തിൽ മാറ്റം വേണമെന്നും വി സ്റ്റാർ ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഷീല കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി പറഞ്ഞു. എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വ്യവസായത്തിൽ തുടരുമ്പോഴും ചെറിയ ഉദ്യോഗസ്ഥൻ പോലും തടസവുമായി മുന്നോട്ടു വരാം എന്നതാണ് സ്ഥിതി. ഇത് മാറണം.

രാജ്യത്തെ പൊതു അവസ്ഥയിൽ നിന്ന് വ്യത്യസ്തമായി കേരളം ഒരു മണിയോർഡർ സമ്പദ് വ്യവസ്ഥയാണെന്നും അതിനെ തിരിച്ചറിയുകയാണ് വേണ്ടതെന്നും ചടങ്ങിൽ സംസാരിച്ച നോവലിസ്റ്റും എഴുത്തുകാരനുമായ കെ എൽ മോഹന വർമ പറഞ്ഞു. കൗൺസിലർ ജോജി കുരിക്കോട്, എസ് സി എം എസ് കൊച്ചിൻ കോളേജ് ഓഫ് ബിസിനസിൽ മാർക്കറ്റിങ് വിഭാഗം തലവൻ ചെറിയാൻ പീറ്റർ, മൈഫിൻ പോയിന്റ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എൻ ഇ ഹരികുമാർ, മൈഫിൻ ചീഫ് എഡിറ്റർ മോഹൻ കാക്കനാടൻ എന്നിവർ പ്രസംഗിച്ചു.