- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലത്തിന് അനുസരിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾ മാറണം; ഓഡിറ്റ് റിപ്പോർട്ട് ഉണ്ടെങ്കിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്കു ഇനി സർക്കാർ സാമ്പത്തിക സഹായം നൽകുകയുള്ളു: മന്ത്രി പി.രാജീവ്
കൊച്ചി: അഞ്ചു വർഷം കഴിയുമ്പോൾ സംസ്ഥാന സർക്കാരിന് കീഴിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭകരമാക്കണമെന്ന് വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കാലത്തിന് അനുസരിച്ച് മാറാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്കു കഴിയണമെന്നും അടിമുടി പ്രൊഫഷണൽ ആയിരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർമാർക്കായി പൊതുമേഖലാ പുനഃസംഘടനാ ബോർഡിന്റെ (റിയാബ്) ആഭിമുഖ്യത്തിൽ എറണാകുളം ബോൾഗാട്ടിയിൽ സംഘടിപ്പിച്ച ത്രിദിന പരിശീലനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
അടുത്ത സാമ്പത്തിക വർഷംമുതൽ ഓഡിറ്റ് റിപ്പോർട്ട് ഉണ്ടെങ്കിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്കു സർക്കാർ സാമ്പത്തിക സഹായം നൽകുകയുള്ളു. ഓഡിറ്റ് റിപ്പോർട്ട് കൃത്യമായിരിക്കണം. എല്ലാ സ്ഥാപനങ്ങളും മാർച്ച് 31നകം പ്രവർത്തന റിപ്പോർട്ടും(പ്രോഗ്രസ് റിപ്പോർട്ട്) മാനേജിങ് ഡയറക്ടർമാർ വിലയിരുത്തൽ റിപ്പോർട്ടും നൽകണം. മാനേജർ കേഡറിൽ ഓട്ടോമാറ്റിക് പ്രമോഷൻ ഇനിയുണ്ടാകില്ല. പ്രൊഫഷണൽ രീതിയിലായിരിക്കും മാനേജർമാരുടെ തെരഞ്ഞെടുപ്പ്. ഡയറക്ടർ ബോർഡിൽ മാനേജിങ് ഡയറക്ടർ ഉൾപ്പെടെ മൂന്നിലൊന്ന് അംഗങ്ങൾ പ്രൊഫഷണൽസ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും മാസ്റ്റർ പ്ലാൻ അനുസരിച്ചായിരിക്കണം പ്രവർത്തിക്കേണ്ടത്. ഒരു ടീമായി പ്രവർത്തിക്കാൻ കഴിഞ്ഞാൽ മാറ്റങ്ങൾ ഉണ്ടാക്കുവാൻ കഴിയും. തയ്യാറാക്കിയ പദ്ധതികൾ കൃത്യമായി നടപ്പിലാക്കുവാൻ കഴിയണം. ഇതിന് മാനേജിങ് ഡയറക്ടർമാർ നേതൃത്വം നൽകണം. ലാഭകരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഉണ്ട്. അതോടൊപ്പം സർക്കാരിനെ ആശ്രയിക്കുന്ന സ്ഥാപനങ്ങളുമുണ്ട്. പ്രതികൂല സാഹചര്യത്തിലുള്ള സ്ഥാപനങ്ങളെ നന്നാക്കിയെടുക്കുന്നതാണ് വെല്ലുവിളി.പരിശീലനത്തിലൂടെ ലഭിച്ച കാര്യങ്ങൾകൂടി ഉൾപ്പെടുത്തി സ്ഥാപനങ്ങളെ പ്രൊഫഷണലായി മുന്നോട്ടുനയിക്കണമെന്നും മന്ത്രി പറഞ്ഞു.
വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. റിയാബ് ചെയർമാൻ ഡോ.ആർ.അശോക്, റിയാബ് സെക്രട്ടറി കെ.പത്മകുമാർ, റിയാബ് മാസ്റ്റർ പ്ലാൻസ് അഡൈ്വസർ കെ.കെ റോയ് കുര്യൻ, റിയാബ് എക്സിക്യൂട്ടീവ് വി.വി ലക്ഷ്മി പ്രിയ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ മത്സരാധിഷ്ഠിത കമ്പോള വ്യവസ്ഥയിൽ കാലുറപ്പിക്കുന്നതിനും ആഗോള സമ്പദ് വ്യവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് കർമശേഷി വർധിപ്പിക്കുന്നതിനുമായി വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ 42 പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർമാർക്കായാണ് റിയാബിന്റെ ആഭിമുഖ്യത്തിൽ ത്രിദിന പരിശീലന പരിപാടി സംഘടിപ്പിച്ചത്.
ഇൻഡസ്ട്രിയൽ കൾച്ചർ, ഓപ്പറേഷനൽ എക്സ്ലെൻസ്, ബിസിനസ് സ്ട്രാറ്റജി, മാർക്കറ്റ് ക്യാപ്ച്ചറിങ് എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം. തുടർന്ന് ചിന്തകളും ആശയങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുകയും അനുബന്ധ ചർച്ചകളും നടന്നു. ഈ വിഷയങ്ങളിൽ വൈദഗ്ധ്യം നേടിയ പ്രഗത്ഭരായ ഡോ എബ്രഹാം കോശി, പ്രൊഫ. മാണി പി സാം, ഡോ.സജി ഗോപിനാഥ്, പ്രൊഫ. ആനന്ദക്കുട്ടൻ ബി ഉണ്ണിത്താൻ, ഐസക് വർഗീസ്, വേണുഗോപാൽ സി ഗോവിന്ദ്, കെ.ഹരികുമാർ, കെ.കെ റോയ് കുര്യൻ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ