കൊച്ചി: അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയെ ജെഎൻ.യുവിൽ തടഞ്ഞത് ഇപ്പോഴത്തെ സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലാണ് എന്ന സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിന്റെ പോസ്റ്റ് പിഴച്ചു.

നവമാദ്ധ്യമങ്ങളെ എന്നും കരുതലോടെ ഉപയോഗിച്ച യുവ നേതാവിന്റെ അമിളി സോഷ്യൽ മീഡിയ ആഘോഷിക്കുകയും ചെയ്തു. പരിഹാസങ്ങൾ പരിധി വിട്ടതോടെ തെറ്റ് മനസിലാക്കുന്നു എന്ന് പറഞ്ഞ് പി. രാജീവ് തടിതപ്പി. അടിയന്തരാവസ്ഥക്കാലത്ത് എടുത്തത് എന്ന് പറഞ്ഞ് രാജിവ് പോസ്റ്റ് ചെയ്ത ചിത്രം 1977 സപ്തംംബറിലേതാണ് എന്നും ആ സമയത്ത് മൊറാർജി ദേശായി ആയിരുന്നു പ്രധാനമന്ത്രിയായിരുന്നതെന്നും ഫേസ്‌ബുക്കിൽ മറ്റുള്ളവർ ചൂണ്ടിക്കാട്ടി. ഇതോടെയാണ് മാപ്പു പറയൽ വന്നത്.

ഇലക്ഷനിൽ പരാജയപ്പെട്ടിട്ടും ജെ.എൻ.യു ചാൻസലർ സ്ഥാനം ഒഴിയാത്തതിനെതിരെ നടത്തിയ പ്രക്ഷോഭത്തിന്റെ ചിത്രമാണ് അടിയന്തരാവസ്ഥക്കാലത്ത് ഏകാധിപതിയായ മുൻ പ്രധാനമന്ത്രിയെ കാമ്പസിനകത്തേക്ക് കടക്കാനനുവദിക്കാതെ തടഞ്ഞ പ്രബുദ്ധത... എന്ന് പറഞ്ഞ് രാജീവ് പോസ്റ്റ് ചെയ്തത്.

രാജീവിന്റെ അബദ്ധം സോഷ്യൽ മീഡിയയിൽ പരിഹാസത്തിന് കാരണമായി. ഏകാധിപതി എന്ന് നിങ്ങൾ വിശേഷിപ്പിച്ച പ്രധാനമന്ത്രി വെറുമൊരു കോളേജ് വിദ്യാർത്ഥികളുടെ മുന്നിൽ ഇത്ര മാന്യതയോടെ നിൽക്കുന്നു എങ്കിൽ അവരും ബഹുമാനിക്കപ്പെടെണ്ടതല്ലേ? അവർ ശരിക്കും ഒരു ഏകാധിപതി ആയിരുന്നു എങ്കിൽ കമ്മ്യൂണിസ്റ്റ് ചൈനയിലെ ടിയാന്മെൻ സ്‌ക്വോയർലെ അവസ്ഥ ആവുമായിരുന്നു അവിടെ !!!-ഇങ്ങനെ പോകുന്നു പരിഹാസങ്ങൾ.