കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. ഇടയ്ക്കിടയ്ക്ക് പേടിച്ച് പനി വരുന്നയാളാണ് മുഖ്യമന്ത്രി. മന്ദബുദ്ധികൾ ചിലരും മുഖ്യമന്ത്രിയുടെ ഉപദേശകരായി കൂടിയിട്ടുണ്ട്. അവരുടെ ഉപദേശം കേട്ടാൽ കേരളം തകരുമെന്നും പി.രാജു പറഞ്ഞു.

കഴിഞ്ഞ ദിവസം പണിമുടക്കിയ കെസ്ആർടിസി ജീവനക്കാരെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് എഐടിയുസി നടത്തുന്ന രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി.രാജു.

സി.പി.എം-ബിജെപി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗവർണർ വിളിപ്പിച്ചപ്പോൾ, രാജ്ഭവനിലേക്കു പോയ മുഖ്യമന്ത്രിയുടെ നടപടിയെയും നേതാവ് കുറ്റപ്പെടുത്തി.

അതേസമയം, മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ സി.പി.എം സംസ്ഥാന നേതൃത്വം പി.രാജുവിൽനിന്ന് വിശദീകരണം തേടി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് രാജുവിനോട് വിശദീകരണം തേടിയത്.

കഴിഞ്ഞ ദിവസമാണ് പണിമുടക്കിയ 137 ജീവനക്കാരെ കെഎസ്ആർടിസി മാനേജ്‌മെന്റ് സ്ഥലം മാറ്റിയത്. എ.ഐ.ടി.യു.സി, ബി.എം.എസ് എന്നീ യൂണിയനിൽ ഉൾപ്പെട്ട അംഗങ്ങളെയാണ് സ്ഥലം മാറ്റിയത്.

കരുനാഗപ്പള്ളിയിലുള്ളവരെ കാസർകോട്, പെരിന്തൽമണ്ണ, പൊന്നാനി, ഗുരുവായൂർ എന്നിവിടങ്ങളിലേക്കും എറണാകുളത്തു നിന്നുള്ളവരെ തിരുവനന്തപുരത്തേക്കും കൊട്ടാരക്കരയിലേക്കും സ്ഥലം മാറ്റി. തിരുവനന്തപുരം സിറ്റിയിൽ നിന്നുള്ളവരെ തൃശ്ശൂർ,ചാലക്കുടി,കൊടുങ്ങല്ലൂർ ഡിപ്പോകളിലേക്കും സ്ഥലം മാറ്റി. കരുനാഗപ്പിള്ളി വെഹിക്കൾ സൂപ്പർവൈസറെയും സ്ഥലം മാറ്റിയിട്ടുണ്ട്.