കണ്ണൂർ: കോൺഗ്രസ്സിന്റെ മുഖ്യ അജണ്ട ശബരിമല വിഷയമാക്കിയതിനെതിരെ മുതിർന്ന നേതാവും കെപിസിസി. ജനറൽ സെക്രട്ടറിയുമായ പി.രാമകൃഷ്ണൻ പ്രതിഷേധവുമായി രംഗത്ത്. പാർട്ടി നിർവ്വാഹക സമിതി പോലും ചേരാതെയാണ് ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സമരവുമായി കോൺഗ്രസ്സ് തീരുമാനമെടുത്തത്.

പ്രളയ ദുരന്തമുൾപ്പെടെയുള്ള ജനകീയ പ്രശ്നങ്ങളിൽ കോൺഗ്രസ്സിന്റെ ശ്രദ്ധ പതിക്കാതായിരിക്കയാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി. പ്രസിഡണ്ടായി സ്ഥാനമേറ്റ് രണ്ട് മാസത്തിലേറെയായിട്ടും നിലവിലുള്ള പാർട്ടി നിർവ്വാഹക സമിതി യോഗം ചേർന്നിട്ടില്ല. എല്ലാം തീരുമാനിക്കുന്നത് രാഷ്ട്രീയ കാര്യ സമിതി മാത്രമായി ഒതുങ്ങിയിരിക്കയാണ്. കെപിസിസി. ഭാരവാഹികളോ നിർവ്വാഹക സമിതിയോ ഒന്നും അറിയുന്നില്ല. ബിജെപി.ക്കും സിപിഎം. നും ശബരിമല വിഷയം അനിവാര്യമാണ്. അതിൽ ലാഭം കൊയ്യാനാണ് ഈ രണ്ടു പാർട്ടികളും ശ്രമിക്കുന്നത്.

എന്നാൽ അതിന് പിറകേ കോൺഗ്രസ്സ് ഇത്രയും ദിവസങ്ങൾ ഈ വിഷയം ഉന്നയിച്ചു പോകേണ്ടതില്ലായിരുന്നു. രാമകൃഷ്ണൻ പറയുന്നു. അടിത്തട്ടിലെ സംഘടനാ പ്രവർത്തനങ്ങൾ പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്. പഴയ വാർഡ് കമ്മിറ്റികളുടെ സ്ഥാനം ബൂത്ത് കമ്മിറ്റികൾക്കാണ്. എന്നാൽ ദുർബലവും നിർജ്ജീവവുമായ കമ്മിറ്റകളാണ് ഇപ്പോൾ ബൂത്തുകളിലുള്ളത്. കഴിഞ്ഞ ഏഴ് വർഷമായി താൻ കെപിസിസി. ജനറൽ സെക്രട്ടറിയാണ്.

ഇത്തരം സ്ഥാനങ്ങളിൽ ഇനി പുതിയ ഭാരവാഹികൾ വരണമെന്നാണ് ആഗ്രഹമെന്നും രാമകൃഷ്ണൻ പറഞ്ഞു. ഉന്നത നേതാക്കളും അവരുടെ ശിൽബന്ധികളും മാത്രമായി പാർട്ടി കമ്മികൾ ഒതുങ്ങി പോകുന്നു. ബൂത്തിലെ അനുഭാവികളെ പോലുമറിയാത്ത ബൂത്ത് കമ്മിറ്റികളാണ് ചിലയിടത്ത് പ്രവർത്തിക്കുന്നത്. അടിത്തട്ടിൽ കാര്യമായ പ്രവർത്തനം നടത്തുന്നവരെ ബൂത്ത് മണ്ഡലം കമ്മിറ്റി ഭാരവാഹികളാകണം. എല്ലാം ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതിക്കുന്നവയാകരുത്.

ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിയിട്ടും സംഘടനാ സംവിധാനം ക്രിയാത്മകമല്ല. തെരഞ്ഞെടുപ്പിന് വേണ്ടി തട്ടിക്കൂട്ടുന്ന സംഘമാവരുത് പ്രാദേശിക ഘടകങ്ങളെന്നും രാമകൃഷ്ണൻ പറഞ്ഞു.