- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.എസ്.സി. സിലബസ് ചോർന്നുവെന്ന് ആരോപണം; എൽഡിസി, എൽജിഎസ് പരീക്ഷകളുടെ സിലബസ് ഔദ്യോഗിക സൈറ്റിലെത്തും മുമ്പ് സമൂഹമാധ്യമങ്ങളിൽ; അസ്വാഭാവികത ഇല്ലെന്ന് വിശദീകരണം; അന്വേഷണം വേണമെന്ന് ഉദ്യോഗാർത്ഥികൾ
തിരുവനന്തപുരം: പി.എസ്.സി. പരീക്ഷയുടെ സിലബസ് ചോർന്നുവെന്ന ആരോപണവുമായി ഉദ്യോഗാർഥികൾ രംഗത്ത്. എൽഡിസി, എൽജിഎസ് പരീക്ഷകളുടെ സിലബസാണ് ചോർന്നത്. സിലബസ് ഔദ്യോഗിക സൈറ്റിൽ വരുന്നതിന് മുമ്പ് സമൂഹമാധ്യമങ്ങളിലും ചില പരിശീലന കേന്ദ്രങ്ങളിലും ലഭിച്ചു എന്നാണ് ഉദ്യോഗാർഥികളുടെ പരാതി.
എന്നാൽ സംഭവത്തിൽ അസ്വഭാവികതയില്ലെന്നും ചെയർമാർ അംഗീകരിച്ച സിലബസ് എങ്ങനെ സമൂഹമാധ്യമങ്ങളിൽ എത്തിയെന്ന് അറിയില്ലെന്നുമാണ് പി.എസ്.സിയുടെ വിശദീകരണം. എൽഡിസി, എൽജിഎസ് പരീക്ഷകളുടെ പുതുക്കിയ സിലബസ് ഇന്ന് രാവിലെയാണ് പി.എസ്.സി. ഔദ്യോഗിക സൈറ്റിലൂടെ പുറത്തുവിട്ടത്.
എന്നാൽ ഇന്നലെ രാത്രി മുതൽ സാമൂഹിക മാധ്യമങ്ങളിലൂടെ സിലബസിന്റെ പൂർണരൂപം പ്രചരിച്ചിരുന്നു. ഒരുപാട് മാറ്റങ്ങളോടെ പി.എസ്.സി. തയ്യാറാക്കിയ സിലബസ് എങ്ങനെ സ്വകാര്യ പരിശീലന സ്ഥാപനങ്ങളുടെ വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ടുവെന്നാണ് ഉദ്യോഗാർഥികളുടെ ആശങ്ക.
പരീക്ഷാ വിജ്ഞാപനം, സിലബസ്, റാങ്ക് ലിസ്റ്റ് തുടങ്ങി എല്ലാ ഔദ്യോഗിക വിവരങ്ങളും വാർത്താക്കുറിപ്പ് വഴിയോ പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ആണ് പുറത്തിറക്കാറുള്ളത്. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് ഉദ്യോഗാർഥികൾ ആരോപിക്കുന്നത്.
ഔദ്യോഗികമായി പുറത്തുവിടുന്നതിന് മുമ്പ് ഇത് എങ്ങനെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ലഭിക്കുന്നുവെന്ന് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇന്ന് സിലബസാണ് ചോർന്നതെങ്കിൽ നാളെ ചോദ്യപ്പേപ്പർ ആയിരിക്കുമെന്നും ഉദ്യോഗാർഥികൾ ആശങ്കപ്പെടുന്നു.
പി.എസ്.സി സിലബസിന് ഇന്നലെ തന്നെ ഔദ്യോഗികമായി അംഗീകാരം നൽകിയതാണെന്നും സംഭവത്തിൽ അസ്വാഭാവികയില്ലെന്നുമാണ് പി.എസ്.സിയുടെ വിശദീകരണം. പക്ഷേ വകുപ്പ് തലത്തിൽ മാത്രം കൈമാറിയ സിലബസ് എങ്ങനെ പുറത്തുപോയി എന്നതിൽ വ്യക്തമായ മറുപടി പി.എസ്.സിക്ക് നൽകാനാകുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ