- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പുറത്താക്കിയതുകൊണ്ട് തുറന്നു പറച്ചിലുകൾക്ക് തടയിടാമെന്ന് ആരും കരുതേണ്ടതില്ല; പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്ന ചിലയാളുകൾക്ക് എതിരായിട്ടാണ് പ്രതികരിച്ചത്'; വേണുഗോപാലിനെ വീണ്ടും വെല്ലുവിളിച്ച് പി.എസ്.പ്രശാന്ത്
തിരുവനന്തപുരം: തന്നെ പുറത്താക്കിയതുകൊണ്ട് കോൺഗ്രസിലെ തുറന്നു പറച്ചിലുകൾക്ക് തടയിടാമെന്ന് ആരും കരുതേണ്ടതില്ലെന്ന് കെപിസിസി സെക്രട്ടറി ആയിരുന്ന പി.എസ്.പ്രശാന്ത്. ഇതൊരു തുടക്കമാണെന്നും പിഎസ് പ്രശാന്ത് ടെലിവിഷൻ ചാനലിനോട് പ്രതികരിച്ചു. പരസ്യ പ്രസ്താവനയിൽ പശ്ചാത്താപവും കുറ്റബോധവുമില്ല. കോൺഗ്രസിൽ നിന്നുകൊണ്ടുതന്നെ കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്ന
ചിലയാളുകൾക്ക് എതിരായിട്ടാണ് ഞാൻ പരസ്യമായി പ്രതികരിച്ചതെന്നും കെ.സി.വേണുഗോപാലിനെ ഉന്നം വച്ച് പ്രശാന്ത് പറഞ്ഞു.
പിഎസ് പ്രശാന്തിന്റെ വാക്കുകൾ
ഇന്ത്യയിൽ കോൺഗ്രസ് തിരിച്ചുവരണമെന്നും മതേതരത്വം നിലനിൽക്കണമെന്നും ബിജെപി ഇതര കക്ഷികൾ ഉയർന്നുവരണമെന്നും ആഗ്രഹിക്കുന്നയാളാണ്. കോൺഗ്രസിൽ നിന്നുകൊണ്ടുതന്നെ കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്ന ചിലയാളുകൾക്ക് എതിരായിട്ടാണ് ഞാൻ പരസ്യമായി പ്രതികരിച്ചത്. അതിൽ ദുഃഖമില്ല. പുറത്താക്കലിനെ ഞാൻ സ്വാഗതം ചെയ്യുന്നു. പക്ഷേ എന്നെ പുറത്താക്കിയതുകൊണ്ട് ഇത്തരം തുറന്നു പറച്ചിലുകൾക്ക് തടയിടാമെന്ന് ആരും കരുതേണ്ടതില്ല. ഇതൊരു തുടക്കമാണെന്ന് ഞാൻ കരുതുന്നു. ഞാൻ നടത്തിയ പരസ്യ പ്രസ്താവനയിൽ പശ്ചാത്താപവും കുറ്റബോധവുമില്ല.
കെസി വേണുഗോപാലിന് വിവിധ സംസ്ഥാനങ്ങളിൽ ഉണ്ടായിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനുള്ള സംഘടനാ വൈഭവം ഉണ്ടോ? ഈയൊരു നേതൃത്വവുമായി മുന്നോട്ടുപോയാൽ എങ്ങനെയാണ്. അഭിപ്രായങ്ങൾ പറയുന്നവരെ പുറത്താക്കിയാൽ എങ്ങനെയാണ് ശരിയാവുക. പറയുന്ന കാര്യങ്ങൾ ഗൗരവമായി കാണുന്നതിന് പകരം പുറത്താക്കുന്ന നയമാണ് ഇവിടെ സ്വീകരിക്കുന്നത്.
എന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ഉത്കണ്ഠയില്ല. മതേതരത്വം ഉയർത്തിപ്പിടിപ്പിച്ച് ഞാനിവിടെ തന്നെയുണ്ടാകും. മേഖലാ അന്വേഷണ സമിതിയെന്നത് സിബിഐ അന്വേഷണമല്ല. ഈ അന്വേഷണത്തിൽ ആരെയും വെള്ളപൂശാനൊക്കെ പറ്റു. നാളെ രാവിലെ വാർത്താ സമ്മേളനത്തിൽ കൂടുതൽ വിവരങ്ങൾ കൈമാറും.
കോൺഗ്രസ് ഹൈക്കമാന്റിനെ വെല്ലുവിളിച്ചു, ആരോപണങ്ങൾ ഉന്നയിച്ചു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് പ്രശാന്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ഗുരുതരമായ അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, തെറ്റു തിരുത്താൻ തയാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. പാർട്ടിയെയും പാർട്ടി നേതാക്കളെയും അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നു സുധാകരൻ അറിയിച്ചു.
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന് എതിരെയാണ് പി എസ് പ്രശാന്ത് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. കെസി വേണുഗോപാൽ ബിജെപി ഏജന്റ് ആണ് എന്നാണ് പി എസ് പ്രശാന്തിന്റെ പ്രധാന ആരോപണം. കെസി വേണുഗോപാലിന്റെ എഐസിസിയിലെ നിയമനം പുനഃപരിശോധിക്കണം. കോൺഗ്രസിൽ നിന്ന് ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുകയാണ് അദ്ദേഹം. ജനിച്ചുവളർന്ന പ്രദേശത്ത് രാഷ്ട്രീയ സ്വാധീനമില്ലാത്ത വ്യക്തിയാണ് അദ്ദേഹം. എന്നാൽ തനിക്ക് രാഷ്ട്രീയ അഭയം നൽകിയ ജില്ലയിൽ പാർട്ടിയുടെ നാശത്തിന് അദ്ദേഹത്തിന്റെ ഇടപെടൽ കാരണമായി എന്നും പിഎസ് പ്രശാന്ത് പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ