തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെ വാക്കുകൾ സംഘപരിവാറുകാർക്കു വേദവാക്യമല്ലെന്നു ബിജെപി നേതാവ് പി എസ് ശ്രീധരൻ പിള്ള. ദേശീയഗാനത്തെക്കുറിച്ചുള്ള ശശികലയുടെ അഭിപ്രായത്തിനെക്കുറിച്ചു ചാനൽ ചർച്ചയിൽ പ്രതികരിക്കുകയായിരുന്നു ശ്രീധരൻ പിള്ള.

റിപ്പോർട്ടർ ചാനലിലെ ചർച്ചയ്ക്കിടെയായിരുന്നു ശ്രീധരൻ പിള്ളയുടെ ഈ അഭിപ്രായ പ്രകടനം. കെ പി ശശികല അവരുടെ അഭിപ്രായം പറഞ്ഞു. അതാർക്കും പറയാം. അനുകൂലവും പ്രതികൂലവും പറയാം. എന്നാൽ അതൊക്കെ വേദവാക്യമായി അംഗീകരിക്കുന്നവരല്ല സംഘപരിവാറുകാർ- ശ്രീധരൻ പിള്ള പറഞ്ഞു.

ജനഗണമനയെ ഞങ്ങൾ അംഗീകരിക്കുന്നില്ല എന്നായിരുന്നു ശശികല അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഇത് ബ്രിട്ടീഷ് രാജാവ് വന്നപ്പോൾ എഴുതിയതാണ്. ബ്രിട്ടീഷ് രാജാവിനുള്ള സ്തുതി ഗീതമാണിത്. അതാണ് ഇപ്പോഴുമിവിടെ പാടിക്കൊണ്ടിരിക്കുന്നത് എന്നായിരുന്നു ശശികലയുടെ പരാമർശം. ഇക്കാര്യം ചർച്ചയ്ക്കിടെ ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പി എസ് ശ്രീധരൻപിള്ളയുടെ പ്രതികരണം.