കോഴിക്കോട്: പാവപ്പെട്ട രോഗികൾക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സമഗ്ര ആരോഗ്യ പരിരക്ഷ പദ്ധതിയായ മോദികെയറിനോട് കേരളം മുഖം തിരിക്കുന്നത് തീർത്തും രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള കോഴിക്കോട് പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിയിൽ പങ്കെടുക്കാത്ത അഞ്ച് സംസ്ഥാനങ്ങളാണുള്ളത്. തെലുങ്കാനക്കും ഒഡീഷക്കും മാറിനിൽക്കുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. അവർക്ക് ഈ പദ്ധതിക്ക് സമാനമായ സംസ്ഥാന സർക്കാറുകൾ നടപ്പിലാക്കുന്ന പദ്ധതികളുണ്ട്. ഡൽഹിയിലും പഞ്ചാബിലും ഈ പദ്ധതി പ്രകാരം ആനുകൂല്യത്തിന് അർഹരായ ആളുകൾ കുറവാണ് എന്നുള്ളതാണ് കാരണം. എന്നാൽ കേരളം ഇതുവരെ ഒരു കാരണവും പറഞ്ഞിട്ടില്ല. എല്ലാവർക്കും മുഖ്യമന്ത്രിയെ പോലെ അമേരിക്കയിൽപോയി ചികിത്സ നടത്താനുള്ള കഴിവുള്ളവരല്ല മലയാളികൾ.

അങ്ങനെ പറ്റുന്നവർ അത് ചെയ്തോട്ടെ. അല്ലാത്തവരെ കേന്ദ്രീകരിച്ചാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ഈ പദ്ധതി ജനങ്ങളിലേക്കെത്തിയാൽ അത് മോദിക്കും ബിജെപിക്കും രാഷ്ട്രീയമായി ഗുണംചെയ്യുമെന്ന അന്ധമായ രാഷ്ട്രീയ വിരോധം കൊണ്ടാണ് കേരളം ഇതിൽ നിന്നും പിന്മാറിയത്. ഇത്തരത്തിലുള്ള എല്ലാ പദ്ധതികളും കേരളത്തിൽ അട്ടിമറിക്കുകയാണ്. മുദ്രാലോൺ, പിഎംഎവൈ പദ്ധതികളോടെല്ലാം കേരളം ഇത്തരത്തിൽ മുഖം തിരിക്കുന്ന നിലപാടാണ് കൈകൊള്ളുന്നത്.

ഇതു സംബന്ധിച്ച് 26, 27 തിയ്യതികളിൽ കൊച്ചിയിൽ വെച്ച് നടക്കുന്ന ബിജെപിയുടെ സംസ്ഥാന കൗൺസിൽ നിലപാടെടുക്കും. സർക്കാർ ഈ നിലപാടിൽ ഉറച്ച് നിൽക്കുകയാണെങ്കിൽ ഭാവി സമരപരിപാടികൾക്ക് ഈ കൗൺസിലിൽ രൂപം നൽകും. 27ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് പങ്കെടുക്കും. ഹിന്ദുത്വം ബിജെപിയുടെ അടിസ്ഥാന പ്രമാണമാണ്. അതിൽ വെള്ളം ചേർക്കാൻ ഉദ്ദേശിക്കുന്നില്ല. ഹിന്ദുത്വത്തിൽ നിന്ന്കൊണ്ട് തന്നെ ന്യൂനപക്ഷ സംരക്ഷണത്തിന് ബിജെപി നേതൃത്വം നൽകും. കഴിഞ്ഞ ദിവസം ചില വൈദികർ ബിജെപിയിൽ ചേർന്നതിനെ വലിയ രീതിയിൽ തെറ്റിദ്ധാരണകളുണ്ടാക്കിയാണ് ചിലർ പ്രചരിപ്പിച്ചത്.

ബിജെപിയിലേക്ക് ഇനിയും വൈദികരടക്കമുള്ളവർ വരും. അതിലാരും അസൂയപൂണ്ടിട്ട് കാര്യമില്ല. അത് തുടർന്ന് കൊണ്ടിരിക്കും. കുപ്രചരണങ്ങൾ നടത്തി ബിജെപിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് കോൺഗ്രസും സിപിഎമ്മും നടത്തുന്നത്. അത് വിലപോവില്ല. സത്യം എല്ലാകാലത്തും മൂടിവെക്കാനാകില്ല. ബിജെപി അധികാരത്തിൽ വെന്നാൽ ക്രിസ്ത്യാനികളെ ഇല്ലാതാക്കുമെന്നുള്ള പ്രചരണങ്ങളാണ് നടക്കുന്നത്. നാഗാലാന്റിൽ ബിജെപിയുടെ എല്ലാ എംഎൽഎമാരും ക്രിസ്്ത്യൻ വിശ്വാസികളാണ്. അവർ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ വന്ന് പ്രചരണം നടത്തും. ഇതോടെ ബിജെപി ന്യൂനപക്ഷവേട്ടക്കാരാണെന്നുള്ള കുപ്രചരണങ്ങൾ പൊളിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഡ്വ പിഎസ് ശ്രീധരൻപിള്ള കോഴിക്കോട് പ്രസ് ക്ലബിൽ പറഞ്ഞു.