തിരുവനന്തപുരം: സർക്കാരിന് ഇനിയെങ്കിലും വെളിപാടുണ്ടാകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. അടിച്ചമർത്താൻ ശ്രമിച്ചവർക്കുള്ള മറുപടിയാണ് വിധിയെന്ന് ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു. ശബരിമല കലാപ ഭൂമിയാക്കിയ മുഖ്യമന്ത്രിയും സി പി എം നേതാക്കളും മാപ്പ് പറയണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. വിധി വിശ്വാസികളുടെ വിജയമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

സമരത്തിന്റെ ഭാവിയെക്കുറിച്ച് എൻഡിഎ ആലോചിച്ച് തീരുമാനിക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ജനഹിതം എന്താണെന്ന് സുപ്രീം കോടതിയെ അറിയിച്ചില്ല. ഇരുകൂട്ടരും വലിയ ചതിയാണ് വിശ്വാസികളോട് ചെയ്തതെന്ന് ശ്രീധരൻപിള്ള. ബിജെപി സുപ്രീം കോടതിയുടെ അധീശ്വത്തത്തെ ചോദ്യം ചെയ്യില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സ്റ്റേ നൽകാതെ സുപ്രീംകോടതി. സെപ്റ്റംബർ 28ലെ വിധി നിലനിൽക്കും. അതേസമയം, വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച റിട്ട്, റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. 2019 ജനുവരി 22നാകും ഹർജികൾ പരിഗണിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് തീരുമാനമെടുത്തത്. ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന് കഴിഞ്ഞ സെപ്റ്റംബർ 28നാണ് ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷവിധിയിൽ വ്യക്തമാക്കിയത്.