തിരുവനന്തപുരം: ആരോഗ്യ സർവകലാശാലാ വി സി.ക്ക് പിന്നാലെ പ്രൊ വൈസ് ചാനസലർ നിയമനത്തിലും ഗവർണ്ണറുടെ ഇടപെടൽ. സർക്കാർ നാമനിർദ്ദേശം ചെയ്തയാളെ ഗവർണർ പി സദാശിവം തള്ളി. വൈസ് ചാൻസലർ വഴി ലഭിച്ച അപേക്ഷകളിലെ രാഷ്ട്രീയം ഉപേക്ഷിച്ച് മെരിറ്റ് മാത്രം നോക്കിയായിരുന്നു കഴിഞ്ഞദിവസം ഡോ. എ.നളിനാക്ഷനെ പി.വി സി.യായി ഗവർണർ പി.സദാശിവം നിയമിച്ചത്. ഇതിനോട് സർക്കാരിന് കടുത്ത അതൃപ്തിയാണുള്ളത്. വൈസ് ചാൻസലർ ഡോ. എം.കെ.സി.നായരാണ് പുതിയ പിവിസിയായി പി നളിനാഷൻ നായരെ നിയമിക്കണമെന്ന് ഗവർണ്ണറോട് ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കുകയും ചെയ്തു.

എന്നാൽ ഇതൊന്നും സർക്കാരുമായി ഗവർണ്ണർ ചർച്ച ചെയ്തില്ല. 2011ലെ ആരോഗ്യ സർവകലാശാലാ സ്റ്റാറ്റിയൂട്ട് അനുസരിച്ച് വൈസ് ചാൻസലറുമായി കൂടിയാലോചിച്ച് ചാൻസലർ കൂടിയായ ഗവർണർക്ക് പ്രൊ വൈസ് ചാൻസലറെ നിയമിക്കാം. ഇതിന് സർക്കാരിന്റെ നിർദ്ദേശം പരിഗണിക്കേണ്ടതില്ല. തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് മുൻ പ്രിൻസിപ്പലും ആരോഗ്യ സർവകലാശാലയിൽ അക്കാദമിക് കൗൺസിൽ, ബോർഡ് ഓഫ് സ്റ്റഡീസ് എന്നിവയിൽ അംഗവുമായിരുന്ന ഡോ. നളിനാക്ഷൻ വെള്ളിയാഴ്ച പി.വി സി.യായി ചുമതലയേറ്റു. നേരത്തെ കേരള സർവകലാശാലയിൽ ആയുർവേദ ഫാക്കൽറ്റി ഡീനും ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനുമായിരുന്നു. ദീർഘകാലം പൂജപ്പുര ഗവ. ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ അംഗവുമായിരുന്നിട്ടുണ്ട് അദ്ദേഹം.

രാജ്ഭവനിൽ നിന്ന് കഴിഞ്ഞദിവസം നിയമന ഉത്തരവ് പുറത്തിറങ്ങിയപ്പോഴാണ് സർക്കാരിന്റെ നിർദ്ദേശം പരിഗണിക്കപ്പെട്ടില്ലെന്ന് മുഖ്യമന്ത്രിയും ആരോഗ്യവകുപ്പ് മന്ത്രിയും അറിയുന്നത്. നിയമനത്തിന് ഗവർണ്ണർക്ക് പൂർണ്ണ അധികാരമുള്ളതിനാൽ സർക്കാരിന് പ്രതിഷേധം ഉയർത്താൻ മാത്രമേ കഴിയൂ. ഔദ്യോഗികമാതിയ തന്നെ ഇത് ഗവർണ്ണറെ അറിയിക്കുമെന്നാണ് സൂചന. തൃശൂരിലെ സ്വകാര്യ ആയുർവേദ മെഡിക്കൽ കോളേജിലെ റീഡറെയാണ് സർക്കാർ പി.വി സി. സ്ഥാനത്തേക്ക് നിർദ്ദേശിച്ചിരുന്നത്. ഇദ്ദേഹത്തെക്കാൾ അക്കാദമിക് പരിചയം ഉള്ളവരായിരുന്നു മറ്റ് അപേക്ഷകർ. തിരുവനന്തപുരം ആയുർവേദ കോളേജ് മുൻ പ്രിൻസിപ്പലും പി.വി സി. സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ലഭിച്ച അപേക്ഷകളിൽ നിന്ന് ഡോ.നളിനാക്ഷന്റെതടക്കം മൂന്നുപേരുടെ പട്ടികയാണ് വൈസ് ചാൻസലർ ഗവർണർക്ക് സമർപ്പിച്ചിരുന്നത്. ഇതുകൂടാതെ സർക്കാർ നോമിനിയുടെ പേരും ഗവർണർക്ക് നൽകിയിരുന്നു.

വി സി.യുടെ ശുപാർശകൂടി പരിഗണിച്ചാണ് ഇപ്പോഴത്തെ നിയമനം. കഴിഞ്ഞ ഒക്ടോബറിൽ ആരോഗ്യ സർവകലാശാലയിലെ വി സി. നിയമനത്തിലും സർക്കാർ നിർദ്ദേശിച്ചയാളെ ഗവർണർ തള്ളിയത് വിവാദമായിരുന്നു. ഇതുസംബന്ധിച്ച് സർക്കാർ ഗവർണർക്ക് സമർപ്പിച്ച പട്ടികയിൽ അസന്തുഷ്ടി പ്രകടിപ്പിച്ച ഗവർണർ ആരോഗ്യസെക്രട്ടറിയെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്റായിരുന്ന ഡോ. പി.സി.കേശവൻകുട്ടി നായർ അടക്കമുള്ള നാലുപേരുടെ പേരുകളായിരുന്നു സർക്കാർ വി സി. സ്ഥാനത്തേക്ക് നിർദ്ദേശിച്ചിരുന്നത്. മെഡിക്കൽ കൗൺസിൽ അംഗം ഡോ. റാണി നായർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗം മേധാവിയും മുഖ്യമന്ത്രിയടക്കമുള്ള കോൺഗ്രസ് നേതാക്കളുമായി ഏറെ അടുപ്പമുള്ളയാളുമായിരുന്ന ഡോ. ഡാളസ് എന്നിവരായിരുന്നു പട്ടികയിലുണ്ടായിരുന്നത്.

ഇവയെല്ലാം തള്ളിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ്‌ െഡവലപ്‌മെന്റ് സെന്റർ ഡയറക്ടറും അക്കാദമിക് വിദഗ്ദ്ധനുമായ ഡോ. എം.കെ.സി.നായരെ വൈസ് ചാൻസലറായി ഗവർണർ നിയമിച്ചത്. നേരത്തെ കുസാറ്റ് വിസി അടക്കമുള്ള നിയമനങ്ങളിലും സർക്കാർ ശുപാർ ഗവർണ്ണർ അംഗീകരിച്ചിരുന്നില്ല.