കോഴിക്കോട്: പി ശശി എന്ന നേതാവ് ഒരു കാലത്ത് കേരള രാഷ്ട്രീയത്തിലെ അതിശക്തന്മാരുടെ പട്ടികയിൽ ഇടംപിടിച്ച വ്യക്തിത്വമാണ്. ഇ കെ നായനാർ എന്ന ജനകീയ മുഖ്യമന്ത്രിയുടെ  പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന ശക്തനായ വ്യക്തി. കണ്ണൂർ രാഷ്ട്രീയത്തിൽ ഒരു കാലത്ത് മുടിചൂടാ മന്നനായി വിലസിയ വ്യക്തിത്വം. പിന്നീട് സ്ത്രീപീഡന കേസിൽ പെട്ട് പാർട്ടി സെക്രട്ടറി സ്ഥാനവും പാർട്ടി പദവികളും നഷ്ടമായ അദ്ദേഹത്തിന് ഇപ്പോഴും സിപിഎമ്മിലെ മുതിർന്ന നേതാക്കളുമായി ബന്ധമുണ്ട്. അടുത്തിടെ അദ്ദേഹത്തെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുകയുമുണ്ടായി. അധികം വൈകാതെ പി ശശി പാർട്ടിയിലെ കരുത്തനായി മാറുമെന്നും അദ്ദേഹം കണ്ണൂർ ജില്ലാ സെക്രട്ടറിയായേക്കുമെന്നുമുള്ള വാർത്തകൾ പുറത്തുവരുകയുണ്ടായി. ഇതിനിടെയാണ് പി ശശിയുടെ സഹോദരൻ പി സതീശനെതിരെ സാമ്പത്തിക തട്ടിപ്പു ആരോപണം ഉയരുന്നതും ഇത് മാധ്യമങ്ങളിൽ വാർത്തയാകുന്നതും. പിന്നാലെ ഇന്ന് പൊലീസ് നേതാവിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് പി സതീശനെ പൊലീസ് അറസ്റ്റു ചെയ്തത്. എന്നാൽ, മറുനാടൻ നടത്തിയ അന്വേഷണത്തിൽ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിവാദം ഈ അറസ്റ്റിന് പിന്നിൽ ഇല്ലെന്നാണ് വ്യക്തമാകുന്നത്. വർഷങ്ങൾക്ക് മുമ്പ് തന്നെ സഹോദരൻ പി ശശിയുമായുള്ള ബന്ധം അവസാനിപ്പിച്ച വ്യക്തിയാണ് സതീശൻ. എന്നാൽ, തട്ടിപ്പുകൾ നടത്താൻ വേണ്ടി സഹോദരന്റെ പേര് ശരിക്കും ഉപയോഗിക്കുകയുമായിരുന്നു.

പി ശശി കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലേക്ക് മത്സരിക്കുന്ന വേളയിൽ തന്നെ സഹോദരൻ പി സതീശനെതിരെ തട്ടിപ്പ് ആരോപണങ്ങൾ ഉയർന്നിരുന്നു. അന്ന് ഗൾഫിലേക്ക് ആളെ റിക്രൂട്ട് ചെയ്യാനെന്ന പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തുകയായിരുന്നു. ഇതിൽ പാർട്ടി സഖാക്കൾ അടക്കം നിരവധി പേർ വീഴുകയും ചെയ്തു. അന്ന് മുതൽ പി ശശി സഹോദരനെ പുറംതള്ളിയിരുന്നു. മൊറാഴയിലെ കുടുംബത്തിലും സതീശൻ പുകഞ്ഞ കൊള്ളിയാണ്. എന്തിലും തല തരികിട പരിപാടികളുമായി സജീവമായി വിലസുകയായിരുന്നു ഇയാൾ.

സ്ഥലം വിൽപ്പനയുടെ ബ്രോക്കർ എന്ന നിലയിലും റിക്രൂട്ട്‌മെന്റ് ഏജന്റ് എന്ന നിലയിലും പ്രവർത്തിച്ച് ഇയാൾ നടത്തുന്ന തട്ടിപ്പുകൾ പി ശശിയുടെയും പാർട്ടിയുടെയും മുമ്പിൽ പലതവണ എത്തുകയുണ്ടായി. ശല്യം സഹിക്കാൻ സാധിക്കാത്ത അവസ്ഥ വന്നതോടെ പലരും പൊലീസിൽ പരാതി നൽകി. തട്ടിപ്പിന് ഇരയായവർ ശശിയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ തന്റെ അറിവോടെയല്ല ഇതൊന്നും നടക്കുന്നതെന്നും തന്റെ അനിയനാണെന്ന യാതൊരു പരിഗണനയും വേണ്ടെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സംഭവം കണ്ണൂരിലെ പാർട്ടിയുടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും ശ്രദ്ധയിൽ പെട്ടിരുന്നു. ഇതോടെയാണ് ശക്തമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയത്.

തന്റെ പേരു പറയുന്ന അവതാരങ്ങളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പു നൽകിയ മുഖ്യമന്ത്രി ഈ വിഷയത്തിലും ശക്തമായ നിലപാട് സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതു കൊണ്ടു കൂടിയാണ് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തതും. സതീശന്റെ സാമ്പത്തിക തട്ടിപ്പുകൾ ഏറ്റവും അധികം തലവേദന ഉണ്ടാക്കിയത് പി ശശിക്കും കുടുംബത്തിനുമായിരുന്നു. എന്നാൽ സഹോദരനെ ഒരു തലത്തിലും സഹായിക്കാൻ മുൻ സിപിഎം നേതാവ് തയ്യാറായില്ലെന്നാണ് പുറത്തുവരുന്ന വിവരം.

മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് സതീശനെതിരായ ആരോപണം. കോഴിക്കോട് കസബ പൊലീസ് വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിനെ തുടർന്നാണ് അറസ്റ്റ്. ആശ്രിത നിയമനത്തിന്റെ പേരിൽ പണം തട്ടിയെന്നാണ് പരാതി. പി.സതീശനെതിരെ നേരത്തെതന്നെ പല പരാതികളും പൊലീസിന് ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുൾപ്പടെയുള്ളവരുടെ പേര് പറഞ്ഞ് പലരിൽ നിന്നും പണം തട്ടിയെന്നാണ് പരാതിയുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് ഇങ്ങനെ പലരിൽ നിന്നും പണം വാങ്ങിയിട്ടുണ്ട്. മന്ത്രിമാരും മറ്റ് നേതാക്കളും തങ്ങൾക്ക് പി.സതീശനുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിരുന്നു. പി.ശശിയും സഹോദരനുമായി കാലങ്ങളായി ബന്ധമില്ലെന്നും വ്യക്തമാക്കിയിരുന്നു.

ഇതേത്തുടർന്നാണ് പരാതിക്കാർ നേരിട്ട് പൊലീസിനെ സമീപിച്ചത്. ആശ്രിത നിയമനത്തിന്റെ പേരിൽ കോഴിക്കോട് ഫറൂഖ് സ്വദേശിനിയായ വീട്ടമ്മയിൽ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ശശിക്കെതിരേയുള്ള പരാതി. ആരോപണം ഉന്നയിച്ച സ്ത്രീയുടെ ഭർത്താവ് തദ്ദേശസ്വയംഭരണ വകുപ്പിൽ ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം തനിക്ക് ജോലി ശരിയാക്കാം എന്ന് വാഗ്ദാനം ചെയ്താണ് സതീശൻ പണം വാങ്ങിയതെന്നും യുവതി പരാതിപ്പെട്ടിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പേര് പറഞ്ഞാണ് സതീശൻ തന്റെ കൈയിൽ നിന്നും പണം വാങ്ങിച്ചെടുത്തത്. ആദ്യ ഘട്ടത്തിൽ 40,000 രൂപയാണ് നൽകിയത്. പിന്നീട് പലപ്പോഴായി രണ്ടര ലക്ഷം രൂപ കൈമാറി. പണം നൽകിയതിന്റെ ബാങ്ക് രേഖകൾ തന്റെ കൈവശമുണ്ടെന്നും ജോലി ലഭിക്കുമെന്ന് പറഞ്ഞ് ഇയാൾ പറ്റിക്കുകയായിരുന്നുവെന്നും യുവതി പരാതിപ്പെട്ടു.

പണം വാങ്ങുന്നതിനായി ഉദ്യോഗാർത്ഥികളെ സമീപിക്കുന്ന സമയത്ത് പി.സതീശന്റെ പക്കൽ രണ്ട് ഫോണുകൾ ഉണ്ടായിരിക്കുമെന്ന് കസബ സ്റ്റേഷനിൽ പരാതി നൽകാനെത്തിയ സ്ത്രീ മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഒരു ഫോണിലേക്ക് ഈ സമയം കോളു വരും. അല്ലെങ്കിൽ ആരെയെങ്കിലും വിളിക്കുന്നതായി ഭാവിക്കും. ഫോൺ എടുക്കുന്ന സതീശൻ മറുഭാഗത്ത് സിപിഎം ജില്ലാ നേതാക്കൾ ആണെന്ന ഭാവേനയാണ് സംസാരിക്കുന്നത്. തന്നെ സമീപിച്ചപ്പോൾ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെയാണ് വിളിച്ചതെന്ന് പരാതിക്കാരി പറയുന്നു. ''ഹലോ മോഹനന്മാഷല്ലേ... ഇത് ഞാനാണ്... വിജയേട്ടൻ (മുഖ്യമന്ത്രി) ഇപ്പോ എവിടെയാ... പാലത്തിന്റെ ഉദ്ഘാടനത്തിന് വരുമോ? ഫോണൊന്ന് വിജയേട്ടന് കൊടുത്തേ... ഇങ്ങനെയാണ് ഫോൺവിളി പോകുന്നത്. ഇത് കേൾക്കുന്ന ആരും മുഖ്യമന്ത്രിയും സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിച്ച് പണം നൽകുകയാണ്.

പി.ശശിയുടെ പേരിലും അയാൾ ഇടപാടുകാരെ വഞ്ചിച്ചിരുന്നു. കണ്ണൂർ വിമാനത്താവളത്തിന്റെ പേരിലും നിരവധി പേരിൽ നിന്ന് പണം വാങ്ങിയതായി ആക്ഷേപമുണ്ട്. ഏഴ് പോസ്റ്റുകളിൽ സിപിഎം ആണ് നിയമനം നടത്തുന്നതെന്ന് പറഞ്ഞ് ഉദ്യോഗാർത്ഥികളിൽ നിന്ന് 10,000 രൂപ വീതമാണ് വാങ്ങിയതെന്ന് പണം നഷ്ടപ്പെട്ട ഒരാൾ പ്രതികരിച്ചു. പി.സതീശനെതിരെ വഞ്ചനാകുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതി നൽകിയ സ്ത്രീയിൽ നിന്നും പരാതി സ്വീകരിക്കാൻ പോലും തയ്യാറാകാതെ എസ്ഐ സ്റ്റേഷനു പുറത്തേക്ക് പോയത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് സിഐ എത്തി പരാതി സ്വീകരിച്ചത്.

എൻജിനീയറിങ്ങ് കഴിഞ്ഞുനിൽക്കുന്ന വിദ്യാർത്ഥികൾക്ക് ജോലി വാങ്ങിത്തരാം എന്ന് പറഞ്ഞ് നിരവധി പേരിൽ നിന്നും ഇയാൾ പണം തട്ടിയെന്നും ആരോപണമുണ്ട്. ഇതിനിടെ കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്തും സതീശൻ തട്ടിപ്പ് നടത്തിയതായി പരാതിഉയർന്നു. പതിനായിരം രൂപ വീതം അപേക്ഷകരിൽ നിന്ന് വാങ്ങിയതായി പരാതിക്കാർ ആരോപിച്ചു. ഇയാളുടെ രാഷ്ട്രീയബന്ധത്തിന്റെ പേരിൽ പരാതികൾ ഒതുക്കിത്തീർക്കുകയാണെന്ന ആരോപണം തുടക്കത്തിലുണടായിരുന്നു. എന്നാൽ സഹോദരനുമായി 20 വർഷമായി ബന്ധമൊന്നുമില്ലെന്ന് പി.സതീശൻ പറയുന്നതും.